ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ പൂട്ട്. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിട്ടു. ഈ ജില്ലകളിലെ പാത വികസനം രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയതോടെ 2 വർഷത്തേക്കു തുടർനടപടികളൊന്നും നടക്കില്ല. പഴയ എൻഎച്ച് 17, എൻഎച്ച് 47ന്റെ ഇടപ്പള്ളി മുതൽ തെക്കോട്ടുള്ള ഭാഗം എന്നിവ ചേർന്നുള്ളതാണ് ഇപ്പോഴത്തെ എൻഎച്ച് 66. 

വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനപദ്ധതികളെ മുൻഗണനാടിസ്ഥാനത്തിൽ രണ്ടുതട്ടിലാക്കിയിട്ടുണ്ട്. കേരളത്തിൽ കാസർകോട് ജില്ലയിലെ തലപ്പാടി – ചെങ്ങള, ചെങ്ങള – നീലേശ്വരം പാതകൾ മാത്രമാണ് ഒന്നാം പട്ടികയിലുള്ളത്. ഇവയ്ക്കുള്ള 1600 കോടി രൂപ മാത്രമേ ഈ സാമ്പത്തികവർഷം കേന്ദ്രസർക്കാരിൽനിന്നു ലഭിക്കൂ.

വർഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാത വികസനം 2021ന് അകം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നതിനിടെയാണു കേന്ദ്രത്തിന്റെ പ്രതികൂല നിലപാട്. സ്ഥലമേറ്റെടുപ്പു നടപടികൾ വടക്കൻ ജില്ലകളിൽ 80 ശതമാനവും തെക്കൻ ജില്ലകളിൽ 60 ശതമാനവും പൂർത്തിയായിരിക്കെയാണു പദ്ധതി സ്തംഭനത്തിലാകുന്നത്. ആകെ 1111 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

സ്ഥലമേറ്റെടുപ്പ് 2 വർഷം വൈകിയാൽ ഭൂമിയുടെ വില ഇനിയും വർധിക്കും. ഭൂമിവില കൂടുതലാണെന്ന പേരിൽ കേരളത്തിനു ഫണ്ട് അനുവദിക്കാൻ കേന്ദ്രം നേരത്തേ തന്നെ തടസ്സവാദം ഉന്നയിച്ചിരുന്നു. സ്ഥലമെടുപ്പിന് നിലവിലുള്ള ഉദ്യോഗസ്ഥ സംവിധാനവും ഇപ്പോഴത്തെ സാഹചര്യത്തിൽ ഒഴിവാക്കേണ്ടിവരും.

∙ ''കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയാണിത്. സംസ്ഥാനം സ്ഥലം ഏറ്റെടുത്തിട്ടു പോലും നടപടികൾ നിർത്തിവയ്ക്കാനാണു നിർദേശം. നിർമാണച്ചെലവിൽ പകുതി കേരളം വഹിച്ചതിനാൽ കൊല്ലം, ആലപ്പുഴ ബൈപ്പാസുകളിൽ ടോൾ പിരിവ് അനുവദിക്കില്ല. കേന്ദ്രം നിർമിക്കില്ലെന്നു വ്യക്തമാക്കിയതോടെയാണു മുൻപു പാലാരിവട്ടം മേൽപാലം സംസ്ഥാനം ഏറ്റെടുത്തത്.'' - ജി. സുധാകരൻ, സംസ്ഥാന പൊതുമരാമത്തു മന്ത്രി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com