ADVERTISEMENT

തൃശൂർ ∙ ഇലഞ്ഞിത്തറ മേളത്തിന്റെ പകർപ്പവകാശം സംബന്ധിച്ച വിഷയത്തിൽ  ആവശ്യമെങ്കിൽ ഇടപെടാൻ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ തീരുമാനിച്ചു. പകർപ്പവകാശം സ്വകാര്യ കമ്പനിക്കു ലഭിച്ചെന്ന ആരോപണം പരിശോധിച്ച് ശരിയാണെങ്കിൽ ഏതു രീതിയിൽ വിഷയത്തിൽ ഇടപെടണമെന്നു തീരുമാനിക്കുമെന്നും അഭിഭാഷകരുമായി സംസാരിച്ചതായും ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

റസൂൽ പൂക്കുട്ടി നായകനായി ദ് സൗണ്ട് സ്റ്റോറി എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം ഡിസൈൻ ചെയ്ത് മിശ്രണം നടത്തിയ മേളങ്ങളുടെ പകർപ്പവകാശം മാത്രമാണു സോണിക്കു നൽകിയത് എന്നും പൂരത്തിന്റെ മേളവും പഞ്ചവാദ്യവും അപ‌്‌ലോഡ് ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നുമാണു സിനിമയുടെ സംവിധായകൻ പ്രസാദ് പ്രഭാകർ ദേവസ്വം ഭാരവാഹികളെ അറിയിച്ചിരിക്കുന്നത്.

3.04 മിനിറ്റ് ദൈർഘ്യമുള്ള പൂരം ഗാനം, കോങ്ങാട് മധു പ്രമാണിയായ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന്റെ 7.05 മിനിറ്റ്, പെരുവനം സതീശൻ മാരാർ പ്രമാണിയായ പഞ്ചാരിമേളത്തിന്റെ 7.54 മിനിറ്റ്, പെരുവനം കുട്ടൻ മാരാർ പ്രമാണിയായ ഇലഞ്ഞിത്തറ മേളത്തിന്റെ 5.42 മിനിറ്റ് എന്നിവയാണ് 2017ലെ പൂരത്തിൽനിന്നു സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി റെക്കോർഡ് ചെയ്ത ദൃശ്യങ്ങളുടെയും ശബ്ദത്തിന്റെയും പകർപ്പവകാശം മാത്രമാണു സോണിക്കെന്നും ഈ വിഡിയോയും ഓഡിയോയും മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നതിലേ തടസ്സമുള്ളൂ എന്നുമാണു സംവിധായകൻ പറയുന്നത്.

സോണിക്കാണു പകർപ്പവകാശം എന്നതിനാൽ ഈ വർഷത്തെ ഇലഞ്ഞിത്തറ മേളം അപ്‌ലോഡ് ചെയ്യാൻ കഴിയില്ല എന്ന് യു ട്യൂബിൽ നിന്ന് പലർക്കും സന്ദേശം ലഭിച്ചതാണു വിവാദത്തിനു കാരണമായത്. പൂരത്തിന്റെ പകർപ്പവകാശം സോണിക്കു വിറ്റു എന്ന തരത്തിൽ  ഇതോടെ ആരോപണം ഉയരുകയായിരുന്നു. സിനിമയ്ക്കുവേണ്ടി റെക്കോർഡ് ചെയ്ത മേളങ്ങൾക്കു സോണി പകർപ്പവകാശം നേടിയ ശേഷം പെരുവനം, ആറാട്ടുപുഴ പൂരങ്ങൾക്കു കൊട്ടിയ പാണ്ടിമേളത്തിന്റെ വിഡിയോകൾ പകർത്തി അപ്‌ലോഡ് ചെയ്തപ്പോൾ സോണിയിൽ നിന്ന് തനിക്ക് പകർപ്പവകാശ നോട്ടിസ് ലഭിച്ചതായി എആർഎൻ മീഡിയ ഉടമ വിനു മോഹനൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com