ADVERTISEMENT

പത്തനംതിട്ട ∙ ജില്ലാ മെഡിക്കൽ ഓഫിസറുടെ (ഡിഎംഒ) ഓഫിസിനു കീഴിലെ ജീവനക്കാരുടെ പേരിൽ പോസ്റ്റൽ വോട്ടുകൾ വാങ്ങിയ സംഭവം ഒതുക്കിത്തീർക്കുന്നു. ഇതു സംബന്ധിച്ച് മലയാലപ്പുഴയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ (െജപിഎച്ച്എൻ) പരാതിയല്ലാതെ മറ്റൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, 480 ലേറെ ജീവനക്കാരുടെ പേരിൽ പോസ്റ്റൽ വോട്ടുകൾ വാങ്ങി വോട്ടു ചെയ്തതായാണു വിവരം. പരാതി ഇല്ലാത്തതിനാൽ അന്വേഷണമില്ല. ലഭിച്ച ഏക പരാതിയിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. അന്തിമ റിപ്പോർട്ട് 2 ദിവസത്തിനുള്ളിൽ ജില്ലാ വരണാധികാരിക്കു നൽകുമെന്ന് കോന്നി ഉപവരണാധികാരി മനോരമയോടു പറഞ്ഞു.

തിരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിക്കപ്പെട്ട മെഡിക്കൽ ടീം അംഗങ്ങളുടെ പേരിൽ അവരുടെ അനുമതി ഇല്ലാതെ പോസ്റ്റൽ ബാലറ്റുകൾക്ക് അപേക്ഷ നൽകുകയായിരുന്നു. മെഡിക്കൽ ടീമിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട 500 പേരിൽ 150 േപർക്കായിരുന്നു പോസ്റ്റൽ വോട്ടിന് അർഹത. ബാക്കിയുള്ളവർക്ക് സ്വന്തം ബൂത്തിൽ വോട്ടു ചെയ്യാവുന്ന വിധമായിരുന്നു ഡ്യൂട്ടി.

മുഴുവൻ പേരുടെയും പേരിൽ പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകുകയായിരുന്നു. പരാതിക്കാരി സ്വന്തം ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയപ്പോഴാണ് പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയ കാര്യം അറിയുന്നത്. ഇവർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും വരണാധികാരിക്കും പരാതി നൽകിയതോടെ സംഘടനാനേതാക്കൾ ഇടപെട്ടു മറ്റു പരാതികൾ വരാതെ ഒതുക്കിത്തീർത്തു. മുഴുവൻ ജീവനക്കാരുടെയും പേരിൽ പോസ്റ്റൽ വോട്ട് വാങ്ങിയതായി ആരോപിച്ചു കോൺഗ്രസും ബിജെപിയും കലക്ടർക്കു പരാതി നൽകി.  ബിഎൽഒമാരുടെ നേതൃത്വത്തിൽ വ്യാപകമായി വോട്ടു വെട്ടിയതായും ആന്റോ ആന്റണിയും കെ.സുരേന്ദ്രനും നൽകിയ പരാതികളിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com