ADVERTISEMENT

തിരുവനന്തപുരം ∙ എറണാകുളം കുന്നത്തുനാട് വില്ലേജിൽ 15 ഏക്കർ നിലം നികത്താൻ റവന്യു വകുപ്പ് നൽകിയ അനുമതി വിവാദമായതിനെത്തുടർന്നു സർക്കാർ മരവിപ്പിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ റവന്യു സെക്രട്ടറിക്കു നിർദേശം നൽകി.

നിലം നികത്തൽ നിരോധിച്ചു കൊണ്ടുള്ള കലക്ടറുടെ ഉത്തരവു റദ്ദാക്കി റവന്യു അഡീഷനൽ സെക്രട്ടറി അനുമതി നൽകിയതു മനോരമയാണു പുറത്തു കൊണ്ടുവന്നത്. ഈ വിഷയത്തിൽ കോടതികളിൽ നിലവിലുള്ള കേസുകളും വിധിന്യായങ്ങളും പരിശോധിക്കാനും അഡീഷനൽ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷം തുടർനടപടി സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു. സിപിഎമ്മിന്റെ അടുപ്പക്കാരനായ വ്യവസായിയുടെ തമിഴ്നാട്ടിലെ വ്യവസായ പങ്കാളികളുടെ പേരിലുള്ള സ്പീക്സ് കമ്പനിയുടേതാണു കുന്നത്തുനാട്ടിലെ ഭൂമി. കഴിഞ്ഞ സെപ്റ്റംബറിലാണു നെൽവയൽ നികത്തൽ നിരോധിച്ച് എറണാകുളം കലക്ടർ കെ.മുഹമ്മദ് വൈ.സഫീറുള്ള ഉത്തരവിട്ടത്.

മാത്രമല്ല നികത്തിയ ഭൂമി 15 ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കാനും അതിന്റെ ചെലവ് റവന്യു റിക്കവറിയിലൂടെ ഉടമകളിൽ നിന്ന് ഈടാക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു. ഭൂമിയുടെ ക്രയവിക്രയവും പോക്കുവരവും കലക്ടർ മരവിപ്പിക്കുകയും ചെയ്തു.ഇതിനെതിരെ കമ്പനി നൽകിയ അപ്പീലിൽ മിന്നൽ വേഗത്തിൽ വാദം കേട്ടാണു കലക്ടറുടെ നിരോധന ഉത്തരവു സർക്കാരിനു വേണ്ടി റവന്യു അഡീഷനൽ സെക്രട്ടറി ജെ.ബെൻസി റദ്ദാക്കിയത്. മാത്രമല്ല, നിയമോപദേശത്തിനായി നിയമ സെക്രട്ടറിക്ക് അയച്ച ഫയൽ അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തുന്നതിനു മുൻപേ റവന്യു വകുപ്പു തിരിച്ചെടുത്തു. റവന്യു അഡീഷനൽ സെക്രട്ടറിയുടെ വാക്കാലുള്ള നിർദേശപ്രകാരമാണു ഫയൽ നിയമ വകുപ്പിൽ നിന്നു മടക്കി വിളിച്ചതെന്നു കീഴുദ്യോഗസ്ഥ ഫയലിൽ രേഖപ്പെടുത്തി.

നേരത്തേ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിലം നികത്തൽ നിരോധിച്ചു കലക്ടർ ഉത്തരവിറക്കിയത്. കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്‌ഷൻ 13 പ്രകാരമുള്ള കലക്ടറുടെ അധികാരം വിനിയോഗിച്ചായിരുന്നു ഇത്. എന്നാൽ അതു റദ്ദാക്കാൻ റവന്യു വകുപ്പ് ഒരു നിയമോപദേശവും തേടിയില്ല. ഇതെല്ലാം പുറത്തു വന്നു വിവാദമായതോടെ മന്ത്രി ഫയൽ വിളിപ്പിച്ചു പരിശോധിച്ചു. അതിനു ശേഷമാണ് ഇപ്പോൾ റവന്യു അഡീഷനൽ സെക്രട്ടറിയുടെ ഉത്തരവു മരവിപ്പിക്കാൻ നിർദേശിച്ചത്. നേരത്തേ ഈ നിലം നികത്താൻ തുടങ്ങിയപ്പോൾ പ്രാദേശികമായി സമരം നടന്നതിനെത്തുടർന്ന് അന്നത്തെ കലക്ടർ സ്റ്റോപ്പ് മെമ്മോയും നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com