ADVERTISEMENT

തൃക്കൈപ്പറ്റ (വയനാട്) ∙ ‘‘രാജ്യത്തിനു വേണ്ടി രക്തസാക്ഷിയായ രാജീവിന്റെ മകളാണു ഞാൻ. ഉറ്റവരുടെ അപ്രതീക്ഷിത വേർപാടിന്റെ വേദന എനിക്കു മനസ്സിലാകും. നിങ്ങൾ നല്ല ധൈര്യമുള്ള സ്ത്രീയാണ്’’- പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ വി.വി. വസന്തകുമാറിന്റെ ഭാര്യ ഷീനയുടെ കൈപിടിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രിയങ്കയെ ഷീന ചേർത്തുപിടിച്ചു. മുഖത്തോടുമുഖം നോക്കി ഇരുവരും ഏറെനേരം നിന്നു.

priyanka-at-vasanth-kumar-home
പുൽവാമയിൽ വീരമൃത്യു വരിച്ച ജവാൻ വി.വി.വസന്തകുമാറിന്റെ വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിൽ എത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വസന്തകുമാറിന്റെ മകൻ അമർദീപിനെ ആശ്വസിപ്പിക്കുന്നു. ഭാര്യ ഷീന, മകൾ അനാമിക തുടങ്ങിയവർ സമീപം. ചിത്രം: സജീഷ് ശങ്കർ∙ മനോരമ

‘‘മുന്നോട്ടുള്ള ജീവിതത്തിൽ ഞങ്ങൾ എല്ലാവരും ഒപ്പമുണ്ട്’’- ഷീനയ്ക്കും കുടുംബത്തിനും പ്രിയങ്കയുടെ ഉറപ്പ്. വസന്തകുമാറിന്റെ തൃക്കൈപ്പറ്റ വാഴക്കണ്ടി കോളനിയിലെ തറവാട്ടുവീട്ടിലെ കൂടിക്കാഴ്ച വികാരനിർഭരമായിരുന്നു. വസന്തകുമാറിന്റെ മക്കളായ അനാമികയും അമർദീപും പ്രിയങ്കയുടെ സാരിത്തുമ്പിൽ കയ്യെത്തിച്ചുനിന്നു.

ഉച്ചയ്ക്കു രണ്ടരയോടെയാണു പ്രിയങ്ക എത്തിയത്. കനത്ത സുരക്ഷാവലയത്തിലായിരുന്നു വീടും പരിസരവും. ഷീനയ്ക്കു ലഭിച്ച സർക്കാർ സഹായങ്ങളെക്കുറിച്ചും മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രിയങ്ക ചോദിച്ചറിഞ്ഞു. ഭാവിയിൽ എന്ത് ആവശ്യങ്ങളുണ്ടെങ്കിലും അറിയിക്കണം– സ്വന്തം ഫോൺ നമ്പർ കൊടുത്തശേഷം ഷീനയോടും വസന്തകുമാറിന്റെ അമ്മ ശാന്തയോടും പ്രിയങ്ക പറഞ്ഞു.

ഇതിനിടെ, വീട്ടുകാർ കപ്പവേവിച്ചതും പച്ചമുളകു ചമ്മന്തിയും എത്തിച്ചു. നാടൻ വിഭവങ്ങൾ അവർ ആസ്വദിച്ചുകഴിച്ചു. പുറത്തു തടിച്ചുകൂടിയ ജനക്കൂട്ടത്തിനടുത്തെത്തി എല്ലാവർക്കും കൈകൊടുത്താണു പ്രിയങ്ക മടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, പഴകുളം മധു തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

മുൻപു രാഹുൽ ഗാന്ധിയും വസന്തകുമാറിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ അനുമതി ലഭിച്ചില്ല.

priyanka-sreedhanya
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശ്രീധന്യ സുരേഷിനെ വയനാട് തൃക്കൈപ്പറ്റയിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കണ്ടപ്പോൾ.

ശ്രീധന്യയ്ക്കൊരു സ്നേഹാലിംഗനം

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യ സുരേഷും പ്രിയങ്ക നേരിൽക്കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടർന്നു വസന്തകുമാറിന്റെ വീട്ടിലെത്തിയിരുന്നു. ശ്രീധന്യയ്ക്കും അമ്മ കമലയ്ക്കും പ്രിയങ്കയുടെ സ്നേഹാലിംഗനം, അഭിനന്ദനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com