ADVERTISEMENT

തിരുവനന്തപുരം ∙ പൊലീസുകാരുടെ തപാൽ വോട്ടുകൾ പൊലീസ് അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്ന ആരോപണത്തിൽ ഡിജിപി ഇന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും.

ക്രൈബ്രാഞ്ച് ഐജി: എസ്.ശ്രീജിത്ത് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപി: ലോക്നാഥ് ബെഹ്റയ്ക്കു കൈമാറി. 23 രാവിലെ എട്ടു വരെ തപാൽ വോട്ട് ചെയ്ത ബാലറ്റുകൾ കലക്ടേറ്റിൽ എത്തിക്കാൻ  അവസരമുള്ളതിനാൽ അന്വേഷണം പൂർത്തിയാക്കാൻ ഡിജിപി കൂടുതൽ സമയം തേടും. 39,000 പൊലീസുകാർ തപാൽ വോട്ടിന് അപേക്ഷിച്ചെന്നും ഇതുവരെ 12,000 പേർ വോട്ട് രേഖപ്പെടുത്തി ബാലറ്റ് തിരിച്ചയച്ചെന്നുമാണു ക്രൈംബ്രാഞ്ചിനു ലഭിച്ച പ്രാഥമിക വിവരം.

23നു രാവിലെ വരെ വോട്ടു രേഖപ്പെടുത്താൻ സമയം ഉള്ളതിനാൽ അതിനു ശേഷം മാത്രമേ ക്രമക്കേടു നടന്നോ, ബാലറ്റ് ആർക്കെങ്കിലും കിട്ടാതിരുന്നോ എന്നീ കാര്യങ്ങളിൽ വ്യക്തത വരികയുള്ളുവെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനിടെ ബേക്കൽ അടക്കം ചില സ്ഥലങ്ങളിൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലറ്റ് വാങ്ങിയെന്നു പരാതിപ്പെടാൻ ഒരു പൊലീസുകാരനും തയാറായിട്ടില്ല.

പരാതി ഉള്ളവർ തൃശൂർ കൈബ്രാഞ്ച് എസ്പിയെ അറിയിക്കാൻ 12നു വൈകിട്ടു ഡിജിപിയുടെ വയർലെസ് സന്ദേശം എല്ലാ യൂണിറ്റുകളിലും അയച്ചിരുന്നു. പക്ഷേ 13നു ഉച്ചയ്ക്കു മുൻപ് അറിയിക്കണമെന്നായിരുന്നു നിർദേശം. തൃശൂർ പൂരം ഡ്യൂട്ടി കാരണം മലബാർ മേഖലയിലെ പൊലീസുകാർ ഈ സന്ദേശം അറിഞ്ഞതുമില്ല. എന്നാൽ ഇനിയും പരാതിപ്പെടാമെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല, ഐആർ ബറ്റാലിയനിലെ ആരോപണ വിധേയരായ 4 പൊലീസുകാർ അടക്കം 2000 പേർ ഇപ്പോഴും മറ്റു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലാണ്. തപാൽ വോട്ട് ഏൽപിക്കാൻ പൊലീസുകാരൻ ശബ്ദ സന്ദേശം അയച്ച കേസ് തൃശൂർ കൈബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com