sections
MORE

കെപിസിസി നേതൃയോഗത്തിൽ വിലയിരുത്തൽ: 20 വരെ പോകാം

Congress
SHARE

തിരുവനന്തപുരം∙ യുഡിഎഫ് നേതൃയോഗത്തിനു പിന്നാലെ ചേർന്ന കെപിസിസി നേതൃയോഗവും ഉറപ്പിക്കുന്നു: ലോക്സഭാതിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപതും പിടിക്കാം. അതിനിടയിൽ തൃശൂർ ഡിസിസി പ്രസിഡന്റ് കൂടിയായ സ്ഥാനാർഥി ടി.എൻ പ്രതാപൻ സന്ദേഹം പങ്കുവച്ചു – തൃശൂരിന്റെ കാര്യത്തിൽ ആശങ്കയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു വിശകലനത്തിനായി ചേർന്ന ആദ്യനേതൃയോഗം തർക്കങ്ങളും പരാതികളും മാറ്റിവച്ചു. തിരഞ്ഞെടുപ്പുഫലം വന്നശേഷം അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു. തുടർന്നു ഡിസിസി പ്രസിഡന്റുമാർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്ഥാനാർഥികളും പങ്കെടുത്തുവെങ്കിലും ആരും തന്നെ ആ റിപ്പോർട്ടുകൾക്കപ്പുറത്തേക്കു കടന്നില്ല.

തൃശൂരിൽ ജയിക്കുമെന്നാണു ഡിസിസിയും കോൺഗ്രസ് കേന്ദ്രങ്ങളുമെല്ലാം പറയുന്നതെങ്കിലും തനിക്ക് ആശങ്കയുണ്ടെന്നു പ്രതാപൻ തുറന്നുപറഞ്ഞു. ബിജെപി സ്ഥാനാർഥിയായി നടൻ സുരേഷ് ഗോപി വന്നതു തൃശൂരിലെ സാഹചര്യത്തിൽ കാര്യമായ മാറ്റമുണ്ടാക്കി. തുഷാർ വെള്ളാപ്പള്ളി ആദ്യം സ്ഥാനാർഥിയായപ്പോഴത്തെ സാഹചര്യമല്ല സുരേഷ് ഗോപി മാറിവന്നപ്പോൾ ഉണ്ടായത്. ബിജെപിയും ആർഎസ്എസും കൈമെയ് മറന്ന് അധ്വാനിച്ചു. തൃശൂർ ടൗൺ പ്രദേശത്തു സുരേഷ് ഗോപി വലിയ ഇളക്കമുണ്ടാക്കി. അടിയൊഴുക്കുകൾ എതിരാണെന്ന തോന്നലുണ്ട്. അതുകൊണ്ട് എല്ലാവരും ഉറപ്പുപറയുമ്പോഴും താനായിട്ടു അതു പറയുന്നില്ല–: പ്രതാപൻ വ്യക്തമാക്കി. ഇതേസമയം തൃശൂർ ഡിസിസിയുടെ ഭാഗമായ ചാലക്കുടി, ആലത്തൂർ സീറ്റുകളുടെ കാര്യത്തിൽ സംശയമില്ലെന്നും പ്രതാപൻ വ്യക്തമാക്കി.

∙ ഡിസിസി പ്രസിഡന്റായ മറ്റൊരു സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ അതേസമയം തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 19 സീറ്റു കിട്ടിയാലും പാലക്കാട് ജയിക്കില്ലെന്നും ഇരുപതാമത്തെ സീറ്റാണെന്നുമെല്ലാം പറയുന്നവർക്കു തെറ്റിപ്പോകുമെന്നായിരുന്നു ശ്രീകണ്ഠന്റെ വാക്കുകൾ. പലരും കണക്കിലെടുക്കാത്ത ഘടകങ്ങൾ അനുകൂലമായി വരുമെന്നു ശ്രീകണ്ഠൻ ഉറപ്പുപറഞ്ഞു.

∙ കാസർകോട് നേരിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് അവിടെനിന്നുള്ള റിപ്പോർട്ട്.

∙ തിരഞ്ഞെടുപ്പുരംഗത്തു പ്രവർത്തിച്ച ഒരാളും തിരുവനന്തപുരത്തു യുഡിഎഫ് ജയിക്കില്ലെന്നു പറയില്ലെന്നു ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻ കരസനൽ. ‘കരക്കമ്പി’ അടിക്കുന്നവർ പ്രവർത്തിക്കാത്തവരാണ്.

∙ ആറ്റിങ്ങലിൽ അട്ടിമറി വിജയം നേടുമെന്നും തിരുവനന്തപുരം ഡിസിസി.

∙ വയനാട്ടിൽ രാഹുൽഗാന്ധിക്കു 3 – 3.5 ലക്ഷം ഭൂരിപക്ഷമാണ് അവിടെ നിന്നുള്ള റിപ്പോർട്ട്.

∙ കോഴിക്കോട്, വടകര, കണ്ണൂർ സീറ്റുകൾ ഭേദപ്പെട്ട ഭൂരിപക്ഷത്തോടെ യുഡിഎഫ് പിടിക്കും.

∙ രാഷ്ട്രീയവോട്ടുകൾക്കപ്പുറത്തുള്ള ഘടകങ്ങൾ പ്രവർത്തിച്ച ആലപ്പുഴയിലും സീറ്റു നിലനിർത്തും.

∙ പത്തനംതിട്ടയിൽ അരലക്ഷം വോട്ടു ഭൂരിപക്ഷം ലഭിക്കുമെന്നാണു ഡിസിസിയുടെ അവകാശവാദം.

∙ ഇടുക്കിയിൽ 59,000 വോട്ടിന്റെ ലീഡ്.

∙ എറണാകുളത്തും മാവേലിക്കരയിലും മികച്ച ഭൂരിപക്ഷം തന്നെ ലഭിക്കുമെന്നും റിപ്പോർട്ടുണ്ട്.

ബിജെപി ഒരിടത്തും രണ്ടാമതെത്തുമെന്നും ഡിസിസികൾ കരുതുന്നില്ല.

∙ ''4–5 സീറ്റുകളിൽ അനായാസ ജയവും മറ്റിടങ്ങളിൽ കടുത്ത പോരാട്ടത്തോടെയുള്ള വിജയവും യുഡിഎഫിനുണ്ടാകും. ഏതെങ്കിലും സീറ്റിന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നുവെങ്കിൽ നേതൃയോഗത്തിൽ നേരിട്ടു നടത്തിയ പരിശോധനയിലൂടെ അതും മാറി. തൃശൂരിൽ വിജയസാധ്യതയെക്കുറിച്ചുള്ള നല്ല ചിത്രമാണു ടി. എൻ. പ്രതാപൻ നൽകിയത്. മറിച്ചൊന്നും കേട്ടില്ല. തിരുവനന്തപുരം ഡിസിസി ഭാരവാഹി തമ്പാനൂർ സതീഷ് ഫെയ്സ്ബുക്കിലൂടെ പരാതിപ്പെട്ടതു ശരിയല്ല. പരാതിയുണ്ടെങ്കിൽ ഞാനടക്കമുളളവരോടായിരുന്നു പരാതിപ്പെടേണ്ടത്. അതൊരു ഒറ്റപ്പെട്ട പ്രശ്നം മാത്രമാണ്.'' - മുല്ലപ്പള്ളി രാമചന്ദ്രൻ (കെപിസിസി പ്രസിഡന്റ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA