ADVERTISEMENT

കോട്ടയത്ത് മലയാള മനോരമയുടെ റിപ്പോർട്ടറായി ജോലി ചെയ്തിരുന്ന കാലത്ത്, സ്വാഭാവികമായും,  ഏറ്റവും അടുത്തിടപഴകിയ നേതാവ് കെ.എം മാണിയായിരുന്നു. ഇന്റർവ്യൂവും പത്രസമ്മേളനവും തിരഞ്ഞെടുപ്പു യാത്രകളുമൊക്കെയായി എണ്ണമറ്റ തവണ അദ്ദേഹവുമായി ഇടപെട്ടു. 

അദ്ദേഹം റവന്യൂമന്ത്രിയായിരുന്ന 2001 കാലം. റവന്യൂ വകുപ്പിലെ പരിഷ്കരണ നടപടികളെക്കുറിച്ചുള്ള പത്രസമ്മേളനം. അന്ന് ഒരരുകിലിരുന്ന് ഞാൻ തമാശയായി ചോദിച്ചു, ‘റവന്യൂ വകുപ്പിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണോ?’ ചോദ്യം അദ്ദേഹത്തിനിഷ്ടപ്പെട്ടില്ല. ഇങ്ങനെ മറുപടി പറഞ്ഞു, ‘ഇതാണു കുഴപ്പം, ഗൗരവമുള്ള കാര്യം പറഞ്ഞുവരുമ്പോൾ ഇങ്ങനെ ഓരോരോ കുസൃതികളുമായിട്ടു  വരും!’’

പത്രസമ്മേളനങ്ങളിൽ കിറുകൃത്യമായ ഡിക്‌റ്റേഷനാണ് നൽകുക. ഓരോ വാചകവും രണ്ടു തവണ പറയും. എല്ലാവരും കൃത്യമായി എഴുതിയെടുത്തുവെന്നുറപ്പു വരുത്താൻ സമയം നൽകും. താൻ പറയുന്ന വാചകങ്ങളിൽ ഒരു മാറ്റവും വരരുതെന്ന നിർബന്ധബുദ്ധിയായിരുന്നു അത്. ഓരോ പത്രസമ്മേളനം കഴിയുമ്പോഴും മൂന്നോ നാലോ തവണ ഫോണിൽ വിളിക്കും.  പറഞ്ഞ കാര്യം താൻ ഉദ്ദേശിച്ച രീതിയിൽ തന്നെ കൊടുക്കുമെന്ന് ഉറപ്പുവരുത്താനുള്ള വിളിയാണ്. 

2010 ൽ കെ.എം മാണിയും പി.ജെ.ജോസഫും കാൽ നൂറ്റാണ്ടിനു ശേഷം ലയിച്ച് ഒന്നാകാൻ തീരുമാനിച്ചു. ലയനവിശേഷങ്ങളുടെ വാർത്താ പ്രളയം. കോട്ടയത്ത് ലയനസമ്മേളനത്തിനു തൊട്ടു തലേന്ന് മനോരമയ്ക്കു വേണ്ടി കോട്ടയത്തെ മാണി ഗ്രൂപ്പിന്റെ  ഓഫിസിൽ രണ്ടു പേരെയും ഒരുമിച്ചിരുത്തി ഇന്റർവ്യൂ ചെയ്യാനുള്ള അവസരമുണ്ടായി. ഏറ്റവും രസകരമായ മാണി അഭിമുഖം അതായിരുന്നു. മാണിയും ജോസഫും സന്തുഷ്ടരായിരുന്നു അന്ന്! 

അന്നു മാണി പറഞ്ഞു, ‘‘23 വർഷത്തെ അകൽച്ചയുണ്ടായി. സമാനചിന്താഗതിക്കാർ ഒരുമിച്ചു പ്രവർത്തിക്കേണ്ടതായിരുന്നു. നേരത്തെയാകേണ്ടതായിരുന്നു. നല്ലൊരു ഗ്യാപ് വന്നു’. പിരിഞ്ഞിരുന്ന കാലത്തും മാണിയും ജോസഫും വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതേക്കുറിച്ചുഅന്ന് ജോസഫ് പറഞ്ഞു:‘‘ ഞങ്ങൾ ഏതു കാലത്തും കുടുംബസുഹൃത്തുക്കളായിരുന്നു. രാഷ്‌ട്രീയത്തിൽ എന്റെ സീനിയറാണ് മാണി. അന്നേ മാണി സാറെന്നു വിളിക്കും. എന്റെ അമ്മവീട് പാലായിലാണ്. മാണി സാറിന്റെ അയൽപക്കം’’. 

അപ്പോൾ കെ.എം മാണി കൂട്ടിച്ചേർത്തു, ‘‘ പിരിയുന്നതിനു മുൻപ് എല്ലാ കാര്യങ്ങളിലും ഔസേപ്പച്ചന്റെ അഭിപ്രായം തേടുമായിരുന്നു. ഒരു കുടുംബത്തിലെ ജ്യേഷ്‌ഠാനുജന്മാരെപ്പോലെ ഒരു വ്യക്‌തി ബന്ധം ഉണ്ടായിരുന്നു. ഞാൻ വിദേശത്തു വച്ചു രോഗബാധിതനായി ചികിൽസ കഴിഞ്ഞു വന്നപ്പോൾ ജോസഫ് പാലായിൽവന്ന് എന്നെ കണ്ടിരുന്നു. ഞങ്ങൾ തമ്മിൽ ഒരിക്കലും ശത്രുതയുണ്ടായിരുന്നില്ല.’’ 

അടിയന്തിരാവസ്ഥയ്ക്കു ശേഷമുള്ള സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു മാണി. അക്കാലത്തെക്കുറിച്ച് സംസാരിക്കണം എന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. രാജൻ കേസിന്റെയൊക്കെ ഫയലുകൾ കണ്ടിരിക്കാനിടയുള്ള ആളാണ്. ഓരോ തവണ ആവശ്യപ്പെടുമ്പോഴും പിന്നെയാവട്ടെ എന്ന് ഒഴിഞ്ഞു മാറി. ആ സംഭാഷണം ഒരിക്കലുമുണ്ടായില്ല. 

തുടിക്കുന്ന കർഷക രക്തം

ഉയരങ്ങൾ കയറാനും വെട്ടിപ്പിടിക്കാനുമുള്ള ചോരത്തിളപ്പ് മീനച്ചിലിലെ കർഷകന്റെ ഡിഎൻഎയിലുള്ളതാണ്.  കേരളത്തിന്റെ ഹൈറേഞ്ചുകളിലേക്കെല്ലാം, കാടിനെയും മേടിനെയും വന്യമൃഗങ്ങളെയും രോഗങ്ങളെയും വെല്ലുവിളിച്ച് അവർ കുടിയേറിയത് അങ്ങനെയാണ്. കെ.എം.മാണിയുടെ രാഷ്ട്രീയ രക്തത്തിനും അതേ നിറമായിരുന്നു.

1965–ൽ മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. എന്നാൽ, ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതിനാൽ അന്നു നിയമസഭ ചേരാൻ കഴിഞ്ഞില്ല. ജയിച്ചവർക്ക് എംഎൽഎമാരാകാതെ പിരിയേണ്ടി വന്നു. അതേക്കുറിച്ചു പിന്നീടൊരിക്കൽ മാണി പറഞ്ഞു, ‘‘ചെറുപ്പമായിരുന്നതു കൊണ്ടു നിയമസഭയിൽ ഒരു കൊടുങ്കാറ്റാവാനുള്ള മോഹമുണ്ടായിരുന്നു അന്ന്. സാധിക്കില്ല എന്നുവന്നപ്പോൾ സത്യത്തിൽ വിഷമിച്ചു’’.

പിന്നീടുള്ള തിരഞ്ഞെടുപ്പുകളും രാഷ്ട്രീയജീവിതവും കെ.എം മാണിയുടെ ആ വിഷമം കുറെയെങ്കിലും മായ്ച്ചു കളഞ്ഞിരുന്നിരിക്കണം. എങ്കിലും, ഇന്നലെ കൊച്ചിയിലെ ആശുപത്രിയിലെ അന്ത്യനിമിഷം വരെ   കൂടുതൽ ഉയരങ്ങൾക്കായി അദ്ദേഹത്തിന്റെ രക്തം ഓരോ നിമിഷവും തുടിച്ചിട്ടുമുണ്ടാകണം.

സ്കൂളിൽ തുടങ്ങിയ പ്രസംഗം 

ഉത്തരവാദഭരണ പ്രക്ഷോഭമായിരുന്നു കെ. എം. മാണിയുടെ ആദ്യ രാഷ്ട്രീയക്കളരി. അന്നു സ്കൂൾ വിദ്യാർഥിയാണ്.  രാഷ്ട്രീയം തലയ്ക്കുപിടിച്ചെങ്കിലും പഠനം മുടക്കിയില്ല. കോളജിലെത്തിയപ്പോൾ മൽസരപ്രസംഗങ്ങളിൽ മാണിയുടെ ശബ്ദം മുഴങ്ങി. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി. ഹൈക്കോടതി ജഡ്ജിയായ പി. ഗോവിന്ദമേനോന്റെ ജൂനിയറായി കോഴിക്കോട് ബാറിൽ പ്രാക്ടിസ് തുടക്കം. കോഴിക്കോട് നഗരസഭാധ്യക്ഷനായിരുന്നു അക്കാലം ഗോവിന്ദമേനോൻ. അന്നത്തെ നഗരസഭാ തിരഞ്ഞെടുപ്പിൽ ഗോവിന്ദമേനോനു വേണ്ടി പ്രസംഗിച്ചു തുടങ്ങിയതോടെ മാണിയുടെ ‘രണ്ടാം രാഷ്ട്രീയ ജീവിത’ത്തിനു തുടക്കമായി. 

നഗരസഭാ വാർഡിലെ ചെറിയ ആൾക്കൂട്ടങ്ങളിൽ മാണിയുടെ പ്രസംഗങ്ങൾ തകർത്തു. പിറ്റേ വർഷം പാലായിലേക്കു മടങ്ങി. പാലായിലും കോട്ടയത്തുമായി പ്രാക്ടിസ് തുടരുന്നതിനിടെ പി.ടി. ചാക്കോയുമായി അടുപ്പത്തിലായി. ഈ അടുപ്പം കേരളരാഷ്ട്രീയത്തിൽ മാണിയ്ക്കായൊരു വഴി വെട്ടി. ആദ്യം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്. പിന്നാലേ കെപിസിസി അംഗം.

പീച്ചി സംഭവത്തിന്റെ പേരിൽ 1964   ൽ പി.ടി ചാക്കോയ്ക്കു മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അധികം വൈകാതെ കോഴിക്കോട്ടു വച്ച് ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു. ആ മരണം, കേരളത്തിന്റെയും കെ.എം. മാണിയുടെയും രാഷ്ട്രീയത്തെ വഴി തിരിച്ചു വിട്ടു. 

ചാക്കോയോട് കോൺഗ്രസ് പാർട്ടി കാണിച്ചത് കൊടിയ അനീതിയാണെന്നു വിശ്വസിച്ച അനുയായികൾ കോൺഗ്രസ് വിട്ടു. കെ.എം ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ ചേർന്ന് പുതിയ പാർട്ടി രൂപീകരിച്ചു. 1964–ൽ കോട്ടയത്തെ തിരുനക്കര മൈതാനത്ത് മന്നത്തു പത്മനാഭനാണ് പുതിയ പാർട്ടിയുടെ തിരിതെളിച്ചതും അതിനു പേരിട്ടതും – കേരള കോൺഗ്രസ്. അന്നത്തെ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി മിക്കവാറും പുതിയ പാർട്ടിയിലെത്തി. അങ്ങനെ കെ.എം മാണി കേരളാ കോ‍ൺഗ്രസിന്റെ ജില്ലാ സെക്രട്ടറിയുമായി.

പാലാ മുതൽ പാലാ വരെ 

ഒരുമിച്ചു പിറന്നതാണ് പാലാ മണ്ഡലവും കെ. എം മാണിയും. 1965 ലെ തിരഞ്ഞെടുപ്പ്. അന്നുണ്ടായിരുന്ന മീനച്ചിൽ, പുലിയന്നൂർ മണ്ഡലങ്ങളുടെ ഭാഗങ്ങൾ വിളക്കിച്ചേർത്ത് പാലാ മണ്ഡലമുണ്ടായി. കോൺഗ്രസിൽനിന്ന് ഒരു ഭാഗം ഇളക്കിയെടുത്തുണ്ടായ കേരള കോൺഗ്രസിനു വേണ്ടി മാണി സ്ഥാനാർഥി.

പുതുമോടിനിറഞ്ഞ പാലാ, ഉലയാത്ത ഖദർ ജൂബയും മുണ്ടുമായി പുതുമാരനെപ്പോലെ മാണി! കന്നിയങ്കം ജയിച്ചു കയറി. പക്ഷേ നിയമസഭ ചേരാതെ പോയതുകൊണ്ട് സാങ്കേതികമായി മാണി എംഎൽഎയായില്ല. ‘‘കല്യാണ മണ്ഡപത്തിലേക്ക് ചെന്നുകയറുമ്പോൾ കല്യാണം നടക്കില്ല എന്നറിയുന്നതിലുള്ള വിഷമം പറഞ്ഞറിയിക്കാനാവില്ല. തിരഞ്ഞെടുക്കപ്പെട്ട ഞങ്ങൾ ‘എംഎൽഎമാർ’ സത്യപ്രതിജ്‌ഞ ചെയ്യാനാവാതെ സംസാരിച്ചിരിക്കുമ്പോൾ ജോസഫ് ചാഴികാടൻ പറയും – ഈ സഭ മാമോദീസ മുങ്ങും മുമ്പേ മരിച്ചുപോയ കുഞ്ഞാണ്’’ – മാണി പിൽക്കാലത്തു പറഞ്ഞു.

രണ്ടു വർഷം കഴിഞ്ഞു വീണ്ടും തിരഞ്ഞെടുപ്പ്. ജയം. പിന്നെ തിരിഞ്ഞുനോട്ടമില്ല. അന്നുതൊട്ട് ഇന്നോളം പാലാ മെമ്പർ കെ.എം മാണി മാത്രം; തുടർച്ചയായി 12 തവണ. 51 വർഷം. അതിനിടെ സ്വന്തമാക്കിയ രാഷ്ട്രീയ റെക്കോ‍ഡുകൾക്കു മുന്നിൽ ക്രിക്കറ്റിലെ സച്ചിൻ ടെൻഡുൽക്കർ പോലും തോറ്റുപോകും!

പാലായെക്കുറിച്ച് മാണി ഇങ്ങനെ പറയുമായിരുന്നു, ‘ഇത് ഒരു കൂട്ടുകുടുംബമാണ്. പത്തൻപതു വർഷമായി ഞങ്ങളങ്ങനെ സുഖദുഃഖങ്ങളൊക്കെപ്പങ്കിട്ട്, ഒരുമിച്ചു ചിരിച്ചും കരഞ്ഞും അങ്ങനെ പോകുന്നു....’

പാലായെന്ന ആ കൂട്ടുകുടുംബത്തിലെ മനുഷ്യരെ, കെ. എം. മാണിയെ അടിസ്‌ഥാനമാക്കി മൂന്നായി തരംതിരിക്കാമായിരുന്നു: മാണിയെ കുഞ്ഞുമാണിയെന്നു വാൽസല്യത്തോടെ വിളിക്കുന്നവർ, മാണിസാറെന്ന് ആദരവോടെ വിളിക്കുന്നവർ, ഇതു രണ്ടുമല്ലാത്ത മൂന്നാം തലമുറ. ഇതിൽ ആരെ അടർത്തിയെടുത്താണു കെ. എം. മാണിയെ തറപറ്റിക്കാൻ കഴിയുകയെന്നതായിരുന്നു, എല്ലാ തിരഞ്ഞെടുപ്പിലും എതിരാളികളുടെ അന്വേഷണം. അഞ്ചുപതിറ്റാണ്ടു കഴിഞ്ഞിട്ടും അവർക്ക് അതിനുത്തരം കിട്ടിയില്ല. ഇനി അതിന്റെ ആവശ്യവുമില്ല. 

പാലായെ പരിചരിച്ചപോലെ കെ. എം. മാണി മകൻ ജോമോനെപ്പോലും (ജോസ് കെ. മാണി) നോക്കിയിട്ടുണ്ടാവില്ലെന്നു പാർട്ടിക്കാർ കളിയായി പറയുമായിരുന്നു. മാണിയെപ്പോലെ മണ്ഡലം നോക്കുന്ന ജനപ്രതിനിധികൾ അപൂർവമാണെന്നു സഹപ്രവർത്തകരും സാക്ഷ്യപ്പെടുത്തി. മാണി ധനമന്ത്രിയായാൽ മരങ്ങാട്ടുപള്ളിയിലെ കലുങ്കും പാലായിലെ ഓടയുമൊക്കെ സംസ്‌ഥാന ബജറ്റിൽ സ്‌ഥാനംപിടിക്കുമെന്ന തമാശക്കഥ പ്രചരിച്ചു. ‘എനിക്കു രണ്ടു ഭാര്യമാരുണ്ടെന്നും ഒന്നു കുട്ടിയമ്മയും മറ്റേതു പാലായുമാണെ’ന്നും മാണി തന്നെ പ്രസംഗിച്ചിട്ടുണ്ട്!

മാണിസാർ  

കെ. ആർ. നാരായണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കാലം. അദ്ദേഹത്തിന് ജന്മനാടായ ഉഴവൂരിൽ സ്വീകരണം നൽകി. സമ്മേളനത്തിൽ കെ.എം മാണിയുമുണ്ട്. കെ.ആർ നാരായണൻ പ്രസംഗത്തിൽ പറഞ്ഞു: ‘‘നിങ്ങളെല്ലാം മാണിസാറെന്നു വിളിക്കുന്ന കെ. എം. മാണിയെ ഞാനും മാണിസാറെന്നാണു വിളിക്കുന്നത്!’’

ഒരു സ്കൂളിലും അധ്യാപകനായിരുന്നില്ല കെ.എം മാണി. പക്ഷേ, എല്ലാവരും അദ്ദേഹത്തെ മാണി സാറെന്നു വിളിച്ചു. അതേക്കുറിച്ച് , മാണിസാർ മാണിസാറിനെത്തന്നെ മാണി സാറെന്നാണു വിളിക്കുന്നതെന്നൊക്കെ ‘പരദൂഷണകഥകൾ’ പലതുണ്ട്. പക്ഷെ അവയ്‌ക്കപ്പുറം, ഒരധ്യാപകന്റെ രീതികളുണ്ടായിരുന്നു അദ്ദേഹത്തിന്. 

1977   ൽ തിരഞ്ഞെടുപ്പു കേസിൽ ഹൈക്കോടതി  മാണിയെ അയോഗ്യനാക്കി. അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു.  കേന്ദ്ര നിയമമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള എ.കെ സെൻ ആയിരുന്നു സുപ്രീം കോടതിയിൽ മാണിയുടെ അഭിഭാഷകൻ. വൻ പ്രതിഫലം വാങ്ങുന്ന വക്കീൽ. വലിയതിരക്കുള്ള സെന്നിന് കേസിന്റെ കുറിപ്പുകൾ തയാറാക്കിക്കൊടുത്തിരുന്നത് മാണി തന്നെയായിരുന്നു. ‘ഇത്രയും ഭംഗിയായി നോട്ടുകൾ തയ്യാറാക്കുന്ന ഒരു കക്ഷിയെ കിട്ടിയത് ഭാഗ്യ’മാണെന്ന് സെൻ മാണിയെ പിന്നീട് അഭിനന്ദിച്ചു. കേസിൽ മാണി ജയിച്ചു. തിരികെ വന്ന് മന്ത്രിയായി. 

സ്വന്തം പാർട്ടിയിലെ യുവ എംഎൽഎ മാരും നേതാക്കളും കാര്യങ്ങൾ മനസിലാക്കുകയും പഠിക്കുകയും ചെയ്യണമെന്ന കാര്യത്തിലും നിർബന്ധമായിരുന്നു മാണിക്ക്. 2001ൽ യുഡിഎഫ് ഭരണത്തിലെത്തിയ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിൽ നിന്ന് കുറെ ‘ഫസ്‌റ്റ് ടൈം’, യുവ എംഎൽഎ മാരുണ്ടായി. നിയമസഭാ സമ്മേളനത്തിനു മുൻപ് ഈ എം.എൽ.എ മാർക്ക് മാണി പരിശീല ക്ലാസ് സംഘടിപ്പിച്ചു. നിയമസഭയിൽ എങ്ങിനെ പെരുമാറണം, പ്രസംഗിക്കണം, പ്രശ്‌നങ്ങളിൽ ഇടപെടണം, സ്വന്തം മണ്ഡലത്തിലെ കാര്യങ്ങൾ പഠിക്കണം എന്നൊക്കെയുള്ള ഓറിയന്റേഷനായിരുന്നു ക്ലാസിൽ.

പുതിയ സഭയുടെ ആദ്യസമ്മേളനത്തിനു മുൻപ് പുതിയ അംഗങ്ങളെക്കൊണ്ട് പ്രസംഗിപ്പിച്ചു പോലും നോക്കിയത്രേ ‘മാണിസാർ’. നിയമസഭയിലെ പാർട്ടി അംഗങ്ങളുടെ പ്രകടനം അദ്ദേഹം നേരിട്ടു വിലയിരുത്തിപ്പോന്നു. പലരും കാര്യങ്ങൾ പഠിക്കുന്നില്ലെന്നും സെക്രട്ടറിമാർ പറയുന്നതു മാത്രം കേട്ട് എന്തൊക്കെയോ പറയുകയാണെന്നും അവരെ ചീത്ത പറഞ്ഞു. മകൻ ജോസ് കെ. മാണി രാഷ്‌ട്രീയത്തിലെത്തിയപ്പോഴും ഇതേ ശ്രദ്ധ നൽകി മാണി.

പാർട്ടിയിലെ ഓരോ കാലത്തെയും ചെറുപ്പക്കാർക്ക് അദ്ഭുതമായിരുന്നു മാണി സാർ. ഓരോ വിഷയത്തിലും അദ്ദേഹം നടത്തുന്ന ഹോംവർക്കും ബൗദ്ധിക വ്യയവും അവതരണ രീതികളുമെല്ലാം ആരാധനയോടെയാണ് അവർ നോക്കിക്കണ്ടതും. 

2001 ലെ യുഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയ ചർച്ചയുടെ അവസാന ദിവസം കെ.എം മാണി പ്രമേയത്തെ തകർത്തു തരിപ്പണമാക്കുന്ന പ്രസംഗം നടത്തി. കണക്കുകളും കാര്യങ്ങളും വച്ച് പ്രമേയത്തിന്റെ യുക്‌തിയെ ചോദ്യം ചെയ്യുന്നതായിരുന്നു പ്രസംഗം. അതു കേട്ട് ആവേശംപൂണ്ട ഒരു യുവ എംഎൽഎ ഫോണിൽ വിളിച്ചു പറഞ്ഞു: മാണിസാറിന്റെ പെർഫോൻസ് കണ്ടില്ലേ? പ്രതിപക്ഷം തലയിൽ മുണ്ടിട്ടാണ് ഇന്ന് പുറത്തിറങ്ങിയത്!

മോഹമുക്തമല്ലാത്ത രാഷ്ട്രീയ മനസ്സ് 

മധ്യതിരുവിതാംകൂറും അതിന്റെ നീട്ടിപ്പിടിക്കലായ കുടിയേറ്റപ്രദേശങ്ങളുമാണ് കേരളാ കോൺഗ്രസിന്റെ തട്ടകം. കേരളത്തിന്റെ വിശാലരാഷ്ട്രീയഭൂമികയിൽ ചെറിയൊരു പ്രദേശമേ ആകുമായിരുന്നുള്ളൂ അത്. എന്നാൽ, അവിടെ ചുവടുറപ്പിച്ചാണു കെ.എം മാണി 50 വർഷക്കാലം കേരളത്തിലെ നിർണായക രാഷ്ട്രീയശക്തിയായി നിന്നത്.

കേരളാകോൺഗ്രസും മാണിയും തങ്ങൾക്കൊപ്പം വേണമെന്ന് യുഡിഎഫ് എല്ലാക്കാലത്തും എൽഡിഎഫ് ചിലപ്പോഴൊക്കെയും ആഗ്രഹിച്ചു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പോലും മാണിക്കായി കൊതിച്ചു. ആ ഡിമാൻഡ് എപ്പോഴും നിലനിർത്താനൊത്ത തന്ത്രജ്ഞതയോടെ മാണി രാഷ്ട്രീയം കളിക്കുകയും ചെയ്തു.   ഇതിനിടെ, സമീപകാലത്ത് അദ്ദേഹത്തിന്റെ പാർട്ടി ഒരു മുന്നണിയിലുമില്ലാതെ കുറച്ചുകാലം നിന്നുവെന്നത് ചരിത്രം ഒരു കൗതുകമായി രേഖപ്പെടുത്തും.

മോഹമുക്തനായിരുന്നില്ല ഒരിക്കലും മാണി. കൊടുങ്കാറ്റാകാൻ  ആഗ്രഹിച്ചുകൊണ്ട് നിയമസഭ കയറിയ മാണിയുടെ ഉള്ളിൽ സ്വപ്നങ്ങളുടെ കാറ്റൊരിക്കലും അടങ്ങിയില്ല. 1979 ൽ പി.കെ വാസുദേവൻ നായർ രാജിവച്ചപ്പോൾ മാണി മുഖ്യമന്ത്രിയാകുമെന്നു കരുതിയിരുന്നു. എന്നാൽ സി. എച്ച് മുഹമ്മദുകോയ സ്ഥാനത്തെത്തി. രണ്ടുമാസത്തിനുള്ളിൽ മാണി മുഹമ്മദുകോയക്കു പിന്തുണ പിൻവലിച്ചു. അന്നു മുഖ്യമന്ത്രിയാകാനുള്ള മാണിയുടെ ശ്രമം വിജയിച്ചില്ല. നിയമസഭ പിരിച്ചുവിട്ടു.

