മാണിയില്ലാത്ത വീട്ടിലേക്ക് വിതുമ്പി കുട്ടിയമ്മ

kuttiyamma
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.സി ജോസഫ് എംഎൽഎയും പാല കരിങ്ങോഴയ്ക്കൽ വീട്ടിൽ എത്തി കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മയെ ആശ്വസിപ്പിക്കുന്നു. മരുമകൾ നിഷ, മക്കളായ എൽസമ്മ, സ്മിത എന്നിവർ സമീപം.
SHARE

പാലാ ∙ കരിങ്ങോഴയ്ക്കൽ വീടിന്റെ പടികൾ കയറുമ്പോൾ കുട്ടിയമ്മയുടെ കാലുകൾ ഇടറി. ‘കുഞ്ഞുമാണിച്ചൻ’ ഇല്ലാത്ത വീട്ടിലേക്ക് ആദ്യമായി കയറിയപ്പോൾ കുട്ടിയമ്മയുടെ കണ്ണുകൾ നിറ‍ഞ്ഞൊഴുകി. കെ.എം. മാണിയുടെ ചികിത്സാർഥം ഒരാഴ്ച മുൻപാണു കുട്ടിയമ്മ കൊച്ചി ലേക് ഷോർ ആശുപത്രിയിലേക്കു പോയത്. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണു പാലായിലെ വീട്ടിൽ തിരിച്ചെത്തിയത്.

വിലാപയാത്രയായി പുറപ്പെട്ട വാഹനത്തിനു പിന്നാലെ മറ്റൊരു കാറിലായിരുന്നു കുട്ടിയമ്മയും മക്കളും മരുമകളും ചെറുമക്കളും. അൽപ സമയം വിലാപയാത്ര വാഹനത്തെ അനുഗമിച്ച ഇവർ പാലായിലേക്ക് വരികയായിരുന്നു. മരുമകൾക്കും ചെറുമക്കൾക്കുമൊപ്പമാണു കുട്ടിയമ്മ, വീടിന്റെ വലതുവശത്തുള്ള പൂമുഖത്തേക്കു കയറിയത്. ഇതിനടുത്തുള്ള മുറിയുടെ മധ്യഭാഗത്തായി വെള്ളത്തുണി വിരിച്ച കട്ടിൽ. തലയ്ക്കലെ മേശമേൽ കെ.എം. മാണിയുടെ വലിയ ചിത്രം. കട്ടിലിന്റെ ഇടതുവശത്തായി ഷെൽഫുകളിൽ പുസ്തകക്കൂട്ടം. ഷെൽഫിനു മുകളിൽ പുരസ്ക്കാരങ്ങളുടെ നിര.

നിഷയുടെ കൈകളിൽ താങ്ങി മുറിക്കുള്ളിൽ കയറിയ കുട്ടിയമ്മ, ഭർത്താവിന്റെ ചിത്രത്തിലേക്കു നോക്കി നിന്നു. ചെറുമക്കൾ കൈകളിൽ പിടിച്ചതോടെ അകത്തേക്കു പോയി. വൈകിട്ട് 4.50ന് ഉമ്മൻ ചാണ്ടിയും കെ.സി.ജോസഫ് എംഎൽഎയും വസതിയിൽ എത്തി. നേരത്തെ മാർ ജേക്കബ് മുരിക്കൻ വീട്ടിലെത്തി പ്രാർഥന നടത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA