കോട്ടയം – പാലാ 30 കിലോമീറ്റർ; 3 ജന്മങ്ങളുടെ പ്രാർഥന

km-mani-ktm
കെ.എം.മാണിയുടെ ഭൗതികശരീരം തിരുനക്കര മൈതാനിയിൽ എത്തിച്ചപ്പോൾ. ചിത്രം: ജിബിൻ ചെമ്പോല
SHARE

പാലാ ∙ വടിവൊത്ത ജുബ്ബയുടെ കൈകൾ തെറുത്തുകയറ്റി സകല പ്രൗഢിയോടും കൂടി കയറിച്ചെന്നിരുന്ന പാർട്ടി ഓഫിസ്. കുട്ടിയമ്മ കാത്തിരിക്കുമെന്നു പറഞ്ഞ് പതിവു തെറ്റിക്കാതെ അവിടെ നിന്നുള്ള രാത്രി യാത്രകൾ. കേരള രാഷ്ട്രീയത്തിലെ പ്രമാണിയുടെ അവസാനയാത്രയുടെ ആരംഭവും ആ പാർട്ടി ഓഫിസിലെ ഇടനാഴിയിൽ നിന്നായിരുന്നു.

കോട്ടയം കണ്ട ഏറ്റവും വലിയ വിലാപയാത്രയിൽ കെ.എം. മാണിയെന്ന രാഷ്ട്രീയ നായകനെ ഉള്ളംകയ്യിൽ താങ്ങിയാണു പ്രവർത്തകർ കോട്ടയം നഗരിയുടെ മണ്ണിൽ നിന്നു പാലായിലേക്കു യാത്രയാക്കിയത്.

പുലർച്ചെ 2:00

ബുധനാഴ്ച ഉച്ചയ്ക്ക് 2നു  കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ എത്തുമെന്നറിയിച്ച വിലാപയാത്ര എത്തിയപ്പോൾ 12 മണിക്കൂർ പിന്നിട്ടിരുന്നു. തിരുനക്കര മൈതാനത്ത് വിലാപയാത്ര എത്തിയതറിഞ്ഞതോടെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസ് ഉണർന്നു. പുഷ്പമഞ്ചത്തിൽ മാണിസാറിനെ ഓഫിസ് പടിക്കൽ കിടത്തിയപ്പോൾ പ്രിയനേതാവിനായി അവസാന  മുദ്രാവാക്യവും വിളിച്ച് അണികളുടെ ശബ്ദം ഈറനായി.

പുലർച്ചെ 2:45

കോട്ടയം ടൗൺ വിട്ടതു മുതൽ ഓരോ ചെറുവഴികൾ ചേരുന്നിടത്തും കൂട്ടമായും വീടുകളുടെ മുന്നിൽ കുടുംബമായും കാത്തുനിൽക്കുന്നുണ്ടായിരുന്നു ജനം. മണർകാട് ജംക്‌ഷനിലെ ജനക്കൂട്ടം അർധരാത്രി എത്തിയതാണ്. പിന്നീടങ്ങോട്ട് ഒരോ വീടിനു മുന്നിലും കാത്തുനിന്നവർക്കായി വിലാപയാത്ര നിന്നു. 

പുലർച്ചെ 4:00

മാണിസാറിന്റെ ഫോട്ടോ അലങ്കരിച്ചു മുന്നിൽ തിരികൾ തെളിച്ച് വഴിയിൽ കാത്തുനിന്നിരുന്നു കാഞ്ഞിരത്തുങ്കൽ തറവാട്ടിലെ 80 വയസ്സായ അമ്മുമ്മ. അയർക്കുന്നം ടൗണിൽ വെളുപ്പിനു നാലരയ്ക്കും കാത്തുനിന്നത് നൂറോളം ആളുകൾ. എല്ലായിടത്തും വിലാപയാത്ര നിന്നു. ശാന്തമായുറങ്ങുന്ന മാണിസാറിനെ കണ്ട് ആളുകൾ കണ്ണിൽ ഈറനോടെ വണങ്ങി.

പുലർച്ചെ 5:30

മരങ്ങാട്ടുപിള്ളി. ജന്മനാടിന്റെ വീഥികളിലേക്ക് വിലാപയാത്ര എത്തുമ്പോൾ കിഴക്ക് വെള്ളകീറിയിരുന്നു. നൂറുകണക്കിനാളുകൾ കവലയിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തി. 12 മണിക്കൂറുകൾ വൈകിയെത്തിയ യാത്രയെ സ്വീകരിക്കാൻ ഒരുക്കിയ പന്തലിൽ ഒരിക്കൽപോലും ആളൊഴിഞ്ഞില്ലെന്നു നാട്ടുകാർ പറ‍ഞ്ഞു.

രാവിലെ 7:00

പാലായിലെ കരിങ്ങോഴയ്ക്കൽ തറവാട്ടിലേക്ക് ഗൃഹനാഥൻ എത്തിച്ചേർന്നു. ബൈപാസിന്റെ ഒരറ്റം മുതൽ കണ്ണെത്താദൂരം വാഹനനിര. റോഡിന്റെ നിറം കാണാനാവാത്ത രീതിയിൽ തിങ്ങിനിറഞ്ഞു ജനം. പാലായുടെ മാണിക്യത്തിന് യാത്രാമൊഴി. ഒടുവിൽ പ്രിയജനങ്ങളുടെ കൈകളിൽ തറവാടിനുള്ളിലേക്ക്. കരിങ്ങോഴയ്ക്കൽ മുറ്റം മുതൽ നഗരമധ്യം വരെ നിറഞ്ഞുനിന്ന് പാലാ തേങ്ങി. പേരുവിളിച്ച് അടുത്തിരുത്തി സംസാരിച്ച് മാണിസാർ സ്വന്തമാക്കിയ പാലായിലെ ഓരോ ആളും അവസാനമായി ഒരുനോക്കു കാണാൻ ആ വീട്ടുമുറ്റത്തേക്ക് ഒഴുകി വന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA