ADVERTISEMENT

കാസർകോട് ∙ പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ ഏരിയ സെക്രട്ടറി കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരുടെ അറസ്റ്റ് വൈകിയതിനു കാരണം സിപിഎം സമ്മർദം. ഇരട്ടക്കൊലപാതകത്തിൽ തട്ടി വോട്ടു ചോർന്നു പോകാതിരിക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് അറസ്റ്റ് വൈകിപ്പിച്ചതെന്നാണു വിവരം.

കൊലപാതകം നടന്നതിന്റെ അടുത്ത ദിവസം മുതൽ മണികണ്ഠന്റെ പേര് ഉയർന്നു കേട്ടിരുന്നു. ലോക്കൽ പൊലീസ് സംഘം ചോദ്യം ചെയ്തപ്പോൾ പ്രതികളിലൊരാൾ, തങ്ങളെ സഹായിച്ചതു മണികണ്ഠനാണെന്നു മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തിയത്.

മണികണ്ഠനുൾപ്പെടെയുള്ള പ്രമുഖ സിപിഎം നേതാക്കളുടെ അറിവോടെയാണു കൊലപാതകമെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാതാപിതാക്കളും ബന്ധുക്കളും ആവശ്യമുന്നയിച്ചിരുന്നു. കോൺഗ്രസും ഇതേ ആവശ്യമുന്നയിച്ചു. എന്നാൽ അന്വേഷണം ഒരിക്കൽപോലും മണികണ്ഠനിലേക്കു നീണ്ടില്ല. ഏപ്രിൽ 12ന് ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നിട്ടും നടപടിയുണ്ടായില്ല. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ തൊടേണ്ടെന്നു നിർദേശമുണ്ടായിരുന്നെന്നു വ്യക്തം.

വോട്ടെടുപ്പു നടന്നു ദിവസങ്ങൾക്കു ശേഷമാണു മണികണ്ഠൻ, ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ, മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, വി.പി.പി.മുസ്തഫ എന്നീ സിപിഎം നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. അന്നു മണികണ്ഠൻ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ മൊഴിയിലെ വൈരുധ്യം ശ്രദ്ധിച്ച അന്വേഷണ സംഘം അറസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 20നു മുൻപു കുറ്റപത്രം സമർപ്പിക്കണമെന്നുള്ളതുകൊണ്ടു കൂടിയാണ് അറസ്റ്റ്.

ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ കൊലപാതക ദിവസം തന്നെ ഉദുമയിലെത്തി പ്രതികളുമായി സംസാരിച്ചിരുന്നെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പെരിയയിലും പരിസരത്തുമല്ലാതെ ബാലകൃഷ്ണന്റെ പേരു ചർച്ചയായില്ല.  

ഏരിയ മാറ്റം ജില്ലാനേതൃത്വം അറിഞ്ഞില്ലേ?

കാസർകോട് ∙ ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്റെ അറസ്റ്റോടെ സിപിഎം ജില്ലാ നേതൃത്വത്തിനു പെരിയ ഇരട്ടക്കൊലയിൽ പങ്കുണ്ടെന്ന ആരോപണത്തിനു ശക്തിയേറി. കൊല നടന്ന കല്ല്യോട്ട് സിപിഎം കാഞ്ഞങ്ങാട് ഏരിയയ്ക്കു കീഴിലാണ്. സിപിഎമ്മിന്റെ സംഘടനാ സ്വഭാവമനുസരിച്ച് ഒരു ഏരിയാ സെക്രട്ടറിക്കു മറ്റൊരു ഏരിയയിലെ കാര്യങ്ങളിൽ ഇടപെടാനാകില്ല.

കാഞ്ഞങ്ങാട് ഏരിയയിൽ നടന്ന സംഭവത്തിൽ തനിക്ക് ഇടപെടാൻ കഴിയുന്നതെങ്ങനെയെന്ന നിലപാടായിരുന്നു മണികണ്ഠനും ഉയർത്തിയത്. അറസ്റ്റോടെ, ജില്ലാ നേതൃത്വത്തിന്റെ കൃത്യമായ നിർദേശപ്രകാരമാണു മണികണ്ഠൻ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതെന്ന ആരോപണത്തിനു ബലമേറി. എന്നാൽ, നേതാക്കളെ പ്രതിചേർത്തത‌ു നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന‌ാണു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ‌്ണൻ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com