ADVERTISEMENT

തിരുവനന്തപുരം∙ സാമ്പത്തിക വളർച്ചയുടെ കേരള മാതൃക ആഴത്തിൽ പഠിക്കാനും ഇവിടത്തെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും താൽപര്യമുണ്ടെന്നു പ്രഗത്ഭ ഫ്രഞ്ച് ധനതത്വശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി. പാരിസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതു സംബന്ധിച്ച പഠനങ്ങളിൽ പ്രമുഖനായ പിക്കറ്റിയുമായുള്ള ചർച്ച ഒരു മണിക്കൂറിലേറെ നീണ്ടു. ഇന്ത്യയിലെ സാമ്പത്തിക അസമത്വം, സുസ്ഥിര വികസനം എന്നിവയിൽ ശ്രദ്ധേയ പഠനം നടത്തിയിട്ടുള്ള പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫസർ ലൂകാസ് ചാൻസലും ചർച്ചയിൽ പങ്കെടുത്തു.

സാമ്പത്തിക അസമത്വം കുറയ്ക്കാൻ പുരോഗമനപരമായ നികുതിഘടന വേണമെന്നു കൂടുതൽ സമ്പത്തുള്ളവരിൽ നിന്നു കൂടുതൽ നികുതി ഈടാക്കണമെന്നും  പിക്കറ്റി അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണു സർക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. അസംഘടിത വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ രാജ്യത്തിനു മാതൃകയാണ്. സാമൂഹിക ക്ഷേമത്തിനു മുൻഗണന നൽകുന്ന ബദൽ വികസന പാതയിലാണു സർക്കാർ – മുഖ്യമന്ത്രി വിശദീകരിച്ചു. കേരളം സന്ദർശിക്കാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം പിക്കറ്റി സ്വീകരിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

ലണ്ടൻ ഓഹരിവിപണി ഇന്ന് തുറക്കുക മുഖ്യമന്ത്രി

ലണ്ടൻ ഓഹരിവിപണി ഇന്ന് വ്യാപാരത്തിനായി തുറക്കുക മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇന്നു നടക്കും. ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതലസ്ഥാപനമാണു കിഫ്ബി. കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചു ലണ്ടനിലെ മാധ്യമ പ്രവർത്തകരുമായി  മുഖ്യമന്ത്രി സംവദിക്കും. കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയിൽ ബ്രിട്ടനിലെ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും ലണ്ടനിൽ സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രി തോമസ് ഐസക്, കിഫ്ബി ചീഫ് എക്സിക്യൂട്ടിവ് ഡോ.കെ.എം.ഏബ്രഹാം തുടങ്ങിയവരും പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com