ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂരിൽ നിന്നു ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ പദ്ധതി വിജയിച്ചില്ല. ശാസ്തമംഗലം രാജാ കേശവദാസ് ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിലായിരുന്നു സുരേഷ് ഗോപിയുടെ വോട്ട്.

രാവിലെ തൃശൂരിലെ പോളിങ് വിലയിരുത്തിയ ശേഷം വൈകിട്ടോടെ തിരുവനന്തപുരത്തെത്തി വോട്ട് ചെയ്യാനായിരുന്നു പദ്ധതി. വൈകുന്നേരത്തിനു മുൻപ് തിരുവനന്തപുരത്തെത്തും വിധം കൊച്ചിയിൽ നിന്നു ഫ്ലൈറ്റില്ലാത്തതിനാൽ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്ററിൽ വരാൻ പദ്ധതിയിട്ടു. എന്നാൽ, പ്രചാരണത്തിനുപയോഗിക്കുന്ന ഹെലികോപ്റ്റർ ഇന്ന് ഉപയോഗിക്കാൻ സാധിക്കില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതോടെയാണു വോട്ട് ചെയ്യാമെന്ന ആഗ്രഹം പൊലിഞ്ഞത്. പോളിങ് സമയത്തിനു മുൻപ് റോഡ് മാർഗം തിരുവനന്തപുരത്തെത്തുന്നത് അസാധ്യമായിരുന്നു.

പിന്നീട് കല്യാൺ ഗ്രൂപ്പിന്റെ ഹെലികോപ്റ്റർ ഉപയോഗിക്കാ‍ൻ തീരുമാനിച്ചു. പക്ഷേ, കോപ്റ്റർ എത്തിയപ്പോഴേക്കും വൈകിട്ട് 5 കഴിഞ്ഞു. തിരുവനന്തപുരത്തെത്തിയാലും പോളിങ് സമയം കഴിയും എന്നതിനാൽ വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചു.

വിമാനം പിടിച്ചു വന്നപ്പോൾ വോട്ടില്ല! 

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നടൻ ജോജു ജോർജ് തൃശൂരിലെ മാളയിൽ എത്തിയത് അമേരിക്കയിൽ നിന്നാണ്. കുഴൂർ ഗവ. സ്കൂളിലെ പോളിങ് ബൂത്തിൽ എത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേരില്ല. കുഴൂരിലെ താമസക്കാരനായിരുന്നെങ്കിലും ഇപ്പോൾ മാളയിലേക്കു താമസം മാറിയതിനാൽ അവിടുത്തെ വോട്ടർ പട്ടികയിൽ പേരുണ്ടാകുമെന്നു കരുതി മാള സ്നേഹഗിരിയ‍ിലെത്തിയെങ്കിലും അവിടെയും പേരില്ലാത്തതിനാൽ നിരാശനായി മടങ്ങി. ജോജുവിന്റെ അച്ഛൻ, അമ്മ എന്നിവരുടെ പേരു പട്ടികയിലുണ്ടായിരുന്നതിനാൽ ഇവർക്കു കുഴൂരിൽ തന്നെ വോട്ട് ചെയ്യാനായി. ജോജുവിന്റെ ഭാര്യ അബ്ബയുടെ പേരും പട്ടികയിലുണ്ടായിരുന്നില്ല.

മുരളിയും സുരേന്ദ്രനും വോട്ടു ചെയ്തില്ല

വടകര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ വോട്ട് ചെയ്തില്ല. തിരുവനന്തപുരം വട്ടിയൂർക്കാവിലായിരുന്നു വോട്ട്. പോളിങ് ദിവസം മണ്ഡലത്തിൽ നിന്നു മാറിനിൽക്കേണ്ടെന്നു കരുതിയാണു യാത്ര വേണ്ടെന്നുവച്ചത്. ഭാര്യ ജ്യോതി വോട്ട് ചെയ്തു. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനു കോഴിക്കോട് മൊടക്കല്ലൂർ എയുപിയിലായിരുന്നു വോട്ടെങ്കിലും മണ്ഡലത്തിലെ തിരക്കുമൂലം വോട്ട് ചെയ്യാനെത്തിയില്ല.

