ADVERTISEMENT

കൊച്ചി ∙ പൊലീസുകാരുടെ പോസ്റ്റൽ വോട്ട് തിരിമറിയെക്കുറിച്ച് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ സമഗ്രവും ഊർജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ഹൈക്കോടതിയെ അറിയിച്ചു. ക്രമക്കേടു നടന്നതായി കണ്ടാൽ കുറ്റക്കാർക്കെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടി സാധ്യമാണ്. ഫലപ്രഖ്യാപനത്തിനു ശേഷം തിരഞ്ഞെടുപ്പു ഹർജിയിലൂടെ ചോദ്യം ചെയ്യാനുമാവും. സുപ്രീം കോടതി വിധിയനുസരിച്ചു തിരഞ്ഞെടുപ്പു പ്രക്രിയയിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും വിശദീകരിച്ചു.

പൊലീസുകാരുടെ പോസ്റ്റൽ വോട്ടിൽ തിരിമറിയെക്കുറിച്ചു സ്വതന്ത്ര കമ്മിഷന്റെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണു വിശദീകരണം. തിരിമറിയുടെ പശ്ചാത്തലത്തിൽ, തിരഞ്ഞെടുപ്പു ഡ്യൂട്ടിയുണ്ടായിരുന്ന പൊലീസുകാരുടെ ഇനിയും തിരിച്ചുവന്നിട്ടില്ലാത്ത പോസ്റ്റൽ ബാലറ്റുകൾ റദ്ദാക്കി പുതിയവ നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം ഭരണഘടനാപരമായി അനുവദിക്കാനാവില്ലെന്നും കമ്മിഷൻ പറഞ്ഞു.

തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അപേക്ഷാ ഫോം കൈപ്പറ്റാൻ നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തി ഡിജിപി പുറപ്പെടുവിച്ച സർക്കുലർ തിരഞ്ഞെടുപ്പു കമ്മിഷന്റെ 2014 ലെ മാർഗരേഖയ്ക്ക് അനുസൃതമാണ്. പോസ്റ്റൽ വോട്ട് തിരിമറി സംബന്ധിച്ച് പൊലീസുദ്യോഗസ്ഥരുടെ പരാതി കിട്ടിയിട്ടില്ല. എന്നാൽ മാധ്യമ റിപ്പോർട്ടുകളും മറ്റു ചില പരാതികളും മാനിച്ച് ചീഫ് ഇലക്ടറൽ ഓഫിസർ ഡിജിപിയോട് വസ്തുതാ റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇന്റലിജൻസ് എഡിജിപി നൽകിയ റിപ്പോർട്ടിലെ ശുപാർശയനുസരിച്ചു നടപടിയെടുക്കുമെന്നു ഡിജിപി മറുപടി നൽകി. ശുപാർശ പ്രകാരമുള്ള നടപടിക്കും സമഗ്ര അന്വേഷണത്തിനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശിച്ച പ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തെന്നും അന്വേഷണത്തിന് ഐജിയെ നിയോഗിച്ചെന്നും ഡിജിപി അറിയിച്ചു. ഐജിയുടെ ഇടക്കാല റിപ്പോർട്ട് നൽകിയതിനൊപ്പം അന്വേഷണം പൂർത്തിയാക്കാൻ 15 ദിവസം കൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പത്രികയിൽ പറയുന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള തിരഞ്ഞെടുപ്പു പ്രക്രിയയിൽ കോടതികൾ ഇടപെടരുതെന്നു സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിയുള്ളതിനാൽ ഹർജി തള്ളണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.

കുറ്റക്കാർക്കെതിരെ നടപടിക്കു നിർദേശം

സമഗ്ര അന്വേഷണം നടത്താനും ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ സംഘടനയുടെയോ ഭാഗത്തു ക്രമക്കേടു കണ്ടാൽ കൂടുതൽ നിർദേശത്തിനു കാക്കാതെ അവർക്കെതിരെ ഉടൻ നടപടിയെടുക്കാനുമാണു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മേയ് 8നു ഡിജിപിക്കു നൽകിയ കത്തിൽ പറയുന്നത്. അടൂർ പ്രകാശ്, രമേശ് ചെന്നിത്തല എന്നിവരുടെ പരാതികൾ ഉൾപ്പെടെ അന്വേഷിച്ചു പരിഹാര നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു.

ഈ വിഷയത്തിൽ വിവിധ കോണുകളിൽ നിന്നുയർന്ന സംശയങ്ങൾ ദുരീകരിക്കാൻ ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ട് പര്യാപ്തമല്ല. ഒട്ടേറെ പൊലീസ് ഉദ്യോഗസ്ഥർ പോസ്റ്റൽ ബാലറ്റ് സൗകര്യം ഉപയോഗിക്കുകയും പലേടത്തു നിന്നു ക്രമക്കേട് ആരോപണം ഉയരുകയും ചെയ്യുന്നുണ്ടെങ്കിലും 3 പോസ്റ്റൽ വോട്ടുമായി ബന്ധപ്പെട്ട സംഭവത്തെയും ഒരു ശബ്ദരേഖയെയും കുറിച്ചാണു റിപ്പോർട്ടിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com