ADVERTISEMENT

തിരുവനന്തപുരം ∙ തീരുമാനമെടുക്കാനുള്ള കഴിവ്, അതിൽ ഉറച്ചു നിൽക്കാനുള്ള ചങ്കുറ്റം. അതായിരുന്നു ഭരണാധികാരി എന്ന നിലയിൽ കെ.എം. മാണിയുടെ പ്രത്യേകത. 

കുടിയേറ്റ കർഷകരുടെ പട്ടയം മുതൽ പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ കാരുണ്യ ചികിൽസാ പദ്ധതി വരെ അരനൂറ്റാണ്ടിലെ ഭരണ നേട്ടങ്ങളിൽ ചേർത്തുവയ്ക്കാൻ കെ.എം. മാണിയുടെ പേരിൽ ഒട്ടേറെ കാര്യങ്ങളുണ്ട്. റബറിന്റെ താങ്ങുവിലയുടെ കാര്യത്തിലായാലും മലയോര കർഷകരുടെ പട്ടയത്തിന്റെ കാര്യത്തിലായാലും മാണിയുടെ ബജറ്റുകളെല്ലാം കർഷക ക്ഷേമത്തിൽ ഊന്നിയുള്ളവയായിരുന്നു. 1980 ൽ മിച്ച ബജറ്റ് അവതരിപ്പിച്ചും മാണി ചരിത്രം സൃഷ്ടിച്ചു.

കുടിയേറ്റ കർഷകർക്ക് പട്ടയം കെ.എം. മാണിയുടെ ദീർഘകാല ശ്രമത്തിന്റെ പരിസമാപ്തിയാണ്. 1992 മാർച്ചിൽ അത് യാഥാർഥ്യമാക്കി. ഏപ്രി‍ൽ രണ്ടിനു കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്തുണ്ടെങ്കിൽ അന്നു മലയോര കർഷകർക്കു പട്ടം നൽകിയിരിക്കും എന്ന മാണിയുടെ മാർച്ചിലെ നിയമസഭയിലെ പ്രഖ്യാപനം കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒടുവിൽ, പറഞ്ഞതിനു 12 ദിവസം മുൻപ് മാർച്ച് 20 നു കാൽലക്ഷം ഹെക്ടർ ഭൂമിയിലെയും അർഹരായ കർഷകർക്കു മാണി പട്ടയ വിതരണം നടത്തി എല്ലാവരെയും ഞെട്ടിച്ചു. 1991 ലെ കരുണാകരൻ സർക്കാർ അധികാരത്തിൽ വന്നശേഷം മുഖ്യമന്ത്രിയും റവന്യു മന്ത്രി മാണിയും ഒരു ഡസൻ തവണയെങ്കിലം പട്ടയത്തിനു വേണ്ടി ഡൽഹിക്കു പറന്നിരുന്നു. കുരുക്കുകൾ‌ ഒന്നൊന്നായി അഴിച്ചു.

നേരത്തെ പട്ടയം നൽകുന്നതിനു കേന്ദ്ര, വനം, പരിസ്ഥിതി വകുപ്പ് തുടരെ തടസവാദങ്ങൾ‌ ഉന്നയിച്ചപ്പോൾ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട്  മാണി പറഞ്ഞു. ‘‘ഇടുക്കി ജില്ലയിലെ ഭൂമിക്കു പട്ടയം നൽകുന്നതിനു കേന്ദ്ര അനുമതി ആവശ്യമില്ല. ആറ്റിലെ മണൽ വാരിക്കോട്ടെ എന്നു ചോദിച്ച് ആരെങ്കിലും തഹസിൽദാരുടെ മുന്നിൽ ചെന്നാൽ അനുമതി കിട്ടുമോ. അത്യാവശ്യക്കാരൻ മണൽ വാരുകതന്നെ ചെയ്യും. ഇടുക്കിയിലെ കുടിയേറ്റ ഭൂമിയിൽ ഭൂരിഭാഗവും വനനിയമം നിലവിൽ വന്ന 1980 നു മുൻപുതന്നെ കൃഷി ഭൂമിയാണ്.’’

ബജറ്റ് അവതരണം മാണിക്ക് കരതലാമലകം പോലെയായിരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്തി ആരെയും അലോസരപ്പെടുത്താതെ ഖജനാവിൽ പണം കണ്ടെത്താനുള്ള തന്ത്രം മാണിക്കു വശമായിരുന്നു. കൂടെ കർഷകർക്ക് എല്ലാ ബജറ്റിലും ആനുകൂല്യങ്ങളുണ്ടായിരുന്നു. ഓരോ ബജറ്റിനും മുൻപ് നന്നായി ഗൃഹപാഠം ചെയ്തു. പത്താം ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ് പനി പിടിച്ച് ആശുപത്രിയിലായി. പനിക്കിടക്കയിൽ നിന്നു തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് മാറി. അതു ആശുപത്രിയാക്കി. അവിടെ കിടന്നുകൊണ്ടു ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

1980 ലെ ബജറ്റിലാണ് കർഷകത്തൊഴിലാളികൾക്ക് ആദ്യമായി ക്ഷേമപെൻഷൻ അനുവദിച്ചത്. റബറിന് വിലസ്ഥിരതാ ഫണ്ട് ഏർപ്പെടുത്തിയതും അദ്ദേഹമാണ്. റവന്യു മന്ത്രിയായിരിക്കെ റവന്യു അദാലത്തിന് തുടക്കം കുറിച്ചു. ഒടുവിൽ  പ്രതിപക്ഷത്തിന്റെ എല്ലാ പ്രതിരോധവും തകർത്ത് പുഞ്ചിരിച്ചുകൊണ്ട് മാണി നിയമസഭയ്ക്കുള്ളിൽ കയറി  അവസാന ബജറ്റ് അവതരിപ്പിച്ച രംഗം ഒരിക്കലും മറക്കാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com