ADVERTISEMENT

ചങ്ങനാശേരി ∙ വിവാഹ വേദിയിലെ ആഡംബരത്തിനും ധൂർത്തിനുമെതിരെ നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) വീണ്ടും രംഗത്ത്. എൻഎസ്എസ് മുഖപത്രമായ സർവീസിൽ എഴുതിയ ലേഖനത്തിൽ സമുദായം ഇന്ന് നേരിടുന്നതും പരിഹരിക്കേണ്ടതുമായ പ്രധാനപ്പെട്ട വെല്ലുവിളി വിവാഹ ധൂർത്താണെന്നു ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. വിവാഹം, ഉത്സവം, ഗൃഹപ്രവേശം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിൽ ഇപ്പോഴും ധൂർത്ത് തുടരുന്നു. ആർഭാടം ഒഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടതു സമൂഹ നൻമയ്ക്ക് ആവശ്യമാണ്. ഓരോ കുടുംബവും സ്വയംപര്യാപ്തമാകണമെങ്കിൽ അവർ എല്ലാ ധൂർത്തിനോടും വിടപറയണമെന്നും ലേഖനം ഓർമിപ്പിക്കുന്നു.

ഒട്ടേറെ കുടുംബങ്ങൾ കടക്കെണിയിലാവാനും സാമ്പത്തിക തകർച്ച നേരിടാനും ഈ ധൂർത്ത് കാരണമാണ്. ദുരഭിമാനമാണു കുടുംബങ്ങളെ വിവാഹ ധൂർത്തിലേക്കു നയിക്കുന്നത്. വധുവിന്റെ സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ, വിവാഹ സദ്യ എന്നിവയുടെ കാര്യത്തിലാണു സാമ്പത്തികനില മറന്നുള്ള മത്സരം. കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും മറ്റുള്ളവർക്കൊപ്പം എത്താൻ ശ്രമിക്കുന്നവർക്ക് പിന്നീട് കടം കയറിയും കിടപ്പാടം നഷ്ടപ്പെട്ടും ജീവിതം അവസാനിപ്പിക്കേണ്ട അവസ്ഥയുണ്ടാകുന്നു.

ക്ഷണക്കത്തുകളിൽ തുടങ്ങി വിവാഹ നിശ്ചയങ്ങൾ പോലും ആർഭാടമാക്കുകയാണ്. വിവാഹനിശ്ചയത്തോടൊപ്പം മോതിരം കൈമാറുന്ന ചടങ്ങ്, വിവാഹത്തിന്റെ തലേന്ന് വധുവിന്റെ വീട്ടിലെ വിരുന്ന് സൽക്കാരം, വിവാഹാനന്തരം വരന്റെ വീട്ടിലെ സായാഹ്ന വിരുന്ന് തുടങ്ങിയവയെല്ലാം അനാവശ്യ ചടങ്ങുകളാണ്. വിവാഹ നിശ്ചയ ചടങ്ങ് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു നടത്താനും അതു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിക്കണം.

സമൂഹത്തിൽ കൂടുതൽ സമ്പത്തുള്ളവർ മിതവ്യയം പാലിച്ചു മറ്റുള്ളവർക്കു മാതൃകയാകണം. അവരുടെ സ്വാർഥതയും മത്സരവുമാണു സാധാരണക്കാരെയും ധൂർത്തിനു പ്രേരിപ്പിക്കുന്നത്. കൂടുതൽ സ്വർണാഭരണങ്ങളുണ്ടെങ്കിൽ ആവശ്യത്തിനു മാത്രം വിവാഹ വേദിയിൽ പ്രദർശിപ്പിക്കുകയും, ബാക്കിയുള്ളതു സ്വത്തായി നൽകുകയും ചെയ്താൽ സാധാരണക്കാർ നേരിടുന്ന വെല്ലുവിളിക്കു പരിഹാരമാവും.

ദുരാചാരങ്ങൾക്കെതിരായ നിലപാടുകളിലൂടെ സമൂഹ നൻമയ്ക്കായി എന്നും നിലകൊള്ളുന്ന എൻഎസ്എസ് അംഗങ്ങൾ ഇത്തരം നടപടികളിലൂടെ യഥാർഥ നവോത്ഥാനം സാധ്യമാക്കി സമൂഹത്തിനു മാതൃകയാകണമെന്നും ജി. സുകുമാരൻ നായർ മുഖപ്രസംഗത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com