കെ. എം. മാണിക്ക് ജന്മനാടിന്റെ യാത്രാമൊഴി

km-mani-funeral-1
കെ.എം മാണിക്ക് അന്തിമോപചാരം അർപ്പിക്കാൻ പാലായിലെ വീട്ടിലെത്തിയ എ.കെ ആന്റണി ജോസ്.കെ മാണിയെ ആശ്വസിപ്പിക്കുന്നു. ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ്, കെ.സി ജോസഫ് എംഎൽഎ, എം.എം ഹസൻ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവർ സമീപം.
SHARE

പാലാ ∙ കേരള രാഷ്ട്രീയത്തിലെ ഉൗർജ പ്രവാഹം പാലായുടെ മണ്ണിൽ ലയിച്ചു. അലിവില്ലാത്ത പകൽ വെയിലിൽ അലിവോടെ കെ.എം. മാണിക്കു ജന്മനാട് വിട ചൊല്ലി. മാണി ഇല്ലാത്ത പാലാ എന്ന വിശേഷണമാണ് ഇൗ നാടിന് ഇനിയുള്ളത്.

km-mani-funeral-crowd
എന്നും ജനമധ്യത്തിൽ: സംസ്കാര ചടങ്ങുകൾക്കായി കെ.എം മാണിയുടെ മൃതദേഹം പാലാ സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചപ്പോൾ.

പ്രിയ നേതാവിനു യാത്രാമൊഴി ചൊല്ലാൻ കടൽ പോലെ ജനം ഒഴുകിയെത്തിയപ്പോൾ പാലാ ടൗൺ നിശ്ചലമായി. ചൊവ്വാഴ്ച വൈകിട്ടു കൊച്ചി ലേക് ഷോർ ആശുപത്രിയിൽ മരിച്ച കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ മൃതദേഹം മുൻകൂട്ടി നിശ്ചയിച്ചതിലും 20 മണിക്കൂറിലേറെ വൈകിയാണ് ഇന്നലെ രാവിലെ 7 നു പാലാ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിച്ചത്.

paying-homage-to-km-mani
(ചിത്രം 1) കെ.എം മാണിയുടെ മൃതദേഹത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അന്ത്യാഞ്ജലി അർപ്പിക്കുന്നു. പി.ജെ ജോസഫ് എംഎൽഎ, ഹരികുമാർ കോയിക്കൽ എന്നിവർ സമീപം. (ചിത്രം 2) പാലാ കരിങ്ങോഴയ്ക്കൽ വീട്ടിൽ കെ.എം മാണിക്ക് അന്തിമോപചാരം അർപ്പിക്കുന്ന മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവും വനിത ചീഫ് എഡിറ്റർ പ്രേമ മാമ്മൻ മാത്യുവും.

മൃതദേഹം എത്തിച്ചപ്പോൾ ഭാര്യ കുട്ടിയമ്മയും കുടുംബാംഗങ്ങളും പൊട്ടിക്കരഞ്ഞു. മകനും കേരള കോൺഗ്രസ് (എം) വൈസ് ചെയർമാനുമായ ജോസ് കെ. മാണിക്കും പിടിച്ചു നിൽക്കാനായില്ല. ഇതിനു ശേഷമാണു മൃതദേഹം വീട്ടുമുറ്റത്തു പൊതുദർശനത്തിനായി വച്ചത്. രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ പതിനായിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. റോഷി അഗസ്റ്റിൻ എംഎൽഎയും പൊലീസ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെട്ടാണു തിരക്കു നിയന്ത്രിച്ചത്.

ഉച്ചയ്ക്ക് 12,25 ന് മൃതദേഹം ശവമഞ്ചത്തിലാക്കുന്നതിനായി അന്തിമോപചാരമർപ്പിക്കുന്നത് നിർത്തി വച്ചു. ഒരു മണിക്ക് അന്തിമോപചാരമർപ്പിക്കാൻ അനുവദിച്ചതോടെ തിരക്ക് വർധിച്ചു. 1.35 ന് കേരള പൊലീസിന്റെ ആദ്യ ഗാർഡ് ഓഫ് ഓണർ നൽകി. രണ്ടാം ഗാർഡ് ഓഫ് ഓണർ സെമിത്തേരിയിലായിരുന്നു. 2 ന് വീട്ടിലെ സംസ്കാര ശുശ്രൂഷ ആരംഭിച്ചു. വൈകിട്ട് 3 നാണു മൃതദേഹം, വസതിയിൽ നിന്നു 2 കിലോമീറ്റർ അകലെയുള്ള പാലാ സെന്റ് തോമസ് കത്തീഡ്രലിലേക്കു വിലാപയാത്രയായി കൊണ്ടു പോയത്.

വിലാപയാത്ര പളളിയിലെത്തിയപ്പോൾ സമയം 5 കഴിഞ്ഞിരുന്നു. തുടർന്നാണു സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചത്. വൈകിട്ട് 6.30 നായിരുന്നു സംസ്കാരം. അന്ത്യചുംബനം നൽകുമ്പോൾ കുടുംബാംഗങ്ങൾ വിതുമ്പി. പിന്നീട് കത്തീഡ്രൽ പാരീഷ് ഹാളിൽ അനുശോചന യോഗം നടന്നു.

യാത്ര പറയാൻ നേതാക്കൻമാർ എല്ലാവരും; ഓർമകളിൽ ‘പിളരാത്ത കാലം’

പാലാ ∙ പലതവണ പിളർന്നില്ലായിരുന്നെങ്കിൽ കേരള കോൺഗ്രസ് എങ്ങനെയാകുമായിരുന്നു എന്ന് അണികളിൽ ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാവും ഇന്നലെ. കേരള കോൺഗ്രസ് നേതാക്കന്മാരുടെ സംഗമസ്ഥാനമായി ഇന്നലെ കരിങ്ങോഴയ്ക്കൽ വീട്.

കേരള രാഷ്ട്രീയത്തിൽ വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസിന്റെ എല്ലാ വിഭാഗങ്ങളുടെയും നേതാക്കൾ ഇവിടെ ഒത്തുകൂടി. കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ സംസ്കാരച്ചടങ്ങിലാണു പഴയ–പുതിയ തലമുറകളിൽപ്പെട്ട നേതാക്കൾ ഒരുമിച്ചത്. രാവിലെ 9 ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള എത്തി അന്തിമോപചാരമർപ്പിച്ചു.

കേരള കോൺഗ്രസുകാർ ഒന്നിച്ചു നിൽക്കേണ്ടതായിരുന്നുവെന്നുവെന്നും, ഒരുമിച്ചു നിന്നാൽ കരുത്തു കാട്ടാമായിരുന്നുവെന്നും ബാലകൃഷ്ണ പിള്ള മാധ്യമങ്ങളോടു പറഞ്ഞു. ശക്തനും സമർഥനുമായ ഭരണാധികാരിയായിരുന്നു കെ.എം. മാണിയെന്നും ബാലകൃഷ്ണ പിള്ള അനുസ്മരിച്ചു.

കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്, കേരള കോൺഗ്രസ് (തോമസ് വിഭാഗം) ചെയർമാൻ പി.സി. തോമസ്, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ, പാർലമെന്ററി പാർട്ടി ലീഡർ അനൂപ് ജേക്കബ്, കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാൻ സ്കറിയ തോമസ് എന്നിവരും കരിങ്ങോഴയ്ക്കൽ വീട്ടിലുണ്ടായിരുന്നു.

ആദ്യം കേരള കോൺഗ്രസും (സെക്യുലർ) പിന്നീട് ജനപക്ഷവുമായി മാറിയ പാർട്ടിയുടെ ചെയർമാൻ പി.സി. ജോർജ് ഇന്നലെ തിരുനക്കരയിൽ എത്തി കെ.എം. മാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA