ADVERTISEMENT

ഉത്തരവാദഭരണ പ്രക്ഷോഭമായിരുന്നു കെ. എം. മാണിയുടെ ആദ്യ രാഷ്ട്രീയക്കളരി. അന്നു സ്കൂൾ വിദ്യാർഥിയാണ്.  രാഷ്ട്രീയം തലയ്ക്കുപിടിച്ചെങ്കിലും പഠനം മുടക്കിയില്ല. കോളജിലെത്തിയപ്പോൾ മൽസരപ്രസംഗങ്ങളിൽ മാണിയുടെ ശബ്ദം മുഴങ്ങി. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി.

ഹൈക്കോടതി ജഡ്ജിയായ പി. ഗോവിന്ദമേനോന്റെ ജൂനിയറായി കോഴിക്കോട് ബാറിൽ പ്രാക്ടിസ് തുടക്കം. കോഴിക്കോട് നഗരസഭാധ്യക്ഷനായിരുന്നു അക്കാലം ഗോവിന്ദമേനോൻ. അന്നത്തെ നഗരസഭാ തിരഞ്ഞെടുപ്പിൽ ഗോവിന്ദമേനോനു വേണ്ടി പ്രസംഗിച്ചു തുടങ്ങിയതോടെ മാണിയുടെ ‘രണ്ടാം രാഷ്ട്രീയ ജീവിത’ത്തിനു തുടക്കമായി. നഗരസഭാ വാർഡിലെ ചെറിയ ആൾക്കൂട്ടങ്ങളിൽ മാണിയുടെ പ്രസംഗങ്ങൾ തകർത്തു.

പിറ്റേ വർഷം പാലായിലേക്കു മടങ്ങി. പാലായിലും കോട്ടയത്തുമായി പ്രാക്ടിസ് തുടരുന്നതിനിടെ പി.ടി. ചാക്കോയുമായി അടുപ്പത്തിലായി. ഈ അടുപ്പം കേരളരാഷ്ട്രീയത്തിൽ മാണിയ്ക്കായൊരു വഴി വെട്ടി. ആദ്യം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. പിന്നാലേ കെപിസിസി അംഗം.

കേരള കോൺഗ്രസിലേക്ക് കോൺഗ്രസ് വഴി

പീച്ചി സംഭവത്തിന്റെ പേരിൽ 1964   ൽ പി.ടി ചാക്കോയ്ക്കു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അധികം വൈകാതെ കോഴിക്കോട്ടു വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. ആ മരണം, കേരളത്തിന്റെയും കെ.എം. മാണിയുടെയും രാഷ്ട്രീയത്തെ വഴി തിരിച്ചു വിട്ടു. ചാക്കോയോട് കോൺഗ്രസ് പാർട്ടി കാണിച്ചത് കൊടിയ അനീതിയാണെന്നു വിശ്വസിച്ച അനുയായികൾ കോൺഗ്രസ് വിട്ടു. കെ.എം ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചു. 1964–ൽ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മന്നത്തു പത്മനാഭനാണ് പുതിയ പാർട്ടിയുടെ തിരിതെളിച്ചതും അതിനു പേരിട്ടതും – കേരള കോൺഗ്രസ്. അന്നത്തെ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി മിക്കവാറും പുതിയ പാർട്ടിയിലെത്തി. അങ്ങനെ കെ.എം മാണി കേരളാ കോ‍ൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായി.

പാലാ മുതൽ പാലാ വരെ

ഒരുമിച്ചു പിറന്നതാണ് പാലാ മണ്ഡലവും കെ. എം മാണിയും. 1965 ലെ തിരഞ്ഞെടുപ്പ്. അന്നുണ്ടായിരുന്ന മീനച്ചിൽ, പുലിയന്നൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ വിളക്കിച്ചേർത്ത് പാലാ മണ്ഡലമുണ്ടായി. കോൺഗ്രസിൽനിന്ന് ഒരു ഭാഗം ഇളക്കിയെടുത്തുണ്ടായ കേരള കോൺഗ്രസിനു വേണ്ടി മാണി സ്ഥാനാർഥി.

