ADVERTISEMENT

പി.ജെ. ജോസഫ് എംഎൽഎ, കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ

ഔസേപ്പച്ചാ.. എന്ന് എന്നെ വിളിക്കും.. 

മാണി സാറേ ... എന്നു ഞാനും.

1970ൽ തൊടുപുഴയിൽ നിന്നു ഞാൻ എംഎൽഎയായി. അന്ന് നിയമസഭയിൽ വച്ചാണ് ആദ്യമായി മാണി സാറിനെ കാണുന്നത്. പിന്നീട് ആ ബന്ധം വളർന്നു. അരനൂറ്റാണ്ടായി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞപ്പോഴും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായതേയില്ല. എംഎൽഎ ഹോസ്റ്റലിൽ എന്റെ മുറിക്ക് അപ്പുറത്തും ഇപ്പുറത്തുമായിരുന്നു കെ.എം. ജോർജും കെ.എം. മാണിയും താമസിച്ചിരുന്നത്.  കെ.എം. ജോർജും കെ.എം. മാണിയും ഇ. ജോൺ ജേക്കബുമായിരുന്നു അന്ന് കേരള കോൺഗ്രസിന്റെ ശക്തരായ നേതാക്കൾ.

റബർ കർഷകർക്ക് വേണ്ടി കെ.എം. മാണിയും നെൽ കർഷകർക്ക് വേണ്ടി ഇ. ജോൺ ജേക്കബും നിയമസഭയ്ക്കുള്ളിൽ നിന്നു പോരാടിയപ്പോൾ, കെ. എം. ജോർജിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസിന് വലിയ നേട്ടമുണ്ടായി.  1971ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 3 സീറ്റുകളിലാണ് കേരള കോൺഗ്രസ് വിജയിച്ചത്. ആർ. ബാലകൃഷ്ണപിള്ള, വർക്കി ജോർജ്, എം. എൻ. ജോസഫ് എന്നിവരായിരുന്നു പാർട്ടിയുടെ പാർലമെന്റ് അംഗങ്ങൾ.

കേരള കോൺഗ്രസിന്റെ നിലപാടുകൾ സിപിഎമ്മിനും സ്വീകാര്യമായി. കർഷകരും കർഷകത്തൊഴിലാളികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന, കെ.എം. മാണി അവതരിപ്പിച്ച ആലുവ സമ്മേളനത്തിലെ പ്രമേയം ശ്രദ്ധേയമായിരുന്നു. കർഷകമിത്രമായിരുന്നു കെ.എം. മാണി. കർഷകരുടെ ഏത് ആവശ്യവും അനുഭാവപൂർവം പരിഗണിക്കുമായിരുന്നു.

ഇന്നലെ രാവിലെ 11നാണ് മാണി സാറിനെ അവസാനമായി കണ്ടത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ മുറിയിൽ വച്ച് കൈയിൽപിടിച്ച് മാണി സാറേ എന്നു വിളിച്ചു. മാണി സാർ ചെറുതായി മൂളി. സ്നേഹിക്കാൻ മാത്രമേ മാണി സാറിന് അറിയൂ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com