ഇനി ആര് നയിക്കും?; കേരള കോൺഗ്രസിനെ കാത്ത് 3 നിർണായക തീരുമാനങ്ങൾ

km-mani-funeral-4
കെ.എം.മാണിയുടെ മൃതദേഹത്തിൽ കേരള കോൺഗ്രസ് നേതാക്കളായ ജോബ് മൈക്കിൾ, മോൻസ് ജോസഫ്, സണ്ണി തെക്കേടം, തോമസ് ഉണ്ണിയാടൻ, റോഷി അഗസ്റ്റിൻ, ജോസ് കെ.മാണി, ജോയി ഏബ്രഹാം, സി.എഫ്. തോമസ്, വിക്ടർ ടി. തോമസ്, പി.ജെ.ജോസഫ്, തോമസ് ചാഴികാടൻ തുടങ്ങിയവർ ചേർന്നു പാർട്ടി പതാക പുതപ്പിക്കുമ്പോൾ വിതുമ്പലോടെ കുടുംബാംഗങ്ങൾ.
SHARE

കോട്ടയം ∙ പാർട്ടി ചെയർമാൻ കെ.എം. മാണിയുടെ നിര്യാണത്തോടെ കേരള കോൺഗ്രസിന്റെ മുന്നിൽ 3 ചോദ്യങ്ങൾ കൂടി. കെ.എം. മാണി വഹിച്ചിരുന്ന ചെയർ‍മാൻ, നിയമസഭാ കക്ഷി നേതാവ് എന്നീ സ്ഥാനങ്ങളിലേക്കും പാലാ നിയമസഭാ സീറ്റിലേക്കും പകരക്കാരനെ കണ്ടെത്തണം. ജോസഫ്– മാണി വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനങ്ങൾ നിർണായകമാകും.

സ്ഥാപക നേതാവ് കെ.എം. ജോർജ്, കെ. നാരായണക്കുറുപ്പ്, ഒ. ലൂക്കോസ്, ഇ. ജോൺ ജേക്കബ്, കെ. വി. കുര്യൻ, ജോർ‍ജ് ജെ. മാത്യു, വി.ടി. സെബാസ്റ്റ്യൻ, പി. ജെ. ജോസഫ്, സി. എഫ്. തോമസ് എന്നിവരാണു കെ.എം. മാണിയുടെ മുൻഗാമികൾ. മുൻപും ചെയർമാൻ സ്ഥാനം പാർട്ടിയെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്.

ഒരാൾക്കു രണ്ടു സ്ഥാനം വേണ്ടെന്ന ഭേദഗതിയോടെയാണു സ്ഥാപക ചെയർമാൻ കെ. എം. ജോർജ് സ്ഥാനം ഒഴിഞ്ഞത്. മന്ത്രി ആയതോടെ പാർട്ടി ചെയർമാൻ സ്ഥാനം കെ.എം. ജോർജ് ഉപേക്ഷിച്ചു. പിന്നീടു മന്ത്രിയായപ്പോൾ സി.എഫ്. തോമസും ചെയർമാൻ സ്ഥാനം വിട്ടു. വർഷങ്ങൾക്കു മുൻപു പി.ജെ. ജോസഫ് പിളരുന്നതും ചെയർമാൻ സ്ഥാനം ലഭിക്കാതെ വന്നപ്പോഴാണ്. നിലവിൽ പി.ജെ. ജോസഫ് വർക്കിങ് ചെയർ‍മാനും സി.എഫ്. തോമസ് ഡപ്യൂട്ടി ചെയർമാനും കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി വൈസ് ചെയർമാനുമാണ്. ഉപതിരഞ്ഞെടുപ്പിനു സമയം ഏറെയുണ്ട്. എന്നാൽ ചെയർമാനെ ഉടൻ കണ്ടെത്തേണ്ടി വരും.

ജോസ് കെ. മാണി തന്നെ ചെയർമാൻ സ്ഥാനത്തേക്കു വരണമെന്നാണു മാണി വിഭാഗം നേതാക്കളുടെ ആഗ്രഹം. അതേ സമയം മുതിർന്ന നേതാവെന്ന നിലയിൽ ചെയർമാൻ‍ സ്ഥാനം വേണമെന്നു പി.ജെ. ജോസഫിന് ആഗ്രഹമുണ്ട്. ലോക്സഭാ സീറ്റിനു പകരമായി ചെയർമാൻ സ്ഥാനം ജോസഫ് വിഭാഗം ആവശ്യപ്പെട്ടേക്കും. പദവി സംബന്ധിച്ച തീരുമാനം എടുക്കേണ്ട ഉന്നതാധികാര സമിതിയിലും സ്റ്റിയറിങ് കമ്മിറ്റിയിലും മുൻതൂക്കം മാണി വിഭാഗത്തിനാണ്. ഭാവി ചെയർമാൻ എന്ന സൂചന നൽകിയാണു ജോസ് കെ. മാണിയെ കേരള യാത്ര നയിക്കാൻ പാർട്ടി നിയോഗിച്ചതെന്നാണു മാണി വിഭാഗത്തിന്റെ വാദം.

ചെയർമാൻ പോലെ തന്നെ നിർണായകമാണു നിയമസഭാകക്ഷി നേതാവായ ലീഡർ സ്ഥാനവും. 54 വർഷം കെ.എം. മാണി നിലനിർത്തിയ പാലാ സീറ്റിലേക്ക് കരിങ്ങോഴയ്ക്കൽ കുടുംബത്തിനു പുറത്തു നിന്നു സ്ഥാനാർഥിയെ പരിഗണിക്കാൻ സാധ്യത കുറവ്. ജോസ് കെ. മാണിക്കു രാജ്യസഭയിൽ 5 വർഷത്തിലേറെ കാലാവധിയുണ്ട്. മാത്രമല്ല സീറ്റ് ഒഴിഞ്ഞാൽ അടുത്ത സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഭൂരിപക്ഷം യുഡിഎഫിനു നിയമസഭയിൽ ഇല്ലതാനും. നേരത്തേ രാജ്യസഭാ സീറ്റും അടുത്തിടെ ലോക്സഭാ സീറ്റും ത്യജിച്ച ജോസഫ് വിഭാഗം ഇനിയുള്ള 3 പദവികളും വീണ്ടും ഉപേക്ഷിക്കുമോ എന്നതാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA