sections
MORE

ഒറ്റരാത്രി കൊണ്ട് വില്ലന്മാരായി; പറഞ്ഞതു മാറ്റിപ്പറഞ്ഞും മുഖംമൂടിയഴിഞ്ഞും പ്രതികൾ

chandran
മകൾ വൈഷ്ണവിയുടെ മൃതദേഹത്തിനരികെ ചന്ദ്രൻ.
SHARE

തിരുവനന്തപുരം∙ തലേന്ന് എല്ലാവരുടെയും സഹതാപം പിടിച്ചുപറ്റിയവർ ഇരുട്ടിവെളുത്തപ്പോൾ വില്ലന്മാരായി മാറിയ കാഴ്ചയിൽ പകച്ചുനിൽക്കുകയാണ് മഞ്ചവിളാകത്തെ നാട്ടുകാർ. ചൊവ്വാഴ്ച ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെ മൊഴിയെടുക്കാനായി പൊലീസ് ജീപ്പിൽ കയറ്റിയപ്പോൾ തടഞ്ഞ അതേ നാട്ടുകാർക്ക് മുന്നിലൂടെയാണ് കൃഷ്ണമ്മയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

തികഞ്ഞ പരിഹാസത്തോടെയും കൂക്കുവിളികളോടെയുമാണ് 4 പ്രതികളെയും നാട്ടുകാർ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്. ആദ്യദിവസം സംഭവസ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്കും പൊലീസിനും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കിയതു സമീപത്തു താമസിക്കുന്ന ശാന്തയും ഭർത്താവ് കാശിയുമായിരുന്നു. മരിച്ച രണ്ടു പേരേക്കുറിച്ചും വാചാലരായ ഇവർ ആർക്കും സംശയത്തിനിട കൊടുത്തുമില്ല. തലേന്ന് മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞ പലതും ഇവർക്ക് പിറ്റേന്ന് വിഴുങ്ങേണ്ടിവന്നു.

ചന്ദ്രൻ (മരിച്ച ലേഖയുടെ ഭർത്താവ്)

ചൊവ്വാഴ്ച – "ബാങ്ക് സമ്മർദത്തിലാക്കിയതിന്റെ വിഷമത്തിലാണ് അവർ ജീവനൊടുക്കിയത്. മരണശേഷവും ബാങ്കിൽ നിന്നു വിളിച്ച് ഭീഷണിപ്പെടുത്തി. ഫോൺ രേഖ പരിശോധിച്ചാൽ അറിയാം." 

ഇന്നലെ – "ഞാനിതിൽ ഉത്തരവാദിയൊന്നുമല്ല. ഞാനല്ല, അമ്മയാണ് അവളുമായി വഴക്ക് കൂടുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. മന്ത്രവാദം ചെയ്തിട്ടില്ല. ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് തെറ്റാണ്. അവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഗൾഫിൽ നിന്നു വന്നിട്ട് 6 മാസമായിട്ടേയുള്ളു."

കൃഷ്ണമ്മ (ചന്ദ്രന്റെ അമ്മ)

ചൊവ്വാഴ്ച – "ഒരു വഴക്കുമുള്ള വീടല്ല. അടിയും പിടിയും പിണക്കവുമില്ല. വസ്തു വിറ്റു പണമാക്കാൻ എന്റെ മകൾ എത്ര ദിവസമായി ഓടിനടക്കാൻ തുടങ്ങിയിട്ട്. 40 ലക്ഷം രൂപ പറഞ്ഞ സ്ഥലമാണ്. 24 ലക്ഷത്തിന് വിൽക്കാമെന്നു പറഞ്ഞിട്ടും ആ ബ്രോക്കർ ചതിച്ചു" 

ഇന്നലെ – "തെറ്റു കണ്ടാൽ ഞാൻ ചൂണ്ടിക്കാണിക്കും, അത്രയേ ചെയ്തിട്ടുള്ളു. മന്ത്രവാദമൊന്നുമില്ല, മഹാദേവനെ പ്രാർഥിച്ചു കഴിയുന്നയാളാണു ഞാൻ. വീടു വിൽക്കാൻ ഞാൻ തടസ്സം നിന്നിട്ടില്ല" 

ശാന്ത (ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയുടെ സഹോദരി)

ചൊവ്വാഴ്ച – "ഈ ലോണിന്റെ പേരിലല്ലേ അവർ ആത്മഹത്യ ചെയ്തത്. അവന് (ചന്ദ്രൻ) ഒരു പുള്ളയല്ലേയുള്ളു. അവൻ തിരികെ വന്നാൽ ജീവിച്ചിരിക്കുമെന്നുറപ്പുണ്ടോ? ഇവിടെ വല്ലതും നടക്കും"

ഇന്നലെ – "ഞങ്ങൾക്കിതിൽ പങ്കില്ല, അവർ‌ തമ്മിലെന്തെങ്കിലുമുണ്ടോയെന്നറിയില്ല."

കാശി (ശാന്തയുടെ ഭർത്താവ്)

ചൊവ്വാഴ്ച –"അവൻ വളരെ കഷ്ടപ്പെട്ടാണ് ആ കൊച്ചിനെ പഠിപ്പിച്ചുകൊണ്ടുവന്നത്. ബാങ്കിന്റെ സമ്മർദമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം."

ഇന്നലെ – " ലേഖയുടെയും ചന്ദ്രന്റെയും കുടുംബകാര്യങ്ങളിൽ ഇടപെട്ടിട്ടില്ല" 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA