ADVERTISEMENT

തിരുവനന്തപുരം ∙ തപാൽ ബാലറ്റ് വാങ്ങിയതിലും വോട്ട് ചെയ്തതിലും പരാതിയില്ലെന്നു പൊലീസുകാരിൽ നിന്നു സത്യവാങ്മൂലം എഴുതി വാങ്ങുന്നതായി ആക്ഷേപം. കൊല്ലം, തൃശൂർ ജില്ലകളിലാണു പരാതി. ക്രൈംബ്രാ‍ഞ്ച് അന്വേഷണത്തിന്റെ മറവിലാണു പൊലീസ് അസോസിയേഷൻ നേതാക്കളെ വെള്ളപൂശാൻ ചില ജില്ലാ പൊലീസ് മേധാവികൾ രംഗത്തെത്തിയത്. ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും സമർപ്പിക്കാനെന്ന പേരിലാണു സത്യവാങ്മൂലം വാങ്ങുന്നതെങ്കിലും ഭരണ സ്വാധീനം ഉപയോഗിച്ചു പരാതിയില്ലെന്നു നിർബന്ധപൂർവം എഴുതി വാങ്ങുന്നതായാണ് ആരോപണം.

കൊല്ലത്ത് സത്യവാങ്മൂലം എഴുതി വാങ്ങുന്നുണ്ട്. ഇതിനായി പ്രത്യേക മാതൃകയും നൽകി. തപാൽ ബാലറ്റ് സംബന്ധിച്ചു പരാതിയുണ്ടെങ്കിൽ അത് എഴുതി നൽകാം. അല്ലാത്തപക്ഷം ബാലറ്റ് വാങ്ങിയതിലോ വോട്ടു ചെയ്തതു സംബന്ധിച്ചോ പരാതിയില്ലെന്നും ആരും സമ്മർദം ചെലുത്തിയിട്ടില്ലെന്നും എഴുതി നൽകണം. തൃശൂരിൽ സത്യവാങ്മൂലത്തിനുള്ള ഫോമുകൾ എത്തിച്ചിട്ടുണ്ട്. പൂരിപ്പിച്ചു വാങ്ങേണ്ട ദൗത്യം അസോസിയേഷൻ ഏറ്റെടുത്തിട്ടുണ്ട്.

പരാതി ഉണ്ടെങ്കിൽ എഴുതി നൽകണമെന്നു മാത്രമാണു തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ അറിയിച്ചത്. തപാൽ ബാലറ്റിന് അപേക്ഷിച്ച് അവ ലഭിച്ചവരുടെ വിവരം ഒപ്പിട്ടു വാങ്ങുന്ന നടപടിയാണ് എറണാകുളത്തും കണ്ണൂരിലും. പാലക്കാടു തപാൽ ബാലറ്റിന് അപേക്ഷിക്കുകയോ ബാലറ്റ് കൈപ്പറ്റുകയോ ചെയ്ത പൊലീസുകാരെ അറിയിപ്പു വായിച്ചു കേൾപ്പിച്ചു.

പോസ്റ്റൽ ബാലറ്റ് ആരെങ്കിലും അനധികൃതമായി ശേഖരിക്കുകയോ വോട്ട് രേഖപ്പെടുത്തുന്നതിൽ ഇടപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ തൃശൂർ ക്രൈം ബ്രാഞ്ച് എസ്പിയെ അറിയിക്കണമെന്നും അല്ലാത്തപക്ഷം അത്തരം സംഭവങ്ങൾ ഒന്നും നടന്നിട്ടില്ലെന്നു കണക്കാക്കി അനന്തര നടപടികൾ സ്വീകരിക്കുമെന്നുമാണ് അറിയിപ്പിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com