ADVERTISEMENT

സാധാരണ പോലെയാണെങ്കിൽ കൊച്ചിയിൽ നിന്നു കോട്ടയം വരെ ഒരു യാത്ര നടത്തുമ്പോൾ കെ.എം. മാണി ഒന്നു കുളിച്ച് ജുബ്ബയൊന്നു മാറിയിടുമായിരുന്നു. ഇടംകവിളിൽ മായ്ക്കാൻ മറന്നുപോയ പൗഡറിന്റെ അലസമായ തിളക്കം നിങ്ങൾക്കു തൊട്ടെടുക്കാമായിരുന്നു. ഇന്നലെ മറ്റൊരു ദിവസമായിരുന്നു. എങ്കിലും മാണിസാർ ‘ഫ്രഷ്’ ആണ്. മുഖത്ത് നേർത്ത ചിരി മായാതെയുണ്ട്. പക്ഷേ, ഇമയനങ്ങുന്ന ഉച്ചമയക്കം കഴിഞ്ഞ് മാണി സാർ എപ്പോൾ വേണമെങ്കിലും ഉണർന്നു വരുമെന്ന് ഇനി കരുതാനാകില്ല. കേരള രാഷ്ട്രീയത്തിലെ സചേതനമായ ഒരധ്യായത്തിന്റെ അവസാന ഏടുകൾ.

സാധാരണ പാലായിൽ നിന്നു കൊച്ചിയിലെത്താൻ മാണിക്ക് ഒരു മണിക്കൂർ മതി. ഇന്നലെ കൊച്ചിയിൽ നിന്ന് 12 മണിക്കൂറോളമെടുത്തു മാണിക്ക് തിരുനക്കരയിലെത്താൻ. എല്ലായിടത്തും ആൾക്കൂട്ടം...ആരവം...തണുത്ത ബസിന്റെ ചില്ലിൽ ആളുകൾ മുഖംചേർത്തു നോക്കി....വാതിൽ തുറന്നപ്പോൾ ആവേശത്തോടെ തള്ളിക്കയറി. ഞങ്ങൾക്കു കാണണം....ഒരു പ്രാവശ്യം... ഇതൾ കൊഴിയാത്ത പൂക്കളുമായി അവർ ഇമ ചിമ്മാതെ കാത്തു നിന്നു.

തിരുനക്കര ഓർമകളെ തിരിച്ചുപിടിക്കുന്ന കരയാണ് കേരള കോൺഗ്രസിന്. 1964 ൽ മന്നത്ത് പത്മനാഭൻ പാർട്ടിയുടെ തിരിതെളിച്ച മണ്ണ്. കാവിലംപാറയിലെ കടത്തിണ്ണയിൽ ഹൃദയംപൊട്ടി മരിച്ച പി.ടി. ചാക്കോയുടെ ഓർമകളിൽ നിന്നാണ് കേരള കോൺഗ്രസ് പിറവിയെടുത്തത്. പി.ടി. ചാക്കോയുടെ അന്ത്യയാത്രയും ഇതേ മണ്ണിലൂടെയായിരുന്നു. ചാക്കോയുടെ ജൻമദിനത്തിൽ കെ.എം. മാണി വിടവാങ്ങുമ്പോൾ ചരിത്രം സ്പന്ദിക്കുന്നു. ഓർമകൾക്കെന്ത് ഉൾത്തുടിപ്പ്.

karuthuruthi
കെ.എം. മാണിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ജനക്കൂട്ടം. തോമസ് ചാഴികാടൻ, ജോസ് കെ. മാണി എംപി എന്നിവർ സമീപം.

‘‘ഒന്നു നോക്കിയാൽ പി.ടി.ചാക്കോ തന്നെയല്ലേ കെ.എം.മാണിയും. എണ്ണയൊട്ടിയ പിൻമുടികൾ, വെളുത്ത ജുബ്ബ, കട്ടിയിൽ താഴേക്ക് അമർന്നിരിക്കുന്ന കരുത്തുള്ള  മീശ. ആ ശബ്ദംപോലും ഒരുപോലെ ’’ – കേരള കോൺഗ്രസിന്റെ ചരിത്രം ആവേശത്തോടെ പ്രസംഗിക്കുന്നതിൽ മിടുക്കനായ ജോർജുകുട്ടി ആഗസ്തി സാമ്യങ്ങളുടെ കണ്ണാടിയിൽ ഇരുവരെയും ചേർത്തു നിർത്തി.

വയസ്കരക്കുന്നിലെ പാർട്ടി ഓഫിസ് കെ.എം. മാണിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ്. പിളർപ്പിൽ പാർട്ടിയുടെ  ഉള്ളുലഞ്ഞപ്പോഴും മാണിയോട് അടിപതറാതെ പുലർത്തിയ കൂറിന്റെ കഥ പറയാനുണ്ട് കേരള കോൺഗ്രസിന്റെ ഈ ആസ്ഥാന മന്ദിരത്തിന്. അന്ത്യയാത്ര പാർട്ടി ഓഫിസിലെത്തുമ്പോൾ രാവു കനത്തിരുന്നു. 

എറണാകുളത്ത് കേരള കോൺഗ്രസ് ഒരു ഇടവിള മാത്രമാണ്. അതിന്റെ മണ്ണും മനുഷ്യരുമെല്ലാം കോട്ടയത്താണ് വിളഞ്ഞു പാകമാകുന്നത്. കടുത്തുരുത്തി ആ സ്നേഹത്തിന്റെ അഗാധ സന്ധ്യയിൽ കെ.എം. മാണിയെ ഇഷ്ടംകൊണ്ടു മൂടി. മുസ്‌ലിം ലീഗിനു മലപ്പുറം പോലെയാണ് കേരള കോൺഗ്രസിനു കടുത്തുരുത്തി. കേരള കോൺഗ്രസ് പിറവിയെടുത്ത ശേഷം 2 തവണ മാത്രമേ മണ്ഡലത്തിൽ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥി ജയിച്ചിട്ടുള്ളൂ. കെ.എം. മാണിയുടെ ജൻമനാടായ മരങ്ങാട്ടുപിള്ളി ഉൾപ്പെട്ട മണ്ഡലം.

കടുത്തുരുത്തിയിൽ മുദ്രാവാക്യങ്ങൾക്കു സിന്ദൂര നിറം – ‘‘ഇല്ലാ ഇല്ല മരിക്കില്ല...കെ.എം.മാണി മരിക്കില്ല..’ മുഷ്ടികൾ മുകളിലേക്ക്...

vs
കെ.എം. മാണിക്ക് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കടുത്തുരുത്തിയിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ. മകൻ വി.എ. അരുൺ കുമാർ സമീപം.

ആൾക്കൂട്ടമൊന്നമ്പരന്നു – വന്നിറങ്ങുന്നത് ക്ഷീണിച്ച ചുവടുകളോടെ വി.എസ്.അച്യുതാനന്ദൻ. രാഷ്ട്രീയത്തിൽ ദയാരഹിതമായി കെ.എം. മാണിയെ ആക്രമിച്ച വി.എസ്. മകൻ അരുൺകുമാറിനൊപ്പം അന്ത്യോപചാരമർപ്പിക്കാൻ ബസിൽ കയറുമ്പോൾ കാഴ്ചകളും ആർദ്രമായി. അവിടെയാണ് പല അടരുകളുള്ള സൗഹൃദം കൊണ്ട് കെ.എം.മാണി വ്യത്യസ്തനാകുന്നത്. 

ഇന്നലെ മീനച്ചിലാറിലൂടെ ഒഴുകിയത് പാലായുടെ കണ്ണീരായിരിക്കണം. വിശ്രമമെന്തറിയാതെയുള്ള പോരാട്ടത്തിന്റെ അരനൂറ്റാണ്ട് കഴിയുന്നു. ഇനി ഈ മണ്ണിൽ അന്ത്യവിശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com