ADVERTISEMENT

കുന്നംകുളത്തെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസിൽനിന്നു മീനാക്ഷിപുരത്തെ പ്രവർത്തകനെ ഫോണിൽ വിളിച്ചാൽ ആശയവിനിമയം അത്ര എളുപ്പമാകില്ല. ‘എങ്ങനെണ്ടടാ ഘടീ മ്മടെ വർക്കൊക്കെ? മാസല്ലേ’ന്നു തൃശൂർ മലയാളത്തിൽ ചോദിച്ചാൽ ‘എന്ന സാർ, തെരിയാത്. ക്ലിയറാ പേശുങ്കോ..’ എന്നാവും മറുതലയ്ക്കലെ മറുപടി.

‘എന്തൂട്ട് ഭാഷാണിത്, ഇയാൾ ആലത്തൂർ മണ്ഡലത്തിലല്ലേ’ന്നു കുന്നംകുളത്തുനിന്നു കോപപ്പെട്ടാൽ ‘ആമ സാർ’ എന്നു മീനാക്ഷിപുരത്തെ പ്രവർത്തകൻ മറുപടി നൽകും. രണ്ടു സ്ഥലവും ആലത്തൂർ മണ്ഡലത്തിലാണ്. പക്ഷേ, ഇവിടെ മലയാളം തന്നെ പലതാണ്. കുന്നംകുളത്ത് തൃശൂർ മലയാളം. തലപ്പിള്ളി താലൂക്ക് കഴിഞ്ഞു നാണ്വാർ എന്ന വികെഎന്നിന്റെ നാട്ടിലൂടെ വരുമ്പോൾ ചിലയിടത്തു വള്ളുവനാടൻ മലയാളം. ‘ന്ന്വച്ചാൽ വോട്ട് നമുക്ക് തന്നെയാണല്ലോ, ല്ല്യേ’ എന്നൊരു ചോദ്യം.

തൃശൂർ ജില്ലയുടെ അതിർത്തി കടന്ന് തരൂർ നിയമസഭാ മണ്ഡലത്തിലെത്തിയാൽ അത്രയ്ക്കങ്ങു തെളിയാത്ത പാലക്കാടൻ ഭാഷ. ചിതലി മല കടന്നാൽ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിൽ ഒ. വി. വിജയന്റെ കഥാപാത്രങ്ങൾ സംസാരിക്കുന്ന നാട്ടുമൊഴി. ആലത്തൂരും പിന്നിട്ടു നെന്മാറയിലേക്കു കടക്കുമ്പോൾ നന്നായി ‘തെളിയുംട്ടോളീ’ എന്നു പാലക്കാടൻ മലയാളം. തമിഴ്നാട് അതിർത്തിയായ മീനാക്ഷിപുരത്തും മുതലമടയിലുമെത്തിയാൽ ചുവരെഴുത്തുകൾ തമിഴിലാണ്. വോട്ടു കിട്ടണമെങ്കിൽ തമിഴ് പേശണം.

വേറെയുമുണ്ട് രസങ്ങൾ. രണ്ടു ജില്ലകളിലായി പരന്നുകിടക്കുന്ന ആലത്തൂർ മണ്ഡലത്തിലെ നല്ലൊരു ശതമാനം വോട്ടർമാരും ആലത്തൂരങ്ങാടി കണ്ടിട്ടില്ല. കുന്നംകുളം നിയമസഭാ മണ്ഡലത്തിൽപ്പെട്ട കവലയിലെ തട്ടുകടയ്ക്കു മുന്നിൽനിന്ന നാലു പേരിൽ ദേശീയപാതയിലൂടെ ആലത്തൂർ വഴി ഒരിക്കൽ കടന്നുപോയിട്ടുണ്ടെന്നു പറഞ്ഞത് ഒരാൾ മാത്രം. അദ്ദേഹവും ആലത്തൂരങ്ങാടിയിലേക്കു കയറിയിട്ടില്ല. ദേശീയപാത വഴി സൂപ്പർ ഫാസ്റ്റ് ബസിൽ ഒറ്റക്കുതിപ്പ്, അത്ര തന്നെ. വടക്കാഞ്ചേരിക്കാർ പലരും ചേലക്കര വഴി ആലത്തൂരങ്ങാടിയിലൂടെ പോകാറുണ്ട്. പക്ഷേ ചിറ്റൂരും നെന്മാറയും കണ്ടവർ ചുരുങ്ങും. എന്നാൽ ഈ ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മിക്ക ഷാപ്പുകളിലേക്കും കള്ളെത്തുന്നതു ചിറ്റൂരിൽ നിന്നാണ്! ഇങ്ങനെ നോക്കിയാൽ ആകെയൊരു മണ്ഡലപൊതുബോധം കുടിയന്മാരുടെ സിരകളിലുണ്ട്.

പിന്നെയൊരു സമാനത പൂരപ്രേമത്തിലും മേളക്കമ്പത്തിലും. പാലക്കാടൻ ഭാഗത്തു നെന്മാറ വല്ലങ്ങിയുണ്ടെങ്കിൽ തൃശൂർ ഭാഗത്ത് ഉത്രാളിക്കാവും മച്ചാട് മാമാങ്കവുമുണ്ട്. പല്ലശ്ശനയും പല്ലാവൂരും കുനിശ്ശേരിയും മുതൽ ഗായത്രി പുഴയിലൂടെയും മായന്നൂർ പുഴയിലൂടെയും നിളയിൽ കലർന്നു മണ്ഡലം മുഴുവൻ ഒഴുകിപ്പരക്കുന്നു മേളക്കമ്പം.

അധികാരപ്രയോഗത്തെയും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെയും തമാശയിൽ വറുത്തെടുത്തു പയ്യൻ കഥകളാക്കിയ വടക്കേ കൂട്ടാല നാരായണൻ കുട്ടി നായർ എന്ന വികെഎൻ മരിച്ചു നാലു വർഷം കഴിഞ്ഞാണ് ആലത്തൂർ മണ്ഡലം രൂപീക‍ൃതമാവുന്നത്. അല്ലെങ്കിൽ ഈ മണ്ഡലത്തിന്റെ കിടപ്പിനെപ്പറ്റി ടിയാൻ ഒരു കിടുകിടുപ്പൻ തമാശക്കഥ എഴുതിയേനെ!
ആലത്തൂർ മണ്ഡലം പിറന്നതിൽ പിന്നെ രണ്ടു തവണയും പി. കെ. ബിജുവിനെയാണു വോട്ടർമാർ ലോക്സഭയിലേക്കയച്ചത്. ആലത്തൂരും നെന്മാറയും തരൂരുമൊക്കെ പണ്ടേ ചുവപ്പിൽ കുളിച്ച പ്രദേശങ്ങളാണ്. മറ്റിടങ്ങളിലും കുറവല്ല ചുവപ്പുരാശി. ഇക്കുറിയും ഇടതുമുന്നണിയുടെ സ്ഥാനാർഥി ബിജു തന്നെ. പോസ്റ്ററിലും ചുവരെഴുത്തിലുമെല്ലാം വെറും ബിജുവല്ല, ഡോക്ടർ ബിജുവാണ്. അതും രസതന്ത്രം പഠിച്ച ഡോക്ടർ.

ആലത്തൂരിൽ ഉൾപ്പെട്ട ഏഴു നിയമസഭാ മണ്ഡലങ്ങളിൽ വടക്കാഞ്ചേരി മാത്രമാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ തുണച്ചത്. ആ തിരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്കു നോക്കിയാൽ ഇടതു മുന്നണിയുടെ ഭൂരിപക്ഷം തൊണ്ണൂറായിരത്തിലധികം. പക്ഷേ ഈ കണക്കിൽ ഒട്ടും അഹങ്കരിക്കുന്നില്ല എൽഡിഎഫ് പ്രവർത്തകർ. മണ്ഡലത്തിൽ കണ്ടുമുട്ടിയവരിൽ ഭൂരിപക്ഷവും പറയുന്നു, ആരും അത്ര വലിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ പോകുന്നില്ല.

കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് അധ്യക്ഷ രമ്യ ഹരിദാസാണ് യുഡിഎഫിനു വേണ്ടി കളത്തിൽ. മത്സരം ചൂടുപിടിച്ചപ്പോൾ ശരിക്കും രമ്യ ആരാണെന്നു കേരളമറിഞ്ഞു. ആറു വർഷം മുൻപു രാഹുൽ ഗാന്ധി ഡൽഹിയിൽ നടത്തിയ ടാലന്റ് ഹണ്ടിലൂടെ യൂത്ത് കോൺഗ്രസ് ദേശീയ കോ–ഓർഡിനേറ്ററായ യുവതി. ഏകതാപരിഷത് നടത്തിയ ആദിവാസി ദലിത് സമരങ്ങളിൽ സജീവാംഗം. ഗാന്ധിയനായ ഡോ. പി. വി. രാജഗോപാലിന്റെ ശിക്ഷണത്തിലാണു രമ്യ സബർമതി ആശ്രമത്തിൽ നിന്നു ദലിത് പ്രക്ഷോഭങ്ങളിലേക്കു ചുവടുവച്ചത്. സ്വപ്രയത്നം കൊണ്ട് ഇംഗ്ലിഷ്, ജാപ്പനീസ് ഭാഷകൾ പഠിച്ചു. 2012 ൽ ജപ്പാനിൽ നടന്ന ലോക യുവജന സമ്മേളനത്തിലും പങ്കെടുത്തു. ഗാനാലാപനത്തിന്റെ ചുരികയും എളിമയുടെ പരിചയുമായി അങ്കത്തട്ടിലിറങ്ങിയപ്പോൾ തന്നെ സംസ്ഥാനം മുഴുവൻ രമ്യയുടെ പാട്ടും ചിരിയും വൈറലായി.

