‘എന്തെങ്കിലും വഴിയുണ്ടോ മാണിസാറേ?

km-mani-budget..
SHARE

കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം. മന്ത്രിസഭാ യോഗങ്ങളിൽ പതിവായി കരുണാകരൻ ചോദിച്ചിരുന്നതാണ് മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യം. ഏതു പ്രതിസന്ധിക്കും കെ.എം. മാണിയുടെ കൈയിൽ പരിഹാരമുണ്ടാകും. ഏതു മുന്നണിക്കും ഏതു സർക്കാരിനും കെ.എം. മാണിയെ വേണ്ടപ്പെട്ടവനാക്കുന്നത് ഈ പ്രായോഗിക ബുദ്ധിയാണ്.

cm-stephen-km-mani
കെ.എം. മാണി, സി.എം സ്റ്റീഫൻ, കെ.എം ജോർജ്

‘മൂന്നാം മന്ത്രി സ്ഥാനം കെ.എം. മാണി വേണ്ടെന്നു വച്ചതു കൊണ്ടാണ് 2011 ൽ യുഡിഎഫ് മന്ത്രിസഭ ഉണ്ടായത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഓർക്കുന്നു. ‘2011 ൽ യുഡിഎഫിനു കേവല ഭൂരിപക്ഷത്തെക്കാൾ ഒറ്റ സീറ്റേ കൂടുതലുള്ളൂ. ജോസഫ് – മാണി വിഭാഗങ്ങൾ ലയിച്ചതിനാൽ കേരള കോൺഗ്രസിനു 3 മന്ത്രിസ്ഥാനം വേണം. കൊടുക്കാൻ നിവൃത്തിയില്ല. പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരമില്ല. ഇതിനിടെ കെ.എം. മാണി ധ്യാനത്തിനു പോയി. ധ്യാനം കഴിഞ്ഞു തെളിഞ്ഞ മനസോടെ തിരികെ വന്നു. മൂന്നാമത്തെ മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞു. പ്രതിസന്ധി ഒഴിവായി.’ പി.കെ. കുഞ്ഞാലിക്കുട്ടി ഓർമിക്കുന്നു.

‘മറ്റൊരു ക്ഷാമകാലം. കെ.എം. മാണിയാണ് ധനമന്ത്രി. ഖജനാവിൽ പണമില്ല. ഞങ്ങൾ മന്ത്രിസഭാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ചർച്ച ചെയ്യുന്നു. മണിക്കൂറുകൾ നീണ്ട ചർച്ച. ഒന്നും ഉരുത്തിരിയുന്നില്ല. ഒടുവിൽ കെ.എം. മാണി എഴുന്നേറ്റു നിന്നു. ഒരു വഴിയുണ്ട്. സഹകരണ ബാങ്കുകളിൽ നിന്ന് കടം എടുക്കാം. അങ്ങനെ ധനക്കമ്മി പരിഹരിക്കാൻ പുതിയ വഴി തുറന്നു’– ഇക്കഥയും ഓർമിച്ചത് കുഞ്ഞാലിക്കുട്ടിയാണ്.

‘ടൈ’ എവിടെ എന്നുള്ള കെ.എം. മാണിയുടെ ചോദ്യമാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ഓർമയിൽ. സത്യത്തിൽ ഞാൻ ചൂളിപ്പോയി. ധനകാര്യമന്ത്രി എന്ന നിലയിൽ എന്റെ ആദ്യ ബജറ്റാണ്. ബജറ്റ് പ്രസംഗം അവസാനിപ്പിക്കുമ്പോൾ അവലോകനം നടത്തുന്നതാണ് ടൈ. അതു ഞാൻ മറന്നു പോയിരുന്നു. മറുപടി പ്രസംഗത്തിന് എഴുന്നേറ്റ കെ.എം. മാണി തുടങ്ങിയത് ഇങ്ങനെയാണ്– ടൈ എവിടെ ? മാണി സാറിന്റെ ബജറ്റ് അവതരണം കഴിയുമ്പോൾ ഞാൻ കുറിപ്പു ചോദിക്കും. മടിയില്ലാതെ തരും. ആ കുറിപ്പ് നോക്കിയാണ് പിന്നീട് ഞാൻ ചോദ്യങ്ങൾ ചോദിച്ചിരുന്നത്. തനിക്കു പാരയാകുമെന്ന് അറിഞ്ഞു തന്നെയാണ് കെ.എം. മാണി കുറിപ്പു നൽകിയിരുന്നതും – തോമസ് ഐസക് ഓർക്കുന്നു. പിണറായി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ചോർന്നപ്പോഴുള്ള വിവാദം ഓർമിക്കുമ്പോൾ കെ.എം. മാണിയുടെ പ്രതികരണമാണ് തോമസ് ഐസക്കിന്റെ മനസ്സിൽ – ‘നല്ല ബജറ്റ്. പക്ഷേ, ചോർന്നു പോയി’. ബജറ്റ് രേഖകളുടെ കാര്യത്തിൽ വേണ്ട കരുതലിനെപ്പറ്റി കെ.എം. മാണി ഓർമിപ്പിച്ചുവെന്നും തോമസ് ഐസക്.

‘ഞാനും മാണി സാറും ചേർന്നെടുത്ത തന്ത്രമാണ് ബജറ്റ് അവതരണം തടയാനുള്ള പ്രതിപക്ഷ നീക്കം പൊളിച്ചത് ’ – പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓർക്കുന്നു. ‘അന്ന് ആഭ്യന്തര മന്ത്രി ഞാനാണ്. ബജറ്റ് അവതരിപ്പിക്കുന്ന മാണിസാറിനേക്കാൾ എനിക്കായിരുന്നു ആശങ്ക. ബജറ്റ് അവതരണം പ്രതിപക്ഷ എംഎൽഎമാർ തടസ്സപ്പെടുത്തിയാൽ മന്ത്രിസഭയ്ക്കു തന്നെ നാണക്കേടാവും. ഒടുവിൽ ഞാനും മാണിസാറും ബജറ്റിന്റെ തലേന്നു രാത്രി നിയമസഭാ മന്ദിരത്തിൽ താമസിച്ചു. ഗേറ്റിൽ വച്ചു തടയാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതിയെന്ന് ഇന്റലിജൻസ് വിവരം നൽകിയിരുന്നു’ – രമേശ് ഓർത്തു.

km-george-mani-balakrishna-pillai
കെ.എം. ജോർജ്, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള

കെ.എം. മാണിയും രമേശ് ചെന്നിത്തലയും തമ്മിൽ വേറൊരു ബന്ധമുണ്ട്. ‘എന്റെ ഭാര്യ അനിതയെ മീൻ കൂട്ടാൻ പഠിപ്പിച്ചത് കുട്ടിയമ്മ ചേച്ചിയാണ്. കല്യാണം കഴിഞ്ഞ് ഞാനും അനിതയും തിരുവനന്തപുരത്ത് മാണിസാറിന്റെ അയൽക്കാരാണ്. ആദ്യ വിരുന്നിൽ കുട്ടിയമ്മ ചേച്ചി ഒന്നാംതരം മീൻ വിളമ്പി. അതോടെ അനിത മീൻകറി ഫാനായി. ഹരിപ്പാടുകാരനായ എനിക്കും വീട്ടിൽ മീൻ കിട്ടിത്തുടങ്ങി’ – രമേശ് പറഞ്ഞു.

‘മിച്ച ബജറ്റ് കമ്മിയാക്കും. കമ്മി മിച്ചവും. ഇത്തരം പല സൂത്രങ്ങളും മാണിസാറിന്റെ കൈയിലുണ്ട്. അഴിമതിയിൽ കുളിച്ചു കിടന്ന ലോട്ടറിയെ കാരുണ്യത്തിന്റെ പ്രതീകമാക്കി മാണിസാർ’– അക്കാര്യമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർത്തത്. ‘മുഖ്യമന്ത്രിയാകനുള്ള യോഗ്യത മാണി സാറിനുണ്ടായിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ പ്രധാന പാർട്ടിക്കാണു മുഖ്യമന്ത്രി പദം. അതു കൊണ്ടാണു മാണിസാറിനു മാറി നിൽക്കേണ്ടി വന്നത്– ഉമ്മൻ ചാണ്ടി പറഞ്ഞു.

മുതിർന്ന നേതാക്കൾക്കും സാദാ പ്രവർത്തകർക്കും അർഹമായ ഇടം കെ.എം. മാണി മനസ്സിൽ കരുതി. യുവജന സംഘടനയുടെ ചുമതല എടുത്ത നേതാവിനോട് ഉപദേശം ഇങ്ങനെയായിരുന്നു – ‘കൈയിലുള്ള കച്ചവടം കളയരുത്. കട കളഞ്ഞുള്ള രാഷ്ട്രീയം വേണ്ട.’

കൊച്ചിയിൽ ഒരു പുതിയ വിമാനത്താവളം എന്ന ആശയം പറയുമ്പോൾ, 1992 ൽ, മുതിർന്ന ഐഎഎസുകാർ പോലും ചിരിച്ചു. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നു പറഞ്ഞപ്പോൾ പലരുടെയും പരിഹാസം കൂടി – നെടുമ്പാശേരി വിമാനത്താവളത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജെ. കുര്യൻ ഓർമിച്ചു. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും റവന്യൂ മന്ത്രി കെ.എം. മാണിക്കും ഇക്കാര്യത്തിൽ ഒരു സംശയവുമില്ലായിരുന്നു. സ്വകാര്യ പങ്കാളിത്തത്തിൽ വിമാനത്താവളമെന്ന പദ്ധതി ധനകാര്യ വിദഗ്ധനായ കെ.എം. മാണിക്കു നന്നേ പിടിച്ചു. ഏതാനും സംശയങ്ങളും എന്നോട് അദ്ദേഹം ചോദിച്ചു. സ്ഥലമെടുപ്പിനു 3 തഹസിൽദാർമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയമിച്ച് പിറ്റേന്നു തന്നെ ഉത്തരവിറങ്ങി. അന്നു ഞാൻ എറണാകുളം ജില്ലാ കലക്ടറാണ് – വി.ജെ. കുര്യൻ പറഞ്ഞു.

‘ഒരിക്കൽ മാണിസാർ എന്നെ വിളിച്ചു. നാട്ടികയെ മാത്രം സ്നേഹിച്ചാൽ പോര. എന്റെ പാലായെയും സ്നേഹിക്കണം’– ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫലി ഓർക്കുന്നു. പാലായിൽ സ്ഥാപിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ ഓഹരി എടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. അങ്ങനെ ഞാൻ ഐഐഐടിയിൽ ഓഹരി ഉടമയുമായി – യൂസഫലി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA