കെ.എം. മാണിക്ക് ആദരമർപ്പിച്ച് രാഹുൽ

rahul-visit-to-km-mani-house
SHARE

പാലാ ∙ എംഎൽഎയായി 54 വർഷം തുടർന്നതു കെ.എം. മാണിയുടെ ജനപിന്തുണയുടെ തെളിവാണെന്ന് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. 

കെ.എം. മാണിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നു പാലായിലെത്താൻ 22 മണിക്കൂർ വേണ്ടിവന്നതിനെപ്പറ്റി പരാമർശിച്ച രാഹുൽ, ജനങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധമാണ് ഇതിനു കാരണമെന്നു പറഞ്ഞു.

കെ.എം. മാണിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടതെന്നും രാഹുൽ പറഞ്ഞു. മുന്നണി ഭരണത്തിൽ മാണിയുടെ ഉപദേശങ്ങൾ എന്നും തേടാറുണ്ടായിരുന്നെന്നും അനുസ്മരിച്ചു.

പത്തനംതിട്ടയിലെ പൊതു സമ്മേളനത്തിനു ശേഷം ഇന്നലെ ഉച്ചയ്ക്കു 2 മണിയോടെയാണു രാഹുൽ ഗാന്ധി പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തിയത്. 

കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കൊപ്പം എത്തിയ രാഹുലിനെ ജോസ് കെ. മാണി എംപി സ്വീകരിച്ചു. കെ.എം. മാണിയുടെ ചിത്രത്തിൽ രാഹുൽ പൂക്കൾ അർപ്പിച്ചു. വീട്ടിൽ 10 മിനിറ്റോളം ചെലവഴിച്ചു. കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ രാഹുൽ ഗാന്ധിയെ ഷാൾ അണിയിച്ചു.

കെ.എം. മാണിയുടെ പത്നി കുട്ടിയമ്മ, മക്കളായ എൽസമ്മ, ആനി, സാലി, ടെസി, സ്മിത, മരുമക്കളായ എം.പി. ജോസഫ്, നിഷ ജോസ് കെ. മാണി, ബിഷപ്പുമാരായ ജോസഫ് പള്ളിക്കാപ്പറമ്പിൽ, ജോസഫ് കല്ലറങ്ങാട്, ജേക്കബ് മുരിക്കൻ എന്നിവരുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തി. പാലാ സെന്റ് തോമസ് കോളജിന്റെ ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്റ്ററിൽ രാഹുൽ ആലപ്പുഴയിലേക്കു പോയി.

കേരള കോൺഗ്രസ് (എം) എംഎൽഎമാരായ സി.എഫ്. തോമസ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് എന്നിവരും ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് എംഎൽഎയും രാഹുലിനെ സ്വീകരിക്കാൻ മാണിയുടെ വീട്ടിൽ എത്തിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA