ADVERTISEMENT

തൃശൂർ ∙ വീണ്ടും അധികാരത്തിലെത്തിയാൽ കേരളത്തിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം പരിഹാസ്യമാണെന്നു കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. അധികാരത്തിൽ ഇരിക്കുമ്പോൾ സുപ്രീം കോടതി വിധി വന്നതിനാൽ, ആചാര–വിശ്വാസങ്ങൾ ബോധ്യപ്പെടുത്താനും വിശദീകരിക്കാനും മോദിക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, ഉറക്കം നടിച്ച് ഒന്നും ചെയ്തില്ല. തൃശൂർ പ്രസ് ക്ലബ്ബിന്റെ ‘രാഷ്ട്രീയം പറയാം’ സംവാദത്തിൽ ആന്റണി കുറ്റപ്പെടുത്തി. 

ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തിൽ കേരളം കലാപഭൂമിയാക്കാൻ തന്റെ പാർട്ടിക്കാരെ അനുവദിച്ച ശേഷം വിശ്വാസ സംരക്ഷണത്തിനു നടപടിയെടുക്കുമെന്ന് ഇപ്പോൾ പറയുന്നത് രാഷ്ട്രീയ നാടകമാണ്. കോഴിക്കോട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരള ജനതയെ പരിഹസിക്കുന്നതാണ്. ആചാര–വിശ്വാസ സംരക്ഷണങ്ങൾക്കൊപ്പം നിൽക്കുന്ന കോൺഗ്രസിന്റെ ഭരണകാലങ്ങളിൽ ഒരു ഭക്തനും കോടതിയിൽ പോകേണ്ടി വന്നിട്ടില്ല.  ബിജെപി ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയ വിവാദത്തിലേക്കു വലിച്ചിഴയ്ക്കുന്നതു രാജ്യദ്രോഹമാണെന്നും ‌ആന്റണി പറ‍ഞ്ഞു.

കേരള ഭരണത്തിന് പാഠവും അജൻഡ

തൃശൂർ ∙ കേന്ദ്രത്തിലെ ഭരണ മാറ്റവും കേരളത്തിലെ പിണറായി സർക്കാരിനെ പാഠം പഠിപ്പിക്കലുമാണു ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുഖ്യ അജൻഡയെന്ന് എ.കെ.ആന്റണി. എല്ലാം ശരിയാക്കുമെന്നു വാഗ്ദാനം ചെയ്തവർ എല്ലാം തകർത്തു. കേരളത്തിലെ തെറ്റായ ഭരണത്തെ ഈ തിരഞ്ഞെടുപ്പിലൂടെ പാഠം പഠിപ്പിക്കും. ഇനിയുള്ള 2 വർഷത്തെ ഭരണത്തിൽ അഹങ്കാരവും ധിക്കാരവും ധാർഷ്ഠ്യവും സംസ്ഥാന സർക്കാർ ഉപേക്ഷിക്കണം. ഇടതുപക്ഷത്തിന് ഈ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും ലക്ഷ്യമുണ്ടോ? മോദിയെ മാറ്റാൻ രാഹുൽ ഗാന്ധിയുടെ കക്ഷി ജയിക്കണം. സിപിഎം ജയിച്ചാൽ മോദി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യതയാണ് വർധിക്കുന്നത്. അത് തിരിച്ചറിയുന്നവർ ഇത്തവണ കോൺഗ്രസിനു വോട്ട് ചെയ്യും. 

ദക്ഷിണേന്ത്യയിലെ പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് 3 സംസ്ഥാനങ്ങളുടെ സംഗമ ഭൂമിയായ വയനാട് രാഹുൽ ഗാന്ധി മത്സരിക്കുന്നത്. കോൺഗ്രസിന് ആരുമായും തൊട്ടുകൂടായ്മയില്ലെന്നും ഭൂരിപക്ഷത്തിനായി മറ്റു കക്ഷികളുടെ സഹായം തേടാൻ മടിക്കില്ലെന്നും ആന്റണി വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com