പിന്നെ കണ്ടതു ബിജുവിന്റെ മിത്രങ്ങൾ ആക്ഷേപിച്ചും പരിഹസിച്ചും രമ്യയെ സൂപ്പർ താരമാക്കുന്നതാണ്. വിവാദങ്ങൾക്കു മറുപടിയുമായി ചാനൽ ചർച്ചകളിൽ വന്നിരുന്ന് രമ്യ മുഴുവൻ വീട്ടകങ്ങളിലും കയറിപ്പറ്റി. ഈ സമയത്തെല്ലാം ഒരു വരി കവിത ബിജു മനസ്സിൽ മൂളിയിരിക്കും. കെപിഎസിക്ക് ഒരുപാട് വിപ്ലവഗാനങ്ങളെഴുതിയ അതേ കവിയുടെ വരികൾ: ‘ശത്രുശരങ്ങളല്ല, ആത്മക്ഷതങ്ങളാണെത്രയും ദുസ്സഹം...’ ക്ഷതമുണ്ടായതു സ്വന്തം പക്ഷത്തുനിന്നു തന്നെ.

എന്നാൽ രമ്യയുടെ പാട്ടിനു സിനിമ കൊണ്ടു മറുപടി പറയുകയാണിപ്പോൾ എൽഡിഎഫ്. പ്ലാച്ചിമടയിലെ മൂന്നും കൂടിയ മുക്കിൽ നിർത്തിയിട്ട മിനി ലോറിക്കു ചുറ്റും തടിച്ചുകൂടിയ ആളുകൾ കാണുന്നതു ‘വെട്ടിക്കൂട്ടിയുണ്ടാക്കിയ പുതിയ സിനിമയാണ്. കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ കഥ പറയുന്ന ‘ലാൽ സലാം’ പോലുള്ള ചിത്രങ്ങളിൽ നിന്നെടുത്ത സൂപ്പർ താര സംഭാഷണങ്ങൾക്കൊപ്പം ഇഎംഎസും നായനാരും പിണറായിയും കോടിയേരിയും നടത്തുന്ന പ്രസംഗങ്ങൾ. ദൃശ്യങ്ങൾ സമർഥമായി എഡിറ്റ് ചെയ്തു ചേർത്തു വിപ്ലവഗാനങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ഡിജിറ്റൽ കാഴ്ചയാണിത്. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, വിജയ്, ദുൽഖർ സൽമാൻ, ജയസൂര്യ, കലാഭവൻ മണി തുടങ്ങിയവരെല്ലാം പല സിനിമകളിലായി കമ്യൂണിസത്തെ വാഴ്ത്തുന്നു. ഇടയ്ക്ക് സുനിൽ പി. ഇളയിടവും. നാടൻപാട്ടിനോടു പടവെട്ടി ജയിക്കുമോ ഈ സിനിമാക്കളിയെന്നു കണ്ടറിയാം.

കെപിഎംഎസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ബിഡിജെഎസ് സ്ഥാനാർഥിയുമായ ടി. വി. ബാബു ചില പോസ്റ്ററുകളിൽ ചിരിക്കാത്തത് ഫലമറിയുമ്പോൾ ചിരിക്കാൻ വേണ്ടിയാണെന്നു പറയുന്നവരുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് എൺപത്തിയേഴായിരത്തിലധികം വോട്ടു കിട്ടിയിരുന്നുവെന്നും ഓർമിപ്പിക്കുന്നു.

പന്ത്രണ്ടു ലക്ഷത്തിലേറെ വോട്ടർമാരുള്ള ആലത്തൂരിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കാൽലക്ഷത്തിലധികമാണ്. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലുമുള്ള രാഷ്ട്രീയ ബുദ്ധിജീവികൾ ഇതിനൊക്കെ ചില അർഥങ്ങൾ കാണുന്നുണ്ടാവാം.

തേങ്കുറുശ്ശിയിലെ ഓലകൊണ്ടു മേൽക്കൂരയും മറയുമുള്ള ചെറുവീടുകൾക്കു മുന്നിലെ മുള്ളുവേലിപ്പുറത്തു മൂന്നു പ്രധാന സ്ഥാനാർഥികളുടെയും ചിത്രം പതിച്ച ബോർഡുകൾ കണ്ടു. അതുവഴിവന്ന, ശബരിമലയ്ക്കു പോകാൻ വ്രതമെടുത്ത രാജേന്ദ്ര സ്വാമി എന്ന വോട്ടർ മൂന്നു ചിത്രത്തിലേക്കും നോക്കി ഗൂഢമായി ചിരിക്കുന്നതും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com