ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യാന്തരവിമാനത്താവളത്തിൽ 25 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ മുഖ്യപ്രതിയായ അഭിഭാഷകൻ കഴക്കൂട്ടം വെട്ടുറോഡ് കരിയിൽ സ്വദേശി ബിജു മനോഹരന്റെ (45) ഭാര്യ വിനീത (38) അറസ്റ്റിൽ. ഒളിവിലുള്ള ബിജുവിനു വേണ്ടി തിരച്ചിൽ ഊർജിതമാക്കി. ബിജു മനോഹരന്റെ സുഹൃത്ത് വിഷ്ണു, ദുബായിൽ ഇവർക്കു സഹായം ചെയ്ത ജിത്തു എന്നിവരെയും ചോദ്യം ചെയ്യും.

സ്വർണക്കടത്തിൽ അറസ്റ്റിലായ സുനിൽ കുമാർ, സെറീന എന്നിവരെ ചോദ്യം ചെയ്തപ്പോഴാണു ബിജുവിന്റെയും വിനീതയുടെയും പങ്കു വ്യക്തമായത്. തുടർന്ന് വിനീതയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ വീട്ടിൽ പരിശോധന നടത്തി രേഖകളും പിടിച്ചെടുത്തു. ബിജുവിന്റെ നിർബന്ധത്തെത്തുടർന്ന് 4 തവണ സ്വർണം കടത്തിയെന്ന് ഇവർ സമ്മതിച്ചുവെന്നാണ് സൂചന.

നാലോ അഞ്ചോ പേരടങ്ങുന്ന സംഘമായാണ് ദുബായിലേക്കു പോകുന്നത്. തിരികെ ഹാൻഡ് ബാഗുകളിൽ അറയുണ്ടാക്കി ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. കൊഫേപോസ ചുമത്തിയാണു  വിനീതയെയും അറസ്റ്റ് ചെയ്തത്. നിയമബിരുദധാരിയാണിവർ. ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സുനിലും സെറീനയും ചേർന്ന് 6 മാസത്തിനിടെ 5 തവണ സ്വർണം കടത്തിയതായി വ്യക്തമായി. ബിജുവും ഇരുവരും തമ്മിൽ വർഷങ്ങളായി ബന്ധമുണ്ട്. ദുബായിൽ ബ്യൂട്ടി പാർലർ നടത്തുന്ന സെറീനയാണ് സ്വർണം എത്തിക്കുന്നതിനു നേതൃത്വം നൽകുന്നത്. സെറീന മിക്കപ്പോഴും ദുബായിലാണ് താമസം. ഒരാഴ്ച മുൻപ് തിരുവനന്തപുരത്തിയപ്പോഴാണ് പുതിയ സ്വർണക്കടത്ത് ആസൂത്രണം ചെയ്തത്.

തിരുമല സ്വദേശിയായ സുനിൽകുമാർ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആർടിസി കണ്ടക്ടർ ജോലിയിൽ നിന്ന് അവധിയെടുത്താണ് സ്വർണക്കടത്തിന് ഇറങ്ങിയത്. സെറീനയ്ക്കൊപ്പമല്ലാതെ രണ്ടു മാസത്തിനിടെ 4 തവണ ദുബായിൽ പോയി വന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ യാത്രകളിലും സ്വർണം കടത്തിയതായാണ് ഡിആർഐയുടെ നിഗമനം. അതേസമയം, ബിജുവിനു പിന്നിൽ വലിയ സ്വർണക്കടത്ത് മാഫിയയുണ്ടെന്നും ഡിആർഐക്ക് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടര മാസത്തിനിടെ 8 തവണയെങ്കിലും ഈ സംഘം സ്വർണം കടത്തിയിട്ടുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇത്രയും വലിയ അളവിൽ സ്വർണം എത്തിച്ച് അതു വിപണിയിലെത്തിക്കാൻ ചെറിയ സംഘങ്ങൾക്കു കഴിയില്ല. ബിജുവിനെ പിടികൂടിയാൽ ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com