ADVERTISEMENT

ഉയിരോളം സ്നേഹിച്ച പാലായും സ്നേഹജനവും ഇന്ന് കെ.എം. മാണിക്ക് വിടചൊല്ലും. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ മൂന്നു മണിക്ക് പാലാ കത്തീഡ്രൽ പള്ളിയിൽ. കൊച്ചിയിലെ ആശുപത്രിയിൽനിന്ന് മാണിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇന്നലെ രാവിലെ 10 മണിയോടെയാണു പുറപ്പെട്ടത്. 80 കിലോമീറ്റർ പിന്നിട്ട് ആ യാത്രയയപ്പ് കേരള കോൺഗ്രസ് പിറവിയെടുത്ത കോട്ടയം തിരുനക്കര മൈതാനത്തെത്താൻ 12 മണിക്കൂറിലേറെ സമയമെടുത്തു. കടന്നുപോന്ന വഴികളിലെല്ലാം ജനങ്ങൾ കാത്തുനിന്നു.  

മാണിക്ക് ആദരവുമായി നേതാക്കൾ, ജനങ്ങൾ

പ്രത്യേകം തയ്യാറാക്കിയ കെ.എസ്‌ആർടിസി ബസിലായിരുന്നു വിലാപയാത്ര. തൃപ്പൂണിത്തറ, ഉദയംപേരൂർ, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ, തിരുനക്കര, മരങ്ങാട്ടുപിള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് മൃതദേഹം പാലായിലെത്തിച്ചത്. ഓരോ ജംഗ്‌ഷനിലും ഒട്ടേറെ ആളുകളാണ് വിലാപയാത്രയെ കാത്തുനിന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയ്‌ക്ക് കോട്ടയത്ത് എത്തിച്ചേരുമെന്നു പ്രതീക്ഷിച്ചിരുന്ന വിലാപ യാത്ര രാത്രി ഏറെ വൈകിയാണ് എത്തിയത്. 

pinarayi
കടുത്തുരുത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കുന്നു. എംഎൽഎമാരായ പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിൻ, എൻ. ജയരാജ് , ജോസ് കെ. മാണി എംപി എന്നിവർ സമീപം.

തിരുനക്കര മൈതാനത്തൊരുക്കിയ പ്രത്യേക പന്തലിൽ  രാഷ്ട്രീയ നേതാക്കളടക്കം ഒട്ടേറെപ്പേർ അന്ത്യോപചാരമറിയിച്ചു. കോട്ടയത്തെ പാർട്ടി ഓഫിസിൽ ഉച്ചയ്ക്ക് 12.30 ന് എത്തുമെന്നറിയിച്ച വിലാപയാത്ര വൈകിയതോടെ തിരുനക്കരയിൽ വരാൻ നിശ്ചയിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കടുത്തുരുത്തിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

വി.എസ്.അച്യുതാനന്ദൻ, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ, സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, സി. രവീന്ദ്രനാഥ്, കെ.രാജു, വി.എസ്. സുനിൽകുമാർ, കെ. കൃഷ്‌ണൻകുട്ടി, എ.കെ. ബാലൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കോൺഗ്രസ് നേതാവ് വയലാർ രവി, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  കോവൂർ കുഞ്ഞുമോൻ എംഎൽഎ, കോൺഗ്രസ് നേതാവ് പി.സി.ചാക്കോ, ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് , സിഎസ്‌ഐ സഭ കൊല്ലം ബിഷപ്പ് ഉമ്മൻ ജോർജ് എന്നിവർ  വിവിധ സ്ഥലങ്ങളിലായി അന്തിമോപചാരം അർപ്പിച്ചു. 

chennithala
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തിമോപചാരമർപ്പിക്കുന്നു. ജോസഫ് എം. പുതുശ്ശേരി സമീപം.

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ.മാണി, എംഎൽഎമാരായ റോഷി അഗസ്‌റ്റിൻ, മോൻസ് ജോസഫ്, എൻ.ജയരാജ്,  അനൂപ് ജേക്കബ്, കേരള കോൺഗ്രസ് എം നേതാക്കളായ ജോയി എബ്രഹാം, യുഡിഎഫ് സ്‌ഥാനാർത്ഥി തോമസ് ചാഴികാടൻ, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം തുടങ്ങിയവർ അനുഗമിച്ചു.

കണ്ണീരണി‍ഞ്ഞ് പാലാ

പാലാ ∙ പ്രിയനേതാവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാൻ ഇന്നലെ രാവിലെ മുതൽ പാലായിലെയും പരിസര പ്രദേശങ്ങളിലെയും പ്രവർത്തകരും നാട്ടുകാരും എത്തിക്കൊണ്ടിരുന്നു. വിലാപയാത്രയിൽ ആദരാഞ്ജലി അർപ്പിക്കാൻ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവമായ തിരക്കനുഭവപ്പെട്ടതോടെ പാലാക്കാരുടെ കാത്തിരിപ്പ് അനിശ്ചിതമായി നീണ്ടെങ്കിലും പ്രിയപ്പെട്ട മാണിസാറിനെ കാണാൻ പാലാ ഒന്നാകെ രാത്രി വൈകിയും കാത്തുനിൽക്കുകയായിരുന്നു.

പാലായിലെ വ്യാപാരികളും ചെറുകിട വ്യാപാര സ്ഥാപനങ്ങളും സംഘടനകളും തൊഴിലാളി യൂണിയനുകളുമെല്ലാം കെ.എം. മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് നഗരത്തിലും നാട്ടിൻപുറങ്ങളിലും ഫ്ലെക്‌സ് ബോർഡുകളും ബാനറുകളും ഉയർത്തിയിട്ടുണ്ട്.

ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകളെത്തിയതോടെ പാലാ നഗരം ഇന്നലെ ഗതാഗതക്കുരുക്കിലായി. കേരള കോൺഗ്രസിന്റെ ട്രേഡ് യൂണിയൻ ഓഫിസുകളിലും തൊഴിലാളി ഓഫിസുകളിലും ഓട്ടോ - ടാക്‌സി സ്റ്റാൻഡുകളിലും കേരള  കോൺഗ്രസ് സംഘടനകളുടെ കൊടിമരങ്ങളിലും പാർട്ടി പതാക താഴ്ത്തിക്കെട്ടുകയും കരിങ്കൊടി ഉയർത്തുകയും ചെയ്തു.

മരണവിവരം അറിഞ്ഞതു മുതൽ മാണിയുടെ വസതിയിലും പരിസരത്തുമായി നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. കരിങ്ങോഴയ്ക്കൽ വീട്ടുമുറ്റത്ത് വലിയ പന്തലും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം നേതാക്കളും പ്രാദേശിക നേതാക്കളും ഇന്നലെ മുഴുവൻ വസതിയിലേക്ക് എത്തിക്കൊണ്ടിരുന്നു.

പാലായിൽ കെ.എം. മാണിയുടെ പ്രതിമ സ്ഥാപിക്കും 

കെ.എം. മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തിൽ കെ.എം. മാണിയുടെ പൂർണകായ പ്രതിമ സ്ഥാപിക്കാൻ പാലാ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. കെ.എം. മാണിയുടെ വിയോഗത്തെ തുടർന്നാണ് അടിയന്തര കൗൺസിൽ യോഗം കൂടിയത്. കെ.എം. മാണിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. 

അലങ്കരിച്ച ബസിൽ അന്ത്യയാത്ര

കോട്ടയം ∙ നിറയെ പൂമാലകളാൽ അലങ്കരിച്ച കെഎസ്ആർടിസി എസി ലോഫ്ലോർ ബസാണ് കെ.എം. മാണിയുടെ അന്ത്യയാത്രയ്ക്കായി ഒരുക്കിയത്. ബസിനു ചുറ്റും മാണിയുടെ പുഞ്ചിരിക്കുന്ന ചിത്രങ്ങൾ പതിപ്പിച്ചു.  ബസിനു മുൻപിലെ കെഎസ്ആർടിസി എന്ന പേര് മായ്ച്ച്, പകരം കെ.എം.മാണി സാറിന് ആദരാഞ്ജലികൾ എന്ന സ്റ്റിക്കർ  പതിപ്പിച്ചിരുന്നു. തേവര ഡിപ്പോയുടെ കീഴിലുള്ള ബസിനുള്ളിലെ നടുഭാഗത്തെ സീറ്റുകൾ അഴിച്ചുമാറ്റിയാണു മൊബൈൽ മോർച്ചറി സ്ഥാപിച്ചത്. 

മുൻഭാഗത്തു തന്നെ ജോസ് കെ.മാണിയും തോമസ് ചാഴികാടനും ഇരുന്നു. ഓരോ കവലയിലും ബസിന്റെ മധ്യഭാഗത്തെ വാതിൽ തുറന്ന് ആളുകൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമൊരുക്കി. എറണാകുളം – വൈക്കം – കോട്ടയം – പാലാ റൂട്ടുകളിലായി മൂന്നു ഡ്രൈവർമാരാണു വാഹനം നിയന്ത്രിച്ചത്. 

പരമാവധി 10 കിലോമീറ്റർ സ്പീഡിൽ മാത്രം മുന്നോട്ടു നീങ്ങിയ ബസ് ചെറുകവലകളിൽ പോലും നിർത്തി ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ അവസരമൊരുക്കി. 

ബസിലെത്തിയവർക്കു ജോസ് കെ.മാണി കൈകൂപ്പി നന്ദി അറിയിച്ചു. ഓരോ സ്ഥലത്തു നിന്നും നൂറു കണക്കിനു പുഷ്പചക്രങ്ങളാണ് കെ.എം. മാണിയുടെ ഭൗതികശരീരം അടക്കം ചെയ്ത പേടകത്തിൽ സമർപ്പിക്കപ്പെട്ടത്. എണ്ണമേറിയതോടെ  ഇവ മറ്റൊരു വാഹനത്തിലേക്കു മാറ്റി. 

കാരുണ്യവഴിയിൽ അവസാനത്തെ കത്ത് 

മാണി സാറിന്റെ അവസാനത്തെ ഒൗദ്യോഗിക കത്ത് മുഖ്യമന്ത്രി പിണറായി വിജയനുള്ളതായിരുന്നു. ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന, തന്റെ മണ്ഡലത്തിലെ സന്തോഷിന് ദുരിതാശ്വാസ നിധിയിൽ നിന്ന് കഴിയുന്നത്ര സഹായം അനുവദിച്ചു കൊടുക്കണമെന്നായിരുന്നു ആ ശുപാർശക്കത്തിന്റെ ഉള്ളടക്കം. പൂർണമായും അസുഖം കീഴടക്കുന്നതിനു തൊട്ടു മുൻപ് മാർച്ച് 27 ന് ആയിരുന്നു കെ.എം. മാണി ആ കത്തെഴുതിയത്.

പൊതുപ്രവർത്തകൻ എന്ന നിലയിലെ  അവസാനത്തെ ഫോൺകോളും ഇതുപോലെ തന്നെ. സതീഷ് എന്ന വ്യക്തിക്കു വേണ്ടിയായിരുന്നു ആ ഫോൺ. മകന്റെ ചികിത്സ മൂലമുണ്ടായ കടബാധ്യതകൾ മൂലം വീട് ജപ്തി ഭീഷണിയിലായ  സതീഷ് സങ്കടം പറയാൻ വീട്ടിലെത്തിയിരുന്നു. സ്വകാര്യ ബാങ്കിൽ നിന്നെടുത്ത വായ്പയിൽ ഇളവ് വരുത്തണമെന്നു പറയാനായിരുന്നു ആ വിളി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com