ADVERTISEMENT

വർഷങ്ങൾക്കു മുൻപാണ്. പാലായിൽ ഒരു കൊലക്കേസിൽ പൊലീസിന്റെ തെളിവെടുപ്പ്. കുത്തിയ കത്തി കണ്ടെത്താൻ പൊലീസ് പ്രതിയുമായി എത്തുന്നു. പെട്ടെന്ന് പ്രതിയുടെ അഭിഭാഷകൻ ചാടിവീഴുന്നു; പ്രതിയെയും കയറ്റി വാഹനത്തിൽ പായുന്നു. ഊടുവഴികളിലൂടെ പാഞ്ഞ വക്കീലിന്റെ വാഹനം പൊലീസിനു കണ്ടെത്താൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്കുള്ളിൽ ജില്ലാ കോടതിയിൽ ഹാജരാക്കി പ്രതിക്കു ജാമ്യമെടുത്തു. ആ വക്കീൽ മറ്റാരുമല്ല, അഡ്വ. കെ.എം. മാണി!

കേസിലെ യഥാർഥ പ്രതിയെ കിട്ടാതെ പൊലീസ് ഡമ്മി പ്രതിയെ വച്ചു മുഖം രക്ഷിക്കാൻ നോക്കി. ഡമ്മി പ്രതിയുടെ വക്കീലാകട്ടെ കെ.എം. മാണി. കത്തി തലേദിവസം പൊലീസ് തന്നെ കൊണ്ടുവച്ചു. അതു പ്രതിയെക്കൊണ്ട് എടുപ്പിക്കണം. അതാണു പ്രധാന തെളിവ്. ഇക്കാര്യം കെ.എം. മാണി അറിഞ്ഞു. അങ്ങനെയാണു സ്പോട്ടിൽ നിന്നു തന്റെ കക്ഷിയുമായി മാണി വക്കീൽ കടന്നുകളഞ്ഞത്. പ്രതി ഡമ്മി ആയതിനാൽ പൊലീസിനും പരിമിതികളുണ്ട്. അതും കെ.എം. മാണിക്കറിയാം. മദ്രാസ് ലോ കോളജിൽനിന്നായിരുന്നു കെ. എം. മാണി നിയമ ബിരുദമെടുത്തത്.

കോഴിക്കോട്ടും പാലാ സബ് കോടതിയിലും കോട്ടയം ജില്ലാ കോടതിയിലുമൊക്കെ വാദിച്ചിട്ടുണ്ട്. പ്രാക്ടീസ് സമയത്തുതന്നെ ക്രിമിനൽ കേസുകളോട് മാണിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. 

പിന്നീട് 1979ൽ കേരള കോൺഗ്രസ് പിളർപ്പിന്റെ സമയത്തു പാർട്ടിക്കു വേണ്ടി തിരഞ്ഞെടുപ്പു കമ്മിഷന്റെ മുൻപിലും വക്കീലായി ഹാജരായി. സുപ്രീം കോടതിയിൽ വാദിക്കാൻ പറ്റിയില്ലല്ലോ എന്നൊരു സങ്കടം കെ.എം. മാണി മനസ്സിൽ സൂക്ഷിച്ചിരുന്നു.  ‘ഇനിയാണെങ്കിലും ചെന്നു പ്രാക്ടീസ് ചെയ്താലോ എന്നു മനസ്സിൽ തോന്നും ചിലപ്പോൾ’ എന്നാണ് ഒരു പിറന്നാൾ ദിവസം അദ്ദേഹം ആഗ്രഹം പറഞ്ഞത്.

ഷർട്ടിൽനിന്ന് ജൂബയിലേക്ക്

വെള്ള ഷർട്ടിൽ നിന്നു വെള്ള ജൂബയിലേക്കു കെ.എം. മാണി മാറുന്നത് 1967ലാണ്. ലിബർട്ടി കോട്ടൺ വെള്ള ഷർട്ടിൽ നിന്നു ഖദർ ജൂബയിലേക്കുള്ള മാറ്റം വക്കീലിൽ നിന്നു പൊതുപ്രവർത്തകനിലേക്കുള്ള മാറ്റം കൂടിയായി.

ആദ്യം പാലാ സെന്റ് തോമസ് ഹൈസ്കൂളിന് എതിർവശത്തുള്ള കണ്ടത്തിൽ കുഞ്ഞുകുട്ടൻ നായരാണ് ജൂബ തയ്ച്ചിരുന്നത്. 1970 മുതൽ തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്സിന് എതിർവശത്തുള്ള സദാനന്ദനായി തയ്യൽ. ഇപ്പോഴും അവിടെയാണു വസ്ത്രങ്ങൾ തുന്നുന്നത്. തിരുവനന്തപുരം ഓവർബ്രിജിനു സമീപം ഖാദി ഭണ്ഡാറിൽ നിന്നു തുണി വാങ്ങും. ഒരു റോൾ ഒരുമിച്ച് എടുക്കും. അതുകൊണ്ടു 12 ജൂബ റെഡിയാക്കും.

പാലായിലുള്ളപ്പോൾ ഇടപ്പാടി നാരായണനാണ് ‍(പണിക്കർ) ജൂബ കഴുകി ഇസ്തിരിയിടുന്നത്. ഇപ്പോൾ നാരായണന്റെ മകൻ മണിയാണ് ഇൗ ജോലി ചെയ്തിരുന്നത്. തിരുവനന്തപുരത്താണെങ്കിൽ കഴുകുന്നതും തേയ്ക്കുന്നതുമെല്ലാം എംഎൽഎ ക്വാർട്ടേഴ്സിൽ തന്നെ.

വിശ്വാസത്തിൽ അടിയുറച്ച്

പാലായിലാണെങ്കിൽ ഞായറാഴ്ച രാവിലെ ഏഴിന്റെ കുർബാനയ്ക്കു കത്തീഡ്രലിൽ കെ.എം. മാണിയുണ്ടെന്ന് ഉറപ്പാക്കാം. തിരുവനന്തപുരത്താണെങ്കിൽ ലൂർദ് പള്ളിയിലും. എത്ര തിരക്കുണ്ടെങ്കിലും ഞായറാഴ്ച കുർബാന മുടക്കാറില്ല. ഭാര്യ കുട്ടിയമ്മയോടൊപ്പമായിരുന്നു എത്തിയിരുന്നത്. ബജറ്റ് അവതരണ ദിവസവും ജന്മദിനത്തിലും കുർബാന മുടക്കിയിരുന്നില്ല. ദൈവവിശ്വാസത്തിൽ അടിയുറച്ചതായിരുന്നു ആ ജീവിതം.

വർഷത്തിൽ 2 തവണയെങ്കിലും ഒരാഴ്ചത്തെ ധ്യാനം കൂടും. പാലാ രൂപത ബൈബിൾ കൺവൻഷനിൽ ഒരു ദിവസമെങ്കിലും പങ്കെടുക്കണമെന്ന നിർബന്ധവുമുണ്ടായിരുന്നു. മാതാപിതാക്കളാണു വിശ്വാസത്തിൽ അടിയുറച്ച ജീവിതത്തിനു കാരണമെന്ന് അദ്ദേഹം പലപ്പോഴും പറയുമായിരുന്നു. പ്രാർഥിച്ചോ എന്ന് ഇടയ്ക്കിടെ അമ്മ ഏലിയാമ്മ ഓർമപ്പെടുത്തിയിരുന്നതായും പറഞ്ഞിട്ടുണ്ട്.

യാത്രയ്ക്കിടയിൽ പോലും പള്ളികളിൽ കയറി പ്രാർഥിക്കുമായിരുന്നു. യാത്രയ്ക്കിടയിലാണെങ്കിലും‍ സന്ധ്യയായാൽ‍ പ്രാർഥനയിൽ മുഴുകും. കിടക്കുന്നതിനു മുൻപും പ്രാർഥന ഉറപ്പ്.

ജന്മദിനമായ ജനുവരി 30നു കത്തീഡ്രലിൽ കുർബാന അർപ്പിക്കാനുള്ള പണം പാർട്ടി പ്രവർത്തകനും സുഹ‍ൃത്തുമായ തോമസ് ആന്റണിയെയാണ് ഏൽപിക്കുന്നത്. 25 വർഷമായുള്ള ആ പതിവ് ഇത്തവണയും തെറ്റിയില്ല. കെ. എം. മാണിയും ഭാര്യയും മക്കളുമെല്ലാം കുർബാനയിൽ പങ്കെടുക്കുകയും ചെയ്തു. പള്ളിയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം കൈമാറിയിരുന്നതും തോമസ് വഴിയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com