ADVERTISEMENT

അടൂർ ∙ ശബരിമല വിഷയത്തിൽ സംഘപരിവാർ തെറ്റിദ്ധാരണ പരത്തുമ്പോൾ വലിയ പ്രാധാന്യത്തോടെ ശബരിമലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിന്റെ തിരഞ്ഞെടുപ്പു പ്രചാരണാർഥം കെഎസ്ആർടിസി കോർണറിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ ബിജെപി നേതാക്കൾ പറയുന്നത് എന്തൊക്കെയാണ്. കാണിക്കയിടാൻ പാടില്ല എന്നു പറഞ്ഞ് പ്രചാരണം നടത്തിയവർ ആരായിരുന്നു? ഭക്തരെ തടയാനും ആക്രമിക്കാനും സന്നദ്ധരായവർ ആരായിരുന്നു? സന്നിധാനം കേന്ദ്രീകരിച്ച് കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർ ആരായിരുന്നു ? എല്ലാം സംഘപരിവാർ ആയിരുന്നു. ആ ഘട്ടത്തിൽ അവർക്ക് വേണ്ടത് എന്തായിരുന്നു ? ശബരിമല ഉത്സവം സമാധാനപരമായി നടക്കാൻ പാടില്ല, ഏതെങ്കിലും തരത്തിൽ അലങ്കോലപ്പെടുത്തണം.

വന്ന തീർഥാടകർക്കെല്ലാം ശരിയായ രീതിയിൽ ദർശനം നടത്താനും ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കാനും സർക്കാരിനു സാധിച്ചു. പൊളിഞ്ഞത് സംഘപരിവാറിന്റെ അജണ്ടയാണ്. അവർ ഇപ്പോഴും തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണ്. ശബരിമലയുടെ വികസന കാര്യങ്ങളിൽ വലിയ പരിഗണനയാണ് സർക്കാർ നൽകികൊണ്ടിരിക്കുന്നത്. തീർഥാടനം ഒരു കൂട്ടർ മുടക്കാൻ ശ്രമിച്ചപ്പോൾ ഫലപ്രദമായി അതു നടത്താൻ കഴിഞ്ഞു. കാണിക്ക തടസ്സപ്പെടുത്താൻ ശ്രമം വന്നപ്പോൾ അതിലൂടെ ശബരിമലയിലെ വരുമാനത്തിൽ കുറവു വന്നപ്പോൾ ആ കുറവ് ശബരിമലയുടെ പ്രവർത്തനത്തെ ബാധിക്കാൻ പാടില്ല എന്ന നിർബന്ധത്തോടെ അത്രയും തുക ശബരിമലയ്ക്കു നൽകാൻ സർക്കാർ സന്നദ്ധത കാണിച്ചതും ഇതിന്റെ ഭാഗമായിരുന്നു.

പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി കോൺഗ്രസിനെയും കടന്നാക്രമിച്ചു. മതനിരപേക്ഷതയുടെ കാര്യത്തിൽ കോൺഗ്രസിന് ബി ജെപിയുടെ സ്വരമാണ്. മതനിരപേക്ഷത സംരക്ഷിക്കേണ്ടതിനു പകരം വർഗീയതയുമായി സമരസപ്പെടുകയാണ്. മുൻ കാലങ്ങളിലെന്നപോലെ അവിശുദ്ധ കൂട്ടുകെട്ടുകൾ ഈ തിരഞ്ഞെടുപ്പിലുമുണ്ട്. ബിജെപി, കോൺഗ്രസ് നേതാക്കൾ ഒരേപോലെയാണു സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് ഡി.സജി അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ജെ.തോമസ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറി പി.ബി.ഹർഷകുമാർ, ടി.ഡി. ബൈജു, മുണ്ടപ്പള്ളി തോമസ്, ആർ. ഉണ്ണിക്കൃഷ്ണപിള്ള ജോർജ് വർഗീസ് കൊപ്പാറ, എ.ടി.തോമസ്, അടൂർ നരേന്ദ്രൻ, അർ.ജയൻ, സാംസൺ ഡാനിയേൽ മുണ്ടയ്ക്കൽ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com