ചന്ദ്രശേഖറിന്റെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയാകാനുള്ള അണിയറനീക്കങ്ങളും ഫലിച്ചില്ല. അന്ന് ഡൽഹിയിലിടാനുള്ള കുപ്പായം വരെ മാണി തയ്പിച്ചു വച്ചിരുന്നുവെന്നു കഥയുണ്ടായി.  

ഒടുവിൽ, സിപിഎം പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ നടത്തിയ നീക്കവും വിജയം കണ്ടില്ല. ഇതേക്കുറിച്ച് ഔദ്യോഗികമായ രേഖകളൊന്നുമില്ല. എന്നാൽ അങ്ങനെയൊരു നീക്കം നടന്നിരുന്നുവെന്നു മാണിയോട് അടുപ്പമുള്ളവർ തന്നെ പറഞ്ഞിട്ടുണ്ട്. ആ നീക്കമാണ്, അഴിമതിയാരോപണങ്ങളിലേക്കും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽനിന്നുള്ള മാണിയുടെ രാജിയിലേക്കുമൊക്കെ എത്തിച്ചതെന്നു വിശ്വസിക്കുന്നവരുണ്ട്. രാഷ്ട്രീയ ഗുരുവായ പി.ടി ചാക്കോയുടെ അതേ വഴിയിലായിരുന്നു ഇക്കാര്യത്തിൽ മാണിയും. മുഖ്യമന്ത്രിപദത്തിലെത്താമായിരുന്ന സാധ്യതയുടെ കാലത്താണ് അന്ന് ആഭ്യന്തരമന്ത്രിയായ പി. ടി. ചാക്കോയ്ക്കു നേരെ ആരോപണമുണ്ടാകുന്നതും പുറത്തുപോകുന്നതും.

കോൺഗ്രസിലായിരുന്നുവെങ്കിൽ മാണി മുഖ്യമന്ത്രിയാകുമായിരുന്നുവെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകർ ഒരുപാടുണ്ട്. മാണി ‘ചീഫ് മിനിസ്റ്റർ മെറ്റീരലായിരുന്നു’വെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിച്ചിട്ടുമുണ്ട്. 

മലയാളത്തിലെ ഒരു ജനപ്രിയ സിനിമയിൽ ഒരു സ്ത്രീകഥാപാത്രം പറയുന്നുണ്ട്, ‘‘മുഖ്യമന്ത്രിയാകാൻ മാണിസാർ തന്നെയാ നല്ലത്’’ എന്ന്! കേരളത്തിനുണ്ടാകാതെ പോയ മുഖ്യമന്ത്രിയായിരുന്നു മാണി. അദ്ദേഹത്തിനു കിട്ടാതെ പോയ സ്ഥാനമായിരുന്നു മുഖ്യമന്ത്രിക്കസേര.

‘ക്ഷമിച്ചു ക്ഷമിച്ചു’ള്ള യാത്ര

പ്രിയശിഷ്യനായി ഒപ്പം നിന്നയാൾ പിന്നീടു പാർട്ടി വിട്ടു പോവുകയും കടുത്ത ആരോപണങ്ങളുമായി രംഗത്തുവരികയും ചെയ്തപ്പോൾ കെ.എം. മാണി പറഞ്ഞു,‘‘ ക്ഷമിച്ചു ക്ഷമിച്ചു പോകുന്നതാണ് എന്റെ ജീവിതം. ഹൃദയം കുത്തി മുറിവേൽപിക്കുന്ന പ്രവൃത്തിയാണു ചെയ്‌തത്. അങ്ങനെ ഒരു ഗുരുവിനോട് ശിഷ്യൻ ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു.’’

എന്നാൽ, ഹൃദയത്തിൽ മുറിവേൽപിച്ച ഈ ശിഷ്യനോടെന്നല്ല, തിരിച്ചുവരാൻ തയാറുള്ള എല്ലാവരോടും ക്ഷമിക്കാൻ എക്കാലത്തും മാണി ഒരുക്കമായിരുന്നു. ക്ഷമിച്ചു ക്ഷമിച്ചു പോകുന്ന ജീവിതം എന്നതു വെറും വാക്കായിരുന്നില്ല.

കേരളാകോൺഗ്രസിന്റെ ഡിഎൻഎയുടെ ഭാഗമാണ് പിളർപ്പ്. കോൺഗ്രസ് പിളർന്നുണ്ടായ പാർട്ടിയിൽ അങ്ങനെ സംഭവിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കേരളാ കോൺഗ്രസിലെ എണ്ണമറ്റ പിളർപ്പുകളിൽ ഒരുഭാഗത്തു മിക്കവാറും കെ. എം മാണിയായിരുന്നു. കേരളാ കോൺഗ്രസിലെ ആദ്യനേതാവ് കെ.എം. ജോർജിനോടു പോലും മാണി പിണങ്ങി. ആർ. ബാലകൃഷ്ണ പിള്ളയോടും പി.ജെ. ജോസഫിനോടും ടി. എം ജേക്കബിനോടും മുതൽ  പി.സി തോമസിനോടും പി.സി ജോർജിനോടും വരെ പലകാലങ്ങളിലായി പിരിഞ്ഞു. പലരും പിന്നീട് മാണിക്കുമുന്നിൽ മുട്ടുമടക്കി.

പി.സി. തോമസും പി.സി. ജോർജുമടക്കം പിണങ്ങിപ്പോയവർ അതാതു കാലത്ത് ദാക്ഷിണ്യമൊന്നുമില്ലാതെ മാണിയെ ആക്രമിച്ചിട്ടുമുണ്ട്. അതെല്ലാം ആവശ്യം പോലെ മറക്കാനും ക്ഷമിക്കാനും മാത്രം പ്രായോഗിക രാഷ്ട്രീയത്തിന്റെ മെയ്‌വഴക്കമുണ്ടായിരുന്നു മാണിക്ക്. അതിനു മാണി കൊടുത്ത പേരായിരുന്നു ക്ഷമ.

ഒടുവിൽ, എല്ലാവരെയും ഒന്നിപ്പിക്കാനുള്ള നീക്കം നടത്തിയതും മാണി തന്നെയായിരുന്നു. അങ്ങനെ, പി.ജെ. ജോസഫും പി.സി. ജോർജും എല്ലാം മാണിയോടൊപ്പം ചേർന്ന ഘട്ടങ്ങളുമുണ്ടായി.