ബ്രെയിൽ ലിപിയിൽ ഒരു വോട്ട്

ബത്തേരി നെന്മേനിക്കുന്ന് ശ്രീജയ എച്ച്എസ്എസിൽ ബ്രെയിൽ ലിപിയിലെ ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട്. നെന്മേനിക്കുന്ന് ബേസർ ഹോമിൽ സെൽവരാജ് ആണ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത്. ബാലറ്റ് പേപ്പറിൽ നോക്കി സ്ഥാനാർഥിയുടെ ക്രമനമ്പർ മനസ്സിലാക്കിയ ശേഷം ബ്രെയിൽ ലിപി രേഖപ്പെടുത്തിയ ബാലറ്റ് യൂണിറ്റിൽ വോട്ട് ചെയ്യുന്ന രീതിയാണു കാഴ്ചശക്തിയില്ലാത്ത സെൽവരാജ് അവലംബിച്ചത്. കാഴ്ചശക്തിയില്ലാത്തവർക്കായി ബ്രെയിൽ ലിപി ബാലറ്റ് പേപ്പർ ഉണ്ടെങ്കിലും മിക്കവരും ഉറ്റവരുടെ സഹായത്താലാണ് വോട്ട് രേഖപ്പെടുത്താറെന്ന് സെൽവരാജ് പറയുന്നു.

പാമ്പോ വോട്ടോ?

ആദ്യം പാമ്പിനെ കാണാം പിന്നെ വോട്ടു ചെയ്യാം. പോളിങ് ബൂത്തിലെ ക്യൂവിൽ നിന്നു പെരുംപാമ്പിനെ കാണാൻ പുരുഷ വോട്ടർമാർ കൂട്ടതോടെ ഇറങ്ങിയോടിയത് പീരുമേട് കോഴിക്കാനം എസ്റ്റേറ്റിലാണ്. തേയിലത്തോട്ടത്തിലെ പുല്ലിനിടയിൽ പെരുംപാമ്പിനെ കണ്ടെ വാർത്ത പ്രചരിച്ചതോടെയാണ് വോട്ടു ചെയ്യാൻ കാത്തു നിന്നവർ ഒന്നടങ്കം മുങ്ങിയത്. വനപാലകർ എത്തി പാമ്പിനെ പിടികൂടി കൊണ്ടു പോയതിനു ശേഷമാണ് വോട്ടർമാർ ബൂത്തിലേക്ക് മടങ്ങി എത്തി സമ്മതിദാനവകാശം വിനയോഗിച്ചത്.

കറുത്ത സ്റ്റിക്കർ

പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ എയുപി സ്കൂളിലെ 79–ാം നമ്പർ ബൂത്തിൽ ബാലറ്റ് ബോക്സിൽ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ ഫോട്ടോയുടെയും ചിഹ്നത്തിന്റെയും മുകളിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചതായി പരാതി. റീ പോളിങ് വേണമെന്നു ബിജെപി ആവശ്യപ്പെട്ടു.

അറിയാതെ ക്ലോസായി

അബദ്ധത്തിൽ ‘ക്ലോസ് ബട്ടൺ’ അമർത്തിയതോടെ പാലക്കാട് മണ്ണൂർ എയുപി സ്കൂളിലെ 126 ാം നമ്പർ ബൂത്തിൽ ഒന്നേകാൽ മണിക്കൂർ തിരഞ്ഞെടുപ്പു വൈകി. യന്ത്രം പ്രവർത്തനം നിലച്ചതോടെ പുതിയ യന്ത്രം കൊണ്ടുവന്നാണു തിരഞ്ഞെടുപ്പു നടത്തിയത്.

മഷി പുരട്ടി, ബൂത്ത് മാറി

ബൂത്ത് തെറ്റി എത്തിയയാളുടെ വിരലിൽ മഷി പുരട്ടിയതോടെ കാട്ടൂർ പഞ്ചായത്ത് ഓഫിസിലെ ബൂത്തിൽ തർക്കത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് കുറച്ചുസമയം പോളിങ് തടസ്സപ്പെട്ടു. വിരലിൽ മഷി പുരട്ടിയശേഷം വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മറ്റൊരു ബൂത്തിലെ വോട്ടറാണെന്ന് മനസിലായത്. പിന്നീട് യഥാർഥ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറുമായി ബന്ധപ്പെട്ട് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കി.

മഷി മായ്ക്കൽ

വൈക്കം ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വോട്ടിങ് യന്ത്രത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി.എൻ. വാസവന്റെ പേരിനു നേരെ മഷി പറ്റി. മനഃപൂർവം ചെയ്തതാണന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു. തുടർന്ന് പോളിങ് ഉദ്യോഗസ്ഥർ എത്തി മഷി മായ്ച്ചു കളഞ്ഞു.

ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

ഷോളയൂർ ഭൂതിവഴി ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണതോടെ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു വോട്ടെടുപ്പ് തുടർന്നു. വെച്ചപ്പതി ബൂത്തിലെ ഉദ്യോഗസ്ഥനു തലചുറ്റലുണ്ടായെങ്കിലും പ്രാഥമിക ചികിത്സ നൽകിയശേഷം ജോലിയിൽ തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com