ADVERTISEMENT

തിരുവനന്തപുരം ∙ അസോസിയേഷൻ നേതാക്കൾക്കു തപാൽ വോട്ടുകൾ കൈക്കലാക്കാൻ അവസരമൊരുക്കി പൊലീസുകാരുടെ ഡ്യൂട്ടി വോട്ട് അവസരം നിഷേധിച്ചതിന്റെ വിവരം പുറത്ത്. സ്വന്തം മണ്ഡലത്തിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടി ചെയ്യുന്നവർക്ക് ആ മണ്ഡലത്തിലെ ഏതു ബൂത്തിലും വോട്ട് ചെയ്യാൻ കലക്ടർ അധികാരം നൽകുന്ന നടപടിയാണ് അട്ടിമറിച്ചത്. അതുവഴി അവർക്കു തപാൽ വോട്ടല്ലാതെ മറ്റു നിവൃത്തിയില്ലാതായി.

കേരളത്തിൽ വോട്ടെടുപ്പു ദിവസം 55,000 പൊലീസുകാരിൽ ബറ്റാലിയനുകളിലെ ചുരുക്കം ചിലരൊഴികെ 80% പേരും സ്വന്തം മണ്ഡലത്തിലാണു ഡ്യൂട്ടി ചെയ്തത്. പൊലീസുകാർക്കും ഡ്യൂട്ടി വോട്ടിന് അർഹതയുണ്ടെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച നിർദേശം ജില്ലാ പൊലീസ് മേധാവികൾക്കോ നോഡൽ ഓഫിസർമാരായി നിയോഗിച്ചവർക്കോ നൽകിയില്ല.

തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള പൊലീസുകാരുടെ പട്ടിക ഒന്നര മാസം മുൻപേ തയാറാക്കിയിരുന്നു. മേലുദ്യോഗസ്ഥരിൽ നിന്ന് ഇലക്‌ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) വാങ്ങി കലക്ടറേറ്റിൽ ഇവർ അപേക്ഷിച്ചാൽ വോട്ട് ചെയ്യാനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുമായിരുന്നു. വോട്ടവകാശമുള്ള മണ്ഡലത്തിലെ ഏതു ബൂത്തിലും വോട്ടു ചെയ്യാൻ ഇതുവഴി സാധിക്കും.

എന്നാൽ ഇഡിസി അപേക്ഷയ്ക്കായി മേലുദ്യോഗസ്ഥരെ ബന്ധപ്പെട്ട ചില പൊലീസുകാരോട്, അതിനുള്ള നിർദേശം കിട്ടിയില്ലെന്നായിരുന്നു മറുപടി. ചില സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിയെയും നോഡൽ ഓഫിസറെയും ബന്ധപ്പെട്ടപ്പോൾ ‘അവരോടു തപാൽ വോട്ടിന് അപേക്ഷിക്കാൻ പറ’ എന്നായിരുന്നു നിർദേശം. മറ്റു വഴിയില്ലാതെ തപാൽ വോട്ടിന് ഇവർ നിർബന്ധിതരായി.

തപാൽ വോട്ടിനു ഫോം 12 ലും ഇഡിസിക്കു ഫോം 12(എ) യിലുമാണ് അപേക്ഷിക്കേണ്ടത്. എന്നാൽ നോഡൽ ഓഫിസർമാർ ഫോം 12 മാത്രമാണു നൽകിയത്. ഇടുക്കിയിൽ മാത്രം നോഡൽ ഓഫിസർ ഇഡിസി ഫോം വിതരണം ചെയ്തു. അതിനാൽ അവിടെ 1200 പൊലീസുകാരിൽ 70% പേരും ഈ സംവിധാനം ഉപയോഗിച്ചു. ജില്ലകൾ കേന്ദ്രീകരിച്ചു തപാൽവോട്ട് കൈകാര്യം ചെയ്യാൻ നോഡൽ ഓഫിസർമാരെ നിയമിച്ചതും ഇതാദ്യം. മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള പൊലീസുകാർക്ക് ഓരോ ജില്ലയിലും വോട്ട് ചെയ്യാൻ ഒരു പോളിങ് ബൂത്ത് വീതം ഒരുക്കിയപ്പോൾ കേരളത്തിൽ അതും അനുവദിച്ചില്ല.

നിയന്ത്രിച്ചത് നേതാക്കൾ

പൊലീസ് സ്റ്റേഷനുകളിലും മറ്റു യൂണിറ്റുകളിലും പൊലീസുകാരുടെ തപാൽവോട്ടുകൾ ഭീഷണിപ്പെടുത്തി വാങ്ങിയതു സിപിഎം അനുകൂല സംഘടനകളായ പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ. പെരുമാറ്റച്ചട്ടത്തിന്റെ പേരിൽ പ്രിൻസിപ്പൽ എസ്ഐമാർ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽ നിന്നു മാറ്റിയെങ്കിലും പൊലീസുകാരെ മാറ്റിയില്ല. ഓഫിസേഴ്സ് അസോസിയേഷൻ പ്രതിനിധികളിലും ഭൂരിപക്ഷവും എഎസ്ഐമാരും ഗ്രേഡ് എസ്ഐമാരുമാണ്. ഇവരും സ്വന്തം സ്റ്റേഷനുകളിൽ ജോലി നോക്കിയതു തപാൽ ബാലറ്റ് കൈക്കലാക്കാൻ എളുപ്പമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com