പുതുമോടിനിറഞ്ഞ പാലാ, ഉലയാത്ത ഖദർ ജൂബയും മുണ്ടുമായി പുതുമാരനെപ്പോലെ മാണി! കന്നിയങ്കം ജയിച്ചു കയറി. പക്ഷേ നിയമസഭ ചേരാതെ പോയതുകൊണ്ട് സാങ്കേതികമായി മാണി എംഎൽഎയായില്ല. ‘‘കല്യാണ മണ്ഡപത്തിലേക്ക് ചെന്നുകയറുമ്പോൾ കല്യാണം നടക്കില്ല എന്നറിയുന്നതിലുള്ള വിഷമം പറഞ്ഞറിയിക്കാനാവില്ല. തിരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ ‘എംഎൽഎമാർ’ സത്യപ്രതിജ്‌ഞ ചെയ്യാനാവാതെ സംസാരിച്ചിരിക്കുമ്പോൾ ജോസഫ് ചാഴികാടൻ പറയും – ഈ സഭ മാമോദീസ മുങ്ങും മുമ്പേ മരിച്ചുപോയ കുഞ്ഞാണ്’’ – മാണി പിൽക്കാലത്തു പറഞ്ഞു.

രണ്ടു വർഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്. ജയം. പിന്നെ തിരിഞ്ഞുനോട്ടമില്ല. അന്നുതൊട്ട് ഇന്നോളം പാലാ മെമ്പർ കെ.എം മാണി മാത്രം; തുടർച്ചയായി 12 തവണ. 50 വർഷം. അതിനിടെ സ്വന്തമാക്കിയ രാഷ്ട്രീയ റെക്കോ‍ഡുകൾക്കു മുന്നിൽ ക്രിക്കറ്റിലെ സച്ചിൻ ടെൻഡുൽക്കർ പോലും തോറ്റുപോകും! പാലായെക്കുറിച്ച് മാണി ഇങ്ങനെ പറയുമായിരുന്നു, ‘ഇത് ഒരു കൂട്ടുകുടുംബമാണ്. പത്തൻപതു വർഷമായി ഞങ്ങളങ്ങനെ സുഖദുഃഖങ്ങളൊക്കെപ്പങ്കിട്ട്, ഒരുമിച്ചു ചിരിച്ചും കരഞ്ഞും അങ്ങനെ പോകുന്നു....’

പാലായെന്ന ആ കൂട്ടുകുടുംബത്തിലെ മനുഷ്യരെ, കെ. എം. മാണിയെ അടിസ്‌ഥാനമാക്കി മൂന്നായി തരംതിരിക്കാമായിരുന്നു: മാണിയെ കുഞ്ഞുമാണിയെന്നു വാൽസല്യത്തോടെ വിളിക്കുന്നവർ, മാണിസാറെന്ന് ആദരവോടെ വിളിക്കുന്നവർ, ഇതു രണ്ടുമല്ലാത്ത മൂന്നാം തലമുറ. ഇതിൽ ആരെ അടർത്തിയെടുത്താണു കെ. എം. മാണിയെ തറപറ്റിക്കാൻ കഴിയുകയെന്നതായിരുന്നു, എല്ലാ തിരഞ്ഞെടുപ്പിലും എതിരാളികളുടെ അന്വേഷണം. അഞ്ചുപതിറ്റാണ്ടു കഴിഞ്ഞിട്ടും അവർക്ക് അതിനുത്തരം കിട്ടിയില്ല. ഇനി അതിന്റെ ആവശ്യവുമില്ല.

പാലായെ പരിചരിച്ചപോലെ കെ. എം. മാണി മകൻ ജോമോനെപ്പോലും (ജോസ് കെ. മാണി) നോാക്കിയിട്ടുണ്ടാവില്ലെന്നു പാർട്ടിക്കാർ കളിയായി പറയുമായിരുന്നു. മാണിയെപ്പോലെ മണ്ഡലം നോക്കുന്ന ജനപ്രതിനിധികൾ അപൂർവമാണെന്നു സഹപ്രവർത്തകരും സാക്ഷ്യപ്പെടുത്തി. മാണി ധനമന്ത്രിയായാൽ മരങ്ങാട്ടുപള്ളിയിലെ കലുങ്കും പാലായിലെ ഓടയുമൊക്കെ സംസ്‌ഥാന ബജറ്റിൽ സ്‌ഥാനംപിടിക്കുമെന്ന തമാശക്കഥ പ്രചരിച്ചു. ‘എനിക്കു രണ്ടു ഭാര്യമാരുണ്ടെന്നും ഒന്നു കുട്ടിയമ്മയും മറ്റേതു പാലായുമാണെ’ന്നും മാണി തന്നെ പ്രസംഗിച്ചിട്ടുണ്ട്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com