ADVERTISEMENT

തിരുവനന്തപുരം∙ കള്ളവോട്ടു സംബന്ധിച്ചു പരാതി ഉയർന്നാൽ രാഷ്ട്രീയം നോക്കാതെയാണു താൻ നടപടി സ്വീകരിക്കുന്നതെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ. കേരളത്തിലെ കള്ളവോട്ടു രോഗം ചികിത്സിക്കാനുള്ള സുവർണാവസരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിയമനടപടി ആലോചിക്കുന്നുണ്ടല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ രോഗം മറച്ചു വയ്ക്കേണ്ടതല്ല. ചികിത്സിച്ചു ഭേദമാക്കണം. അതിനുള്ള നടപടിയാണു സ്വീകരിക്കുന്നതെന്നു മീണ പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ ശക്തമായി പ്രവർത്തിക്കണമെന്നാണു സുപ്രിം കോടതി പറഞ്ഞത്. ശ്രദ്ധയിൽപെട്ട എല്ലാ പരാതികളും പരിശോധിക്കും. കലക്ടർമാർ വീഴ്ച വരുത്തിയാൽ അവരുടെ തലയും പോകും. കേരളത്തിലെ രണ്ടു ജില്ലകളെക്കുറിച്ചു കമ്മിഷനു നല്ല അഭിപ്രായമില്ല.

കേരളത്തിന്റെ സൽപേരു സൂക്ഷിക്കണം. ആരോപണവിധേയരുടെ വിശദീകരണം കേൾക്കാതെ നടപടിയെടുത്തെന്ന സിപിഎമ്മിന്റെ പരാതി ചൂണ്ടിക്കാട്ടിയപ്പോൾ, ‘‘പിലാത്തറയിൽ കള്ളവോട്ടു ചെയ്ത മൂന്നു സ്ത്രീകളുടെ മൊഴി കാണണോ’’ എന്നായിരുന്നു മീണയുടെ മറുചോദ്യം. അവർ മൂന്നു പേരും കലക്ടർക്കു മൊഴി നൽകി. സഹായി (കംപാനിയൻ) വോട്ടാണു ചെയ്തതെന്നാണ് അവരുടെ മൊഴി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയത്.

കള്ളവോട്ടു പിടിക്കൽ തുടരും. വോട്ടെണ്ണൽ വരെ ഇതു മാത്രമാണു ജോലി. ഇത്തരം ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പു നടത്തണമോയെന്നു തിരഞ്ഞെടുപ്പു കമ്മിഷനാണു തീരുമാനിക്കേണ്ടത്. പരാതിയുണ്ടായ സ്ഥലങ്ങളിലെല്ലാം വിശദ പരിശോധന നടക്കുകയാണ്. റിപ്പോർട്ട്് കിട്ടുന്ന മുറയ്ക്കു തുടർനടപടിയുണ്ടാകും. വോട്ടർ പട്ടികയിൽ നിന്ന് ആരുടെയെങ്കിലും പേരുകൾ ബോധപൂർവം നീക്കിയിട്ടുണ്ടെങ്കിൽ അതും പരിശോധിച്ചു നടപടിയെ‌ടുക്കും. പൊലീസിലെ തപാൽ വോട്ട് ക്രമക്കേടു സംബന്ധിച്ച ഡിജിപിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും മീണ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com