തേച്ചുമിനുക്കിയ നയം, നിലപാട് 

‘മമ്മൂട്ടി, പെട്ടി,കുട്ടി’ എന്ന് ഒരു കാലത്തെ മമ്മൂട്ടിച്ചിത്രങ്ങളുടെ രീതിയെക്കുറിച്ചു തമാശക്കഥയുണ്ടല്ലോ. അതുപോലെ രാഷ്ട്രീയത്തിലെ ഫലിതമായിരുന്നു ‘മാണി, (ബജറ്റ്)പെട്ടി, കുട്ടി(യമ്മ)’ എന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണു മാണി – 13. കറുത്ത ബജറ്റ് സ്യൂട്ട്കെയ്സുമായി വരുന്ന മാണിയും പിന്നിൽ ചിരിക്കുന്ന ഭാര്യ കുട്ടിയമ്മയും ഒരു കാലത്തു പത്രങ്ങളിലെ സ്ഥിരം ബജറ്റ്ചിത്രമായിരുന്നു.

കടുത്ത വിശ്വാസിയായിരുന്നു മാണി. 13 എന്ന അക്കം ദുശ്ശകുനമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, 13 –ാം ബജറ്റ് പ്രസംഗം നിയമസഭയിൽ വായിക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചു. സഭയ്ക്കുള്ളിൽ നടന്നതു കണ്ടു കേരളം നാണിച്ചു. ബഹളങ്ങൾക്കിടെ, ഭരണപക്ഷത്തെ യുവ എംഎൽഎമാരുടെ സംരക്ഷണവലയത്തിനുള്ളിൽനിന്ന് ബജറ്റ് സഭയുടെ മേശപ്പുറത്തുവയ്ക്കുന്നതായി പ്രഖ്യാപിച്ച് മാണി അവസാനിപ്പിച്ചു. മാണി തന്നെയും ഒരുപക്ഷേ മറക്കാനാഗ്രഹിച്ചിരിക്കും ആ ദൃശ്യം.

കെ. എം. മാണി ആദ്യം മന്ത്രിയാകുന്നത് 1975 ഡിസംബർ 26നാണ്. ധനകാര്യവകുപ്പിൽ തുടങ്ങി. പിന്നെ മാണി വഹിക്കാത്ത വകുപ്പില്ലെന്ന നിലയായി.

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി. പല കാലങ്ങളിലായി റവന്യു, ജലസേചനം, നിയമം, ഭവനം, വൈദ്യുതി, ഗതാഗതം തുടങ്ങിയ വകുപ്പുകളും ഭരിച്ചു.

ധനകാര്യ വകുപ്പ് പ്രഗത്ഭരുടെ കൈവശം എത്തിയാൽ അവർ അദ്ഭുതം സൃഷ്ടിക്കുമെന്ന് മാണിയെയും സൂചിപ്പിച്ചുകൊണ്ട് എഴുതിയത് ഡി. ബാബു പോളാണ്. മന്ത്രിയെന്ന നിലയിൽ ചെയ്ത ഏറ്റവും സംതൃപ്തിയുള്ള കാര്യമേതെന്നു ചോദിച്ചാൽ കാരുണ്യ ചികിൽസാ സഹായ പദ്ധതിയെന്നു പറയുമായിരുന്നു മാണി. അദ്ദേഹം അംഗമായ അവസാന യുഡിഎഫ് മന്ത്രിസഭയുടെ ഏറ്റവും പ്രധാന ജനകീയ സംരഭമായിരുന്നു അത്. മാണിക്കു പുണ്യം കിട്ടാൻ കാരുണ്യ ലോട്ടറി മാത്രം മതിയെന്നു പറഞ്ഞത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.

മാണിയൻ ബജറ്റുകളിൽ ഭാവനാപൂർണമായ പല സംഗതികളും ഉണ്ടാകുമായിരുന്നുവെന്നും ബാബുപോൾ എഴുതിയിട്ടുണ്ട്. 1982 ലെ ഏഷ്യാഡിൽ മലയാളികൾ ആരെങ്കിലും സ്വർണം നേടിയാൽ പ്രത്യേക പാരിതോഷികം നൽകുമെന്നു മാണി പ്രഖ്യാപിച്ചപ്പോൾ സഭയിൽ പലരും ചിരിച്ചു. ‘ആർക്കും കൊടുക്കേണ്ടി വരില്ലെ’ന്നു ചില എംഎൽഎമാർ വിളിച്ചു പറഞ്ഞു. എന്നാൽ, ആ പ്രഖ്യാപനം വഴികാട്ടിയായി. അത്തരം പാരിതോഷികങ്ങൾ കൊടുത്തില്ലെങ്കിൽ ജനം വിമർശിക്കുമെന്ന നില വന്നു. 

പല വകുപ്പുകളിലായി വെളിച്ചവിപ്ലവം, പാർപ്പിട പദ്ധതി എന്നിവ മുതൽ കമ്മി മിച്ചമാക്കുന്ന സൂത്രം വരെയുള്ള മാണിയുടെ വിദ്യകൾ കേരളം കണ്ടു. ബാബുപോൾ എഴുതി: ‘ആശയങ്ങൾ എവിടെനിന്നു വന്നാലും അതു തേച്ചുമിനുക്കിയെടുക്കാൻ മിടുക്കു വേണ്ടേ? മാണി തേച്ചുമിനുക്കി കഴിയുമ്പോൾ സ്വർണവും പൂച്ചും തിരിച്ചറിയുകയില്ല. അതാണു കൃതഹസ്തത’.

സിദ്ധാന്തം കൊണ്ടുള്ള കളികൾ 

കാൾ മാർക്‌സ് മുതൽ തോമസ് ഐസക്കു വരെ ഏതു താത്വികനെയും എതിരിടാൻ കേരളത്തിന്റെ വലതുപക്ഷ രാഷ്‌ട്രീയത്തിലെ ആശാനായിരുന്നു കെ.എം. മാണി. മാർക്‌സിനോടു സിദ്ധാന്തംകൊണ്ടും ഐസക്കിനോടു കണക്കുകൾകൊണ്ടും മാണി മല്ലിട്ടു. അധ്വാനവർഗ സിദ്ധാന്തം മാർക്സിന്റെ തൊഴിലാളി വർഗ സിദ്ധാന്തത്തിന്റെ പൊളിച്ചെഴുത്തായാണ് മാണി അവതരിപ്പിച്ചത്. കർഷകത്തൊഴിലാളി മാത്രമല്ല, കർഷകനും അധ്വാനവർഗത്തിൽപ്പെടുമെന്നായിരുന്നു മാണിയുടെ വാദം. കർഷകകുടുംബത്തിൽ പിറന്ന്, കർഷകരുടെ പാർട്ടിയെ നയിച്ച ആളെ സംബന്ധിച്ചു സ്വാഭാവികമായി വന്നു ചേർന്ന സിദ്ധാന്തം കുടിയായിരുന്നു അത്. പ്രായോഗികരാഷ്ട്രീയം എന്ന ഒറ്റ ‘പ്രത്യയശാസ്ത്ര’ത്തിൽ പിടിച്ചുനിന്ന കേരളാകോൺഗ്രസിന്റെ മാനിഫെസ്റ്റോയായി മാറി അധ്വാനവർഗ സിദ്ധാന്തം.

