ADVERTISEMENT

1971 ഓഗസ്‌റ്റിലായിരുന്നു ഞാൻ ആദ്യമായി ഇടുക്കിയിലെത്തിയത്. ഇടുക്കി ജില്ലയെക്കുറിച്ചു കേൾക്കാൻ തുടങ്ങിയത് പെട്ടെന്നാണ്. റവന്യു സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാർ ഇതു സംബന്ധിച്ചു സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണു ജില്ല സംബന്ധിച്ചു സർക്കാർ തീരുമാനമുണ്ടായത്.

1972 ജനുവരി 25ന് ആണ് ഇടുക്കി ജില്ല രൂപീകരിച്ച് ഉത്തരവു പുറത്തുവന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ–ഓർഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്പെഷൽ കലക്ടറും ആയിരുന്ന ഞാൻ. പ്രോജക്ടിന്റെ ചുമതലകൾക്കു പുറമേ ജില്ലാ കലക്ടറായും പ്രവർത്തിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിരുന്നു. ഇടുക്കി ജില്ല പിറ്റേദിവസം നിലവിൽ വന്നു. മൂലമറ്റത്തു നിന്ന് എന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് ഉത്തരവു നൽകി യാത്രയാക്കി. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിർദേശിച്ചു.

സന്ധ്യ കഴിഞ്ഞപ്പോൾ ഞാൻ കോട്ടയത്ത് എത്തി. എം. രഘുനാഥനായിരുന്നു അന്നു കോട്ടയം കലക്ടർ. രാത്രിയിൽ തന്നെ ഞങ്ങൾ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവിൽ യൂണിയൻ ക്ലബ്ബിനടുത്തുള്ള ഒരു കെട്ടിടം തിരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്ക്കായിരുന്നു.

വൈകിട്ടു 4 മണിക്കു ഞാൻ ആ കെട്ടിടത്തിന്റെ മുകളിൽ ദേശീയ പതാക ഉയർത്തി. ജില്ലാ കലക്ടറായി ചാർജെടുക്കുന്ന രേഖകളിൽ ഒപ്പുവച്ചു. അതോടെ ഇടുക്കി ജില്ല നിലവിൽ വന്നു. കൊട്ടും കുരവയും ഉണ്ടായിരുന്നില്ല. പേരിനെക്കുറിച്ചും മറ്റും ചർച്ച ചെയ്യാൻ യോഗം വിളിച്ചു. മലനാട് എന്ന പേരു തന്നെ ജില്ലയ്‌ക്കു നൽകണമെന്നു വരെ അഭിപ്രായം ഉയർന്നു. ഇടുക്കി ജില്ല, ഇടുക്കി ജില്ലയായിത്തന്നെ തുടർന്നു.

(അവലംബം: ഡോ. ബാബു പോളിന്റെ ഗിരിപർവം എന്ന പുസ്‌തകത്തിൽ നിന്ന്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com