ADVERTISEMENT

നെയ്യാറ്റിൻകര ∙ മഞ്ചവിളാകത്ത് വീട്ടമ്മയും മകളും കിടപ്പുമുറിയിൽ സ്വയം തീകൊളുത്തി മരിച്ച സംഭവത്തിൽ പ്രതികളായ ബന്ധുക്കൾക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു പുറമേ പുറമേ ഗാർഹികപീഡനക്കുറ്റവും ചുമത്തി. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവ് ചന്ദ്രനും ഭർതൃമാതാവ് കൃഷ്ണമ്മയും ലേഖയെ പീഡിപ്പിച്ചിരുന്നതായി സഹോദരി ബിന്ദു ഇന്നലെ മൊഴി നൽകി. വർഷങ്ങൾക്കു മുൻപ് തന്നെ വിഷം നൽകി കൊല്ലാൻ നോക്കിയിരുന്നതായുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പിലെ വരികളും നിർണായകമായി. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു.

‘എനിക്ക് മോളുവിന്റെ കാര്യത്തിലേ ദുഃഖമുള്ളൂ’

വീട്ടുകാരിൽ നിന്നുണ്ടായ പീഡനാനുഭവങ്ങളെക്കുറിച്ച് പലപ്പോഴായി എഴുതിയതെന്നു കരുതുന്ന നോട്ട് ബുക്കും വീട്ടിൽ നിന്നു പൊലീസ് കണ്ടെടുത്തു. എല്ലാം തന്റെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു കൃഷ്ണമ്മയുടെയും മകന്റെയും ശ്രമമെന്ന് ഇതിൽ എഴുതിയിട്ടുണ്ട്. 'നീ കടം വാങ്ങിയത് ഞാനറിഞ്ഞില്ല എന്ന പേരിലായിരുന്നു വഴക്ക്. ഗൾഫിൽ നിന്നയച്ച പണം എന്തു ചെയ്തെന്നു ചോദിച്ച് ഭർത്താവും കുറ്റപ്പെടുത്തി. ചേട്ടൻ ഒഴിഞ്ഞുമാറുന്നു, കുഴപ്പമില്ല. എനിക്ക് ഇനി ഒന്നും കേൾക്കേണ്ട കാര്യമില്ല. മോളുവിന്റെ (വൈഷ്ണവി) കാര്യത്തിലേ എനിക്ക് ദുഃഖമുള്ളു...'– നോട്ട്ബുക്കിലെ വരികളിങ്ങനെ.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതികളെ ആവശ്യമെങ്കിൽ മാത്രമേ കസ്റ്റഡിയിൽ വാങ്ങൂ എന്ന് പൊലീസ് അറിയിച്ചു. മന്ത്രവാദത്തെക്കുറിച്ചും അന്വേഷണം നടക്കുന്നു. പ്രദേശത്ത് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നവർ പൊലീസ് നിരീക്ഷണത്തിലാണ്. ജപ്തി നടപടികളെക്കുറിച്ച് വ്യക്തത ലഭിക്കാൻ രേഖകൾ ആവശ്യപ്പെട്ട് ബാങ്കിന് പൊലീസ് നോട്ടിസ് നൽകി. നെയ്യാറ്റിൻകര മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ, മകൾ വൈഷ്ണവി എന്നിവർ മരിച്ച സംഭവത്തിലാണ് ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഇവരുടെ ഭർത്താവ് കാശിനാഥൻ എന്നിവർ പിടിയിലായത്. 4 പേരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com