ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ വോട്ടെടുപ്പിന് ഒരാഴ്ചയിലേറെ മാത്രം ശേഷിക്കെ, അവസാനഘട്ട പ്രചാരണത്തിൽ ശബരിമല വിഷയം തന്നെ മുഖ്യആയുധമാക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെ പ്രസംഗത്തിൽ അയ്യപ്പന്റെ പേരുപയോഗിച്ചില്ലെങ്കിലും ‘കേരളത്തിൽ അയ്യപ്പന്റെ പേരു പോലും പറയാൻ കഴിയാത്ത സാഹചര്യമാണ്’ എന്ന് ഇന്നലെ മംഗളൂരുവിൽ പറഞ്ഞു.

അയ്യപ്പന്റെ പേര് പറയാതെ പറയുകയെന്ന ഇൗ തന്ത്രപരമായ നിലപാടാണ് ബിജെപിക്ക്. അയ്യപ്പന്റെയോ ശബരിമലയുടെയോ പേരുപയോഗിക്കില്ല. എന്നാൽ, വോട്ടർമാരുടെ ശ്രദ്ധയെല്ലാം ശബരിമലയിലേക്കു തിരിപ്പിക്കുകയും വേണം. പരിശീലനം ലഭിച്ച സ്ക്വാഡ് വർക്കർമാർ ആഴ്ചകൾക്കു മുൻപു തന്നെ എല്ലാ മണ്ഡലങ്ങളിലും വീടുവീടാന്തരം കയറി ‘അയ്യപ്പന് ഒരു വോട്ട്’ പ്രചാരണം തുടങ്ങിയിരുന്നു.

കോഴിക്കോട്ടെ പ്രസംഗത്തിൽ ശബരിമലയെന്ന വാക്ക് ഉപയോഗിക്കാത്ത പ്രധാനമന്ത്രിയെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അഭിനന്ദിച്ചത് പക്ഷേ, ബിജെപി ക്രെഡിറ്റായി എടുക്കാൻ തയ്യാറല്ല. മീണയെ എകെജി സെന്ററിലെ ക്ലാർക്കിന്റെ പണി എടുക്കാൻ അനുവദിക്കില്ലെന്നും അയ്യപ്പനു വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ തയ്യാറാണെന്നും ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിലെ പൊതുയോഗത്തിൽ വ്യക്തമാക്കിയതു തന്നെ അതിനു തെളിവ്. വീണ്ടും ശബരിമല വിഷയം തിരഞ്ഞെടുപ്പ് ആയുധമായതോടെ പ്രതിരോധിക്കാൻ എൽഡിഎഫും ശ്രമം തുടങ്ങി. ബിജെപിക്ക് നേട്ടമുണ്ടാകുമെന്നു കരുതുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് വരുംദിവസങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പൊതുയോഗങ്ങൾ.

‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്ന ആദ്യഘട്ടത്തിലെ പ്രചാരണ പ്രയോഗം ബിജെപി പിൻവലിച്ചിരുന്നു. എന്നാൽ ശബരിമല കർമസമിതിയുടെ പേരിൽ ഇതേ വാക്കുകൾ പാതയോരങ്ങളിലെ വലിയ ഹോർഡിങ്ങുകളിൽ ഇപ്പോൾ കാണാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തുന്ന വാചകങ്ങൾ പരസ്യത്തിലില്ലാത്തതിനാൽ നടപടിയെടുക്കാൻ കഴിയുമോ എന്ന ആശയക്കുഴപ്പം തിരഞ്ഞെടുപ്പ് കമ്മിഷനുമുണ്ട്. ഇതേസമയം, ശബരിമല വിഷയം തങ്ങൾക്കും ഗുണകരമാകുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. അതിനാൽ യുവതീപ്രവേശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി തടയാൻ എൻഡിഎ സർക്കാർ ഒന്നും ചെയ്തില്ലെന്ന പ്രചാരണത്തിനാണ് യുഡിഎഫ് ഉൗന്നൽ നൽകുന്നത്.

ബിജെപിയുടെ പ്രചാരണത്തിനായി കേരളത്തിലെത്തുന്ന എല്ലാ ദേശീയ നേതാക്കളും ശബരിമല വിഷയമാണ് പ്രസംഗങ്ങളിൽ മുഖ്യമായി ഉന്നയിക്കുന്നത്. എന്നാൽ, എൽഡിഎഫ് യോഗങ്ങളിലൊന്നും ഇൗ വിഷയത്തെക്കുറിച്ചു മിണ്ടാനുള്ള ധൈര്യം നേതാക്കളാരും കാട്ടുന്നുമില്ല. ഇന്നലെയാണ് മുഖ്യമന്ത്രി ആദ്യമായി തിരഞ്ഞെടുപ്പ് യോഗത്തിൽ ശബരിമല വിഷയത്തെക്കുറിച്ച് മിണ്ടാൻ തയാറായത്. പറഞ്ഞതാകട്ടെ, ശബരിമലയിൽ സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ചും. നവോത്ഥാന കാര്യങ്ങളിലേക്കു കടന്നതേയില്ല. യുവതീപ്രവേശത്തിനും വനിതാമതിലിനും പിന്നാലെ നാടുനീളെ വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ച എൽഡിഎഫ് നേതാക്കളാണ് വോട്ടെപ്പിൽ തിരിച്ചടി ഭയന്ന് ശബരിമല വിഷയത്തിൽ തന്ത്രപരമായ മൗനത്തിലേക്കു മാറിയത്. 

മോദിയെ മാതൃകയാക്കണം: ടിക്കാറാം മീണ

''ശബരിമലയെന്ന വാക്ക് ഉപയോഗിക്കാതെ വിഷയം പരാമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലി എല്ലാവരും മാതൃകയാക്കണം. കോഴിക്കോട്ടെ സമ്മേളനത്തിൽ പ്രധാനമന്ത്രി ശബരിമല എന്ന വാക്ക്് പറഞ്ഞിട്ടില്ല. പ്രചാരണത്തിൽ ശബരിമല വിഷയം ഉന്നയിക്കാം. അതു രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയമാണ്. ആചാരങ്ങളും അനുഷ്്ഠാനങ്ങളും എന്നാണു പ്രധാനമന്ത്രി  പറഞ്ഞത്. ആരെങ്കിലും ലക്ഷ്്മണ രേഖ ലംഘിച്ചാൽ നടപടിയുണ്ടാകും. മതം, ജാതി, ദൈവം തുടങ്ങിയവയുടെ പേരിൽ വോട്ട് ചോദിക്കരുത്. കാസർകോട്, തൃശൂർ, കൊല്ലം കലക്ടർമാർക്കു ലഭിച്ച പെരുമാറ്റച്ചട്ടലംഘന പരാതികളിൽ അവർക്കു യുക്തമായ നടപടി സ്വീകരിക്കാം. അമിതമായി മതവും വിശ്വാസവും ചർച്ചചെയ്തു സൗഹാർദ്ദം തകർക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുത്.'' - ടിക്കാറാം മീണ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com