വർഗസമരവും രക്തരൂഷിത വിപ്ലവവുമില്ലാതെ വ്യവസ്ഥാപിത മാർഗങ്ങളിൽക്കൂടി സോഷ്യലിസ്റ്റ് സാമൂഹിക ക്രമം കൈവരിക്കാൻ കഴിയുമെന്നതടക്കം ആലുവയിൽ 1973 ൽ ‍ചേർന്ന കേരള കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ അവതരിപ്പിച്ച ‘ആലുവ സാമ്പത്തിക പ്രമേയ’മായിരുന്നു അധ്വാനവർഗസിദ്ധാന്തത്തിന്റെ അടിസ്ഥാനം.  അന്നു മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോൻ പ്രമേയത്തെക്കുറിച്ചു പറഞ്ഞു : ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ കക്ഷി പാസാക്കിയ ഗൗരവമേറിയ പ്രമേയം.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും എന്ന നിർവചനത്തിലൂടെ കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ മാണി വ്യാഖ്യാനിച്ചതും ശ്രദ്ധേയമായിരുന്നു. ഒരിക്കൽ ബജറ്റ് ചർച്ചയ്ക്കിടെ മാണി പ്രയോഗിച്ച ‘അഡീഷനാലിറ്റി’ എന്ന വാക്ക് കേരള രാഷ്ട്രീയത്തിൽ ഏറെക്കാലം ചർച്ചയായി. 

ഇഎംഎസ് തുടക്കകാലം മുതലേ  കെ. എം മാണിയെ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണു രാഷ്ട്രീയ ചരിത്രം. 1967 ൽ ഇഎംഎസ് മന്ത്രിസഭയ്ക്കെതിരെ ആരോപണങ്ങളുടെ കൊടുങ്കാറ്റഴിച്ചുവിട്ടത് അന്നു കന്നി എംഎൽഎയായ മാണിയായിരുന്നു. പ്രതിപക്ഷത്ത് ആകെ 14 എംഎൽഎമാരേയുള്ളൂ. മാണിക്ക് ഇഷ്ടം പോലെ അവസരം കിട്ടി. ഓരോ ദിവസവും ഓരോ രേഖകളുമായി സഭയിലെത്തി.

അന്നു മാണിയുടെ കയ്യിലുള്ള സ്യൂട്ട്കേസ് തുറന്നാൽ എന്തായിരിക്കും പുറത്തുവരികയെന്നു ഭരണപക്ഷം ഭയന്നിരുന്നുവെന്നു പോലും കഥയുണ്ടായി. ബോംബിട്ടിട്ട് ഓടിരക്ഷപ്പെടുന്ന പരിപാടിയായിരുന്നില്ല മാണിയുടേത്. പിന്നാലേ നിൽക്കും. രേഖകളും തെളിവുകളുമൊക്കെയായി അസൽ വക്കീലായി വാദിക്കും. ആരോഗ്യമന്ത്രിയായിരുന്ന വെല്ലിങ്ടണിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കമ്മിഷനു മുന്നിൽ കറുത്ത കോട്ടിട്ടാണു മാണി ഹാജരായത്! ‌

അതേക്കുറിച്ച് മാണി പിന്നീടു പറഞ്ഞു: ‘‘കന്നി എംഎൽഎയായി 1967ൽ നിയമസഭയിലെത്തിയ ഞാൻ അന്നത്തെ സർക്കാരിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ. എം. എസുമായി മിക്കവാറും ദിവസങ്ങളിൽ ഞാൻ ഏറ്റുമുട്ടാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം വിമർശനങ്ങളിൽ അസഹിഷ്‌ണുത കാട്ടിയിട്ടില്ല. ഇതിന്റെയൊന്നും പേരിൽ എന്നോട് ഒരു തരത്തിലുള്ള വിരോധവും കാണിച്ചിട്ടില്ല’’.

ആത്മവിശ്വാസം ജൂബയിടുമ്പോൾ 

ആത്മവിശ്വാസം എന്ന വാക്കിനൊരു രൂപമുണ്ടെങ്കിൽ, ആ രൂപം കുളിച്ചു റെഡിയായി ഖദറുടുപ്പിട്ട് ഇറങ്ങി വരുന്നതുപോലെയായിരുന്നു കെ.എം മാണി. ആരോഗ്യസ്ഥിതി മോശമായ കാലത്തും ആ തലയെടുപ്പ് തെല്ലും കുറഞ്ഞില്ല. ദുർബലമായിരുന്നു മാണിയുടെ ശരീരം. പക്ഷേ, പശ മുക്കിത്തേച്ച ഖദർ ജൂബ ദേഹത്തു വീഴുന്ന നിമിഷം മാണി വേറൊരാളായി. ഒരു തരം പരകായപ്രവേശം!

മാണിയുടെ വേഷം മാറലുകളെക്കുറിച്ചു കഥകൾ പലതുണ്ട്. എപ്പോഴും ഫ്രഷായിരിക്കണമെന്നു നിർബന്ധബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിന്. എവിടെ യാത്ര പോയാലും വണ്ടിയിൽ പല ജോഡി മുണ്ടും ജൂബയുമുണ്ടാകും. അൽപമൊന്നു വിയർത്താൽ പിന്നെ, ആദ്യം കയറുന്ന ഗെസ്റ്റ്ഹൗസിൽ കുളിച്ചുടുപ്പുമാറിയിരിക്കും. ഉത്തരേന്ത്യൻ രാഷ്ട്രീയക്കാർക്കില്ലാത്ത ഒരു മെച്ചം പക്ഷേ മാണിക്ക് ഇക്കാര്യത്തിൽ കിട്ടി. അവിടെ പലനിറ ഉടുപ്പുകളാണു രാഷ്ട്രീയക്കാർ ധരിക്കുന്നതെങ്കിൽ മാണിക്ക് വേഷം ഒന്നേ ഉണ്ടായിരുന്നൂള്ളൂ – വെള്ള ഖദർ ജൂബ. അതെത്ര തവണ മാറിയാലും അങ്ങനെയെങ്ങ് ആളുകളറിയില്ലല്ലോ!

പാട്ടും പുകവലിയുടെ വിലയും 

കേരളാ കോൺഗ്രസുകളിലെ ‘ഔദ്യോഗിക’ പാട്ടുകാരൻ എക്കാലത്തും പി. ജെ ജോസഫാണ്. എന്നാൽ, കേരള നിയമസഭയിൽ അംഗങ്ങളായവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി സർക്കാർ പ്രസിദ്ധീകരിച്ച ‘കേരളാ അസംബ്ലി– ഹു ഈസ് ഹു പ്രകാരം’ കെ.എം. മാണിയുടെ ഇഷ്‌ടവിനോദവും അതു തന്നെയാണ് – പാട്ട്. ഒരിക്കൽ അതേക്കുറിച്ചു മാണി പറഞ്ഞു, ‘‘പാട്ടെനിക്കിഷ്‌ടമാണ്. നിയമസഭാ പരിപാടികൾക്കൊക്കെ പാടിയിട്ടുണ്ട്.’’

ഇണങ്ങിയും പിണങ്ങിപ്പിരിഞ്ഞും പിന്നെയുമിണങ്ങിയുമുള്ള ബന്ധമായിരുന്നു രാഷ്ട്രീയത്തിൽ മാണിയും പി.ജെ. ജോസഫും തമ്മിൽ. പിണക്കമായിരിക്കുമ്പോഴും മാണിക്ക് ജോസഫിന്റെ പാട്ടിഷ്ടമായിരുന്നു. 1970 കളിൽ കേരളാ കോൺഗ്രസ് പ്രവർത്തനവുമായി ഇരുവരും ഒരുമിച്ച് ഒരുപാടു യാത്ര ചെയ്തു. ‘‘ കാറിൽ പോകുമ്പോൾ ഔസേപ്പച്ചാ ഒരു പാട്ടുപാട് എന്നു ഞാൻ പറയും. പാടുന്നത് ഔസേപ്പച്ചനും സന്തോഷമാണ്. ആനന്ദിച്ചു പാടും’’– മാണി പറഞ്ഞു.

ഫുട്ബോളും പുകവലിയുമായിരുന്നു കെ. എം. മാണിയുടെ മറ്റാനന്ദങ്ങൾ. കളി കാണാനിഷ്ടമാണെങ്കിലും അതിനുള്ള സമയം കഷ്ടിയായിരുന്നു. പുകവലി പഠിക്കുന്ന കാലത്തേ തുടങ്ങിയാണ്. നി‍ർത്തിയത് ആദ്യ മകളുടെ പ്രസവസമയത്തായിരുന്നു. അന്ന് ചില പ്രതിസന്ധികൾ. എല്ലാം ഭംഗിയായി നടന്നാൽ പുകവലി നിർത്തിയേക്കാം എന്നു നേർച്ച. അതിനു ശേഷം വലിച്ചിട്ടില്ല. എന്നാൽ, ചെറുപ്പത്തിലെ പുകവലിക്ക് അത്യാവശ്യം വലിയ വില തന്നെ പിൽക്കാലത്തു കൊടുക്കേണ്ടി വന്നിട്ടുണ്ട് മാണിക്ക്. ശബ്ദം ചിലമ്പിച്ചു. തുടർച്ചയായ ചുമ പ്രസംഗങ്ങളെ മുറിച്ചു. എന്നാൽ, അതുകൊണ്ടൊന്നും പറയാനുള്ളതിന്റെ കടുപ്പം കുറഞ്ഞില്ല, വ്യക്തത മാഞ്ഞുമില്ല!

മിക്കവാറും പാലാക്കാരെപ്പോലെ, കപ്പയും മീനുമായിരുന്നു മാണിയുടെ ഇഷ്ടവിഭവങ്ങൾ. പിൽക്കാലത്ത് മാംസാഹരം കുറച്ചു. ഊണു കഴിഞ്ഞാൽ രണ്ടു ചെറുപഴം എപ്പോഴും നിർബന്ധം. മാണിയുടെ ഭക്ഷണശീലത്തെക്കുറിച്ചു ചോദിച്ചാൽ ഭാര്യ കുട്ടിയമ്മ പറയും, ‘‘ ‘പണ്ടു മുതലിങ്ങനാ... കാര്യമായൊന്നും കഴിക്കത്തില്ല!’’

കരയുന്ന മാണി 

കരയാനും വിഷമിക്കാനുമൊക്കെയാണെങ്കിൽ രാഷ്ട്രീയത്തിൽ പല താഴ്ചകളിലൂടെയും കടന്നു പോയിട്ടുണ്ടായിരുന്നു കെ.എം. മാണി. പക്ഷേ, അങ്ങനെയൊന്നും തളരുന്നതായിരുന്നില്ല മാണിയുടെ മനസ്സ്. തനിക്കിഷ്ടപ്പെടാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ അസ്വസ്ഥനാകും. പക്ഷേ, തളരില്ല. ഏതു സാഹചര്യത്തെയും അതിജീവിക്കാനുള്ള തന്ത്രങ്ങൾ തിരയും. നീക്കങ്ങൾ നടത്തും. മീനച്ചിലിലെ ചങ്കുറപ്പുള്ള കർഷകന്റെ രീതിയായിരുന്നു അത്.

എന്നാൽ, കാര്യമാത്ര പ്രസക്‌തമായ ഈ ഗൗരവഭാവത്തിനു പിന്നിൽ മറ്റൊരു മുഖവുമുണ്ടായിരുന്നു മാണിക്ക് – മരണവും വേദനയും കണ്ടാൽ പെട്ടെന്നു വരുന്ന കരച്ചിൽ. മരിച്ചവരെ കണ്ടു നിൽക്കുക അദ്ദേഹത്തിന് എളുപ്പമായിരുന്നില്ല. മുഖം പെട്ടെന്നു വലിഞ്ഞു മുറുകും. കണ്ണു നിറയും. രോഗികളെ കാണുമ്പോഴും മുഖം മാറും. ഇതൊക്കെ അഭിനയമല്ലേ എന്നു എതിരാളികൾ പലപ്പോഴും പറഞ്ഞു പരത്തി.

അതേക്കുറിച്ച് ഒരിക്കൽ അദ്ദേഹം തന്നെ പറഞ്ഞു, ‘‘ഉള്ളിൽനിന്ന് അറിയാതെ വന്നു പോകുന്നതാണ്. എത്ര ബലം പിടിച്ചാലും വേദന കാണുമ്പോൾ അങ്ങനെ അങ്ങു സംഭവിച്ചു പോകും.’

English Summary: Kunju Mani to Mani Sir- Life of KM Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com