ADVERTISEMENT

രാഹുൽ ഗാന്ധി വരുന്നതു പ്രസംഗിക്കാനല്ല, മത്സരിക്കാനാണെന്ന് കയ്യിൽ നുള്ളി ഉറപ്പിക്കുകയായിരുന്നു വയനാട് മണ്ഡലം. ആ അമ്പരപ്പ് ഇവിടെ എല്ലായിടത്തും കാണാം. സാധാരണ സുരക്ഷിതമണ്ഡലമെന്നു കരുതി ഉഴപ്പുന്ന യുഡിഎഫിന് ചെറുപ്പക്കാർ ആവേശപൂർവം പ്രവർത്തനത്തിനു വരുന്നതിന്റെ അമ്പരപ്പ്. 2014ൽ എം.ഐ. ഷാനവാസിന്റെ ഭൂരിപക്ഷം 20,870 വോട്ടിലൊതുക്കിയ ആത്മവിശ്വാസത്തിൽ ഇത്തവണ ഒരു കൈ നോക്കാമെന്നു കരുതിയ ഇടതുപക്ഷത്തിന് ‘ഇങ്ങനെയൊക്കെ ചെയ്യാമോ’ എന്ന പരിഭവം നിറഞ്ഞ അമ്പരപ്പ്. അമേഠിയിൽ രാഹുലിനെ വരിഞ്ഞുമുറുക്കാൻ സർവതന്ത്രവും പയറ്റുന്ന ബിജെപിക്കു വയനാട്ടിൽ അതൊന്നും പോരല്ലോ എന്ന അമ്പരപ്പ്.'

ഇതേസമയം, വോട്ടർമാർക്ക് ആദ്യത്തെ അമ്പരപ്പു മാറിയ മട്ടാണ്. അനുഭാവികളല്ലാത്തവരുടെ പോലും വാട്സാപ് സ്റ്റാറ്റസിൽ രാഹുലുണ്ട്. ആരാധകരാകട്ടെ ആനന്ദത്തിലുമാണ്.

ഉരുൾപൊട്ടുന്ന പ്രതിഷേധം

മുക്കം ബസ് സ്റ്റാൻഡിനടുത്തുള്ള ബീഫ് സ്റ്റാളിൽ ജോലി ചെയ്യുന്ന കൂടരഞ്ഞിക്കാരൻ ഹസൻ പറയും: ‘‘എന്തിനാണ് വോട്ട് ചെയ്യുന്നതെന്നൊക്കെ ചിലപ്പോൾ തോന്നും. പക്ഷേ രാഹുൽ വന്നാൽ വല്യ മാറ്റമുണ്ടാകും. അല്ലെങ്കിൽ ജീവിക്കാൻ പറ്റൂലാന്നേ.’’
‘‘ഇവിടെ ഹിന്ദിക്കാരാണ് കൂടുതൽ ബീഫൊക്കെ വാങ്ങുന്നത്’’ എന്നൊരു കടുംവെട്ടുമായി ഹസൻ അടുത്ത പീസിലേക്കു കടന്നു.
മുക്കം ടൗണിൽ കണ്ടുമുട്ടിയ ബാബുരാജ് നോട്ടു നിരോധനത്തോടെ ജോലി പോയ ആളാണ്. ഇപ്പോൾ കൺസ്ട്രക്‌ഷൻ സൈറ്റിൽ സെക്യൂരിറ്റിയാണ്. വണ്ടിക്കൂലിക്കു പോലും തികയാത്ത ശമ്പളവുമായി എങ്ങനെ കുട്ടികളെ പഠിപ്പിക്കുമെന്നാണു ചോദ്യം.

വയനാട്ടില്‍ രാഹുൽ ഗാന്ധിയുടെ പോരാട്ടം, വോട്ട് ഓണ്‍ വീൽസ് വിഡിയോ സ്റ്റോറി കാണാം

മുക്കത്തുനിന്ന് വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴി കയറി ചെന്നാൽ കക്കാടംപൊയിലിലെത്താം. പ്രകൃതിക്ഷോഭങ്ങൾ കൊണ്ടും പാവങ്ങളുടെ ഊട്ടിയെന്ന പേരിലും വാർത്തകളിൽ ഇടം പിടിച്ച കക്കാടംപൊയിൽ, പൊന്നാനിയിലെ ഇടതു സ്ഥാനാർഥി പി.വി. അൻവറിന്റെ വിവാദ വാട്ടർ തീം പാർക്കിന്റെ പേരിലാണ് അടുത്തകാലത്തു ‘ഫ്ലാഷാ’യത്. മലമുകളിലെ അങ്ങാടിയിൽ നിന്നാൽ അപ്പുറത്തെ മലയിലെ തീംപാർക്കും വില്ലകളും കാണാം. ഉരുൾപൊട്ടിയതിന്റെ പാടുകാണാം.

‘‘അതു ചാനലുകാരും പത്രക്കാരും ചില രാഷ്ട്രീയക്കാരുമുണ്ടാക്കിയ ഉരുൾപൊട്ടലാണ്. അതിനപ്പുറത്ത് ആ കാണുന്ന മല വനംവകുപ്പിന്റേതാണ്. അവിടെയും ഉരുൾപൊട്ടിയിട്ടുണ്ട്. അതു പാർക്ക് കൊണ്ടാണോ ?’’– കർഷകനായ ഉള്ളാട്ടിൽ ജോസ് ചോദിക്കുന്നു. വിവാദം കൊണ്ട് വികസനം ഇല്ലാതായിപ്പോകുമെന്ന പക്ഷക്കാരനാണു ജോസ്.

പച്ചക്കറിക്കടയിൽ സാധനം വാങ്ങാനെത്തിയ ചേച്ചിയുടെ കയ്യിൽ 5 രൂപയുടെ നാണയമോ നോട്ടോ ഇല്ലാത്തതിന്റെ ആശയക്കുഴപ്പം. 5 എന്നെഴുതിയ എന്തെങ്കിലും മതിയെന്ന മട്ടിലാണു കടയുടമ കല്ലടയിൽ തങ്കച്ചൻ. ‘‘നോട്ടു നിരോധനം വന്നതോടെ മൊത്തം കച്ചവടവും പോയി. കൃഷിക്കാരനു വില കിട്ടാതായി. ഇടനിലക്കാരൻ ലാഭമുണ്ടാക്കുന്ന അവസ്ഥയ്ക്കു മാറ്റമില്ല.’’

ഏറനാടൻ കാറ്റ് പറയുന്നത്

അവിടെനിന്ന് മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലത്തിലുള്ള തെരട്ടമ്മലിലേക്കു വനം റോഡിലൂടെയാണു യാത്ര. മൊബൈലിനു റേഞ്ചില്ല. കുട്ടികൾ മാവിനെറിയുകയും ക്രിക്കറ്റ് കളിക്കുകയും ചെയ്യുന്നുണ്ട്. കാറ്റിനു പോലും ഫുട്ബോളിന്റെ മണമുള്ള നാടാണ് രാജ്യാന്തര താരങ്ങളുടെ ദേശമായ തെരട്ടമ്മൽ. സീസണിൽ നേടിയ ട്രോഫികളുടെ എണ്ണം തെരട്ടമ്മൽ സോക്കർ അക്കാദമി ഓഫിസിലെ ബോർഡിലുണ്ട്. മലബാറിലെ കുട്ടി ടീമുകളുടെ ബാഴ്സലോനയാണ് തെരട്ടമ്മൽ അക്കാദമി.

അതിനടുത്തുള്ള ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രവാസി ഹരിത സഹകരണസംഘത്തിന്റെ വരാന്തയിൽ നിൽക്കുന്നവർക്കു രാഹുലിന്റെ ഭൂരിപക്ഷത്തെക്കുറിച്ചേ തർക്കമുള്ളൂ. എന്താണു കാര്യമെന്നതിന് കാരണങ്ങൾ നേരത്തെ കേട്ടതൊക്കെത്തന്നെ. ഗൾ‌ഫിലെ പ്രതിസന്ധി കാരണം തിരിച്ചെത്തുന്നവർ കഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് സംഘം പ്രസിഡന്റ് വി.പി.റൗഫിനു പറയാനുള്ളത്. ‘‘ഒരു ലോണെടുക്കാൻ ബാങ്കിൽ പോയാലറിയാം. പണം കൈവശമുള്ളവൻ ഇറക്കാൻ ധൈര്യപ്പെടുന്നില്ല. നാളെ എല്ലാംകൂടി ഒരു പോക്കങ്ങു പോയാലോ ?’’

കാൽച്ചുവട്ടിലെ മണ്ണ് ചോരാതിരിക്കാൻ

നേരത്തേ തന്നെ കളത്തിലിറങ്ങിയ പി.പി.സുനീറിനു വേണ്ടി ഇടതുമുന്നണി ആഞ്ഞു പിടിക്കുന്നുണ്ട്. സിപിഐക്കാർക്കു വേണ്ടി ഉഷാറാവില്ലെന്ന് ആക്ഷേപം കേൾക്കാറുള്ള സിപിഎം രണ്ടുംകൽപിച്ചു മുന്നിലുണ്ട്. അതു സുനീറിനു വേണ്ടിയല്ല, ഉറച്ച പാർട്ടി വോട്ടുകൾകൂടി രാഹുലിനു പോകാതിരിക്കാനാണെന്ന് യുഡിഎഫും എൻഡിഎയും കുശുമ്പു പറയുന്നു.
ഒരു മനസ്സുള്ളവർ വരുമ്പോൾ പ്രകൃതി ഒരേ സ്വഭാവം കാണിക്കുമെന്നു പറയുന്നതു പോലെ, രാഹുൽ വന്നു പോയപ്പോഴും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വന്നു പോയപ്പോഴും ബത്തേരിയിൽ മഴ പെയ്തു.

നിലമ്പൂരിൽനിന്നു വയനാട്ടിലേക്കു പോകുന്ന വഴിയിൽ പോസ്റ്ററുകളിൽ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും മോദിയുമുണ്ട്. എങ്കിലും ചക്ക ചിഹ്നവുമായി നിൽക്കുന്ന സ്വതന്ത്രന്റെ അത്ര പോസ്റ്ററുകൾ പോലുമില്ലേയെന്നു വേണമെങ്കിൽ സംശയിക്കാം. ബിഡിജെഎസിന്റെ ചർച്ചകളൊക്കെ ബിജെപി ദേശീയ നേതൃത്വവുമായി നേരിട്ടായതു കൊണ്ടാണ് പോസ്റ്ററിൽ കേരള ബിജെപി നേതാക്കളില്ലാത്തതെന്ന് ആരോ തമാശ പറഞ്ഞു. രാഹുലിനെ നേരിടാൻ തൃശൂരിൽനിന്ന് ചങ്കൂറ്റത്തോടെയെത്തിയ തുഷാറാണ് ഒറിജിനൽ പുലിക്കുട്ടിയെന്ന് എൻഡിഎ കരുതുന്നു. മണ്ഡലത്തിലെ 41% ഭൂരിപക്ഷ വോട്ട് അടിസ്ഥാനമാക്കിയാണ് അവരുടെ കണക്കുകൂട്ടൽ.

tribal-colony
സുൽത്താൻബത്തേരി ചെതലയം താത്തൂർ പണിയ കോളനിയിലെ കുടിലിനു മുന്നിൽ ആദിവാസികൾ.

ഇവർക്കുവേണ്ടി ആരുണ്ട്?

ജില്ലകൾ മാറുമ്പോൾ ആളുകൾക്കു മാറ്റമുണ്ടെന്നേയുള്ളൂ. പ്രശ്നങ്ങൾക്കും നിലപാടുകൾക്കും പ്രാരബ്ധങ്ങൾക്കും വ്യത്യാസമില്ല. കൃഷിയില്ലാതാകുന്ന വയനാട്ടിൽ കൃഷിപ്പണിക്കാരായ ഗോത്രവിഭാഗക്കാർ 10 വർഷത്തിനപ്പുറമുണ്ടാവില്ലെന്നാണ് അവർക്കിടയിൽ പ്രവർത്തിക്കുന്ന തോട്ടക്കര കുഞ്ഞുമുഹമ്മദ് പറയുന്നത്. വയനാട് ജില്ല വന്നപ്പോഴുണ്ടായിരുന്നതിന്റെ 73 % വയൽ ഇപ്പോഴില്ല. ഉള്ളതിൽ 27 ശതമാനത്തിൽ കൃഷിയുമില്ല. ഏതുഭരണം വന്നാലും ഗോത്രവിഭാഗക്കാർക്കു ചൂഷണം ബാക്കി. അതു കാണിക്കാൻ ചെതലയം താത്തൂരിലെ പണിയ കോളനിയിലേക്കു കുഞ്ഞുമുഹമ്മദ് കൊണ്ടുപോയി.

‘രാഹുൽ ഗാന്ധി മത്സരിക്കുന്നത് അറിയാമോ ?’ – കോളനിയിലെ സ്വന്തം പ്രായം പോലുമറിയാത്ത ചുണ്ടയോടു ചോദിച്ചു. ഗോത്രവർഗക്കാരിൽനിന്നു സംസ്ഥാന സിനിമാ അവാർഡ് നേടിയ മണിയുടെ ബന്ധുവാണ് ചുണ്ട. കൂടെ വന്ന ഫൊട്ടോഗ്രഫറാണോ രാഹുൽ ഗാന്ധി എന്ന സംശയത്തിലാണു ചുണ്ട. അതാണു കോളനികളിലെ രാഷ്ട്രീയ സാക്ഷരതയെന്ന് കുഞ്ഞുമുഹമ്മദ്. അതിനൊരു മാറ്റമുണ്ടാകുമോ ?
വയനാട്ടിലെ വിജയിയാണ് മേയ് 23നു ശേഷം ഉത്തരം പറയുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com