ADVERTISEMENT

കണ്ണൂർ ∙ വീണ്ടും വോട്ടെടുപ്പ് നടക്കുന്ന 4 ബൂത്തിൽ മൂന്നും കാസർകോട് ലോക്സഭാ മണ്ഡലത്തിലേതാണെങ്കിലും റീ പോളിങ് തീരുമാനത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ശരിവയ്ക്കുന്നതു കണ്ണൂരിൽ കാലങ്ങളായുള്ള കള്ളവോട്ട് ആരോപണത്തെയാണ്. ഭൂമിശാസ്ത്രപരമായും സംഘടനാപരമായും 4 ബൂത്തുകളും കണ്ണൂർ ജില്ലയിലാണ് എന്നതു തന്നെ കാരണം. കള്ളവോട്ടിനെതിരെ ശക്തമായി രംഗത്തുവന്നതു യുഡിഎഫ് ആണെങ്കിലും റീ പോളിങ് നടക്കുന്ന നാലിൽ മൂന്നു ബൂത്തിലും പ്രതിസ്ഥാനത്തു യുഡിഎഫിലെ ഘടകകക്ഷിയായ മുസ്‍ലിം ലീഗാണെന്ന വൈരുധ്യമുണ്ട്.

എൽഡിഎഫിനെതിരെ കള്ളവോട്ട് ആരോപണമുന്നയിച്ചു കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് നൽകിയ പരാതികളിലെല്ലാം റീ പോളിങ് ആവശ്യവും ഉന്നയിച്ചിരുന്നു. ഇഞ്ചോടിഞ്ചു മൽസരം നടന്നുവെന്ന വിലയിരുത്തലിലാണു റീ പോളിങ് ആവശ്യപ്പെട്ടത്. ചെറിയ ശതമാനം വോട്ട് പോലും നിർണായകമാകുമെന്നു യുഡിഎഫ് കരുതിയിരുന്നു. എന്നാൽ, കണ്ണൂർ മണ്ഡലത്തിൽ 86 ബൂത്തുകളിലായി 242 പരാതികൾ നൽകിയിട്ടും ഒരു ബൂത്തിൽ പോലും യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടില്ലെന്നതാണു പ്രത്യേകത. വിജയം ഉറപ്പാണെന്നും റീ പോളിങ് നടത്തിയാൽ അധികമായി ലഭിക്കുന്ന വോട്ടുകൾ നിർണായകമാകില്ലെന്നുമുള്ള കണക്കുകൂട്ടലായിരുന്നു ഇതിനു പിന്നിൽ. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തു നടന്ന കള്ളവോട്ട് തെളിയിക്കപ്പെട്ടിട്ടും റീപോളിങ് ആവശ്യത്തിനു പിന്നാലെ പോയില്ല.

സ്വന്തം ശക്തികേന്ദ്രങ്ങളിൽ സിപിഎമ്മും മുസ്‌ലിം ലീഗും വോട്ട് ചെയ്തെന്നാണു റീ പോളിങ് തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. ലീഗ് പ്രവർത്തകർ കള്ളവോട്ട് കേസിൽ കുടുങ്ങിയെങ്കിലും കള്ളവോട്ടിനെതിരെ ശക്തമായ നടപടിയുണ്ടായാൽ ഭാവിയിലെ തിരഞ്ഞെടുപ്പുകളിൽ അതു യുഡിഎഫിനു തന്നെയാകും ഗുണം ചെയ്യുകയെന്നു കോൺഗ്രസ് കരുതുന്നു. കണ്ണൂരിൽ ലീഗിനെക്കാൾ ശക്തികേന്ദ്രങ്ങൾ സിപിഎമ്മിനാണ് എന്നതാണു കാരണം. എല്ലാ തിരഞ്ഞെടുപ്പിലും കള്ളവോട്ട് ആരോപണം സിപിഎമ്മിനെതിരെ കോൺഗ്രസ് ഉന്നയിക്കുന്നതാണെങ്കിലും ഇത്തവണ ഒരു പടി കൂടി കടന്നു തെളിവുകൾ ശേഖരിച്ചു പരാതി നൽകാൻ കോൺഗ്രസ് ശ്രമിച്ചു. കേസി‍ൽ ലീഗും കുടുങ്ങിയെങ്കിലും കേസുമായി മുന്നോട്ടുപോകുമെന്നു തന്നെയാണു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.

മറുഭാഗത്ത്, കള്ളവോട്ട് ആരോപണങ്ങളെ എപ്പോഴും നിഷേധിച്ചിരുന്നതിന്റെ ജാള്യം സിപിഎമ്മിനുണ്ട്. ഇത്തവണ ആരോപണമുയർന്നപ്പോഴും, പരാജയം മണക്കുമ്പോൾ യുഡിഎഫിന്റെ സ്ഥിരം പല്ലവി എന്നു പുച്ഛിച്ചു തള്ളുകയായിരുന്നു പാർട്ടി. പിലാത്തറയിൽ നടന്നത് ഓപ്പൺ വോട്ടാണ് എന്ന ജില്ലാ സെക്രട്ടറിയുടെ പ്രതിരോധം അപ്പാടെ പൊളിഞ്ഞു. റീ പോളിങ് നടക്കുന്ന നാലിൽ മൂന്നും ലീഗ് പ്രതിയായ ബൂത്തുകളാണെന്നും കണ്ണൂർ, കാസർകോട് ജില്ലകളിലായി കേസിൽപെട്ട 17 പേരിൽ 5 പേർ മാത്രമേ തങ്ങളുടെ ആളുകളുള്ളൂവെന്നും ആശ്വസിക്കാമെന്നു മാത്രം.

ആറിടത്ത് കള്ളവോട്ട്: റീപോളിങ് നാലിൽ മാത്രം

കണ്ണൂർ ∙ കാസർകോട്, കണ്ണൂർ ലോക്സഭാ മണ്ഡലങ്ങളിലായി 6 ബൂത്തുകളിൽ കള്ളവോട്ട് തെളിഞ്ഞിട്ടും റീപോളിങ് നാലി‍ൽ മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തെ വേങ്ങാട്ടും കാസർകോട് ജില്ലയിലെ ചീമേനി കൂളിയാട്ടും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഓരോ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടിടത്തും റീ പോളിങ് ഇല്ല.

സിപിഎം ശക്തികേന്ദ്രമായ കൂളിയാട്ടു നൂറോളം കള്ളവോട്ട് നടന്നെന്നാണ് ആരോപണം. ഇവിടെ റീപോളിങ് നടത്താത്തതിൽ അട്ടിമറി ആരോപിച്ച് കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. ചീമേനി കൂളിയാട്ട് ഉൾപ്പെടെ നാലു ബൂത്തുകളിൽ റീ പോളിങ്ങിനു തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് ഇന്നലെ രാവിലെ കാസർകോട് കലക്ടർ തന്നോടു ഫോണിൽ അറിയിച്ചതെന്ന് ഉണ്ണിത്താൻ പറയുന്നു.

അതേസമയം, ധർമടത്തു റീപോളിങ് ആവശ്യപ്പെട്ടിരുന്നില്ലെന്നും അനുവദിക്കാത്തതിൽ പരാതിയില്ലെന്നും യുഡിഎഫ് തന്നെ പറയുന്നു. മുസ്‌ലിം ലീഗുകാർ കള്ളവോട്ട് ചെയ്തതായി ആരോപണമുയർന്ന പാമ്പുരുത്തിയിൽ എൽഡിഎഫ് ആവശ്യപ്പെടാതെയാണു റീ പോളിങ് അനുവദിച്ചിരിക്കുന്നത്. 

മുൻപ് പറവൂരിൽ 2 വർഷം കഴിഞ്ഞ് റീപോളിങ്

1982 ൽ രാജ്യത്ത് ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പു നടന്ന പറവൂർ നിയമസഭാ മണ്ഡലത്തിലെ 50 ബൂത്തുകളിൽ 2 വർഷത്തിനു ശേഷം റീപോളിങ് നടന്നിരുന്നു. അന്ന് 123 വോട്ടിനു പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി എ.സി. ജോസ് സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് അൻപതിടങ്ങളിലും റീപോളിങ്ങിന് ഉത്തരവിട്ടത്. ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പു രീതിക്കു മാറ്റം വരുത്തണമെങ്കിൽ പാർലമെന്റ് നിയമനിർമാണം നടത്തേണ്ടതായിരുന്നുവെന്നു കോടതി വിധിച്ചു. 1982 മേയ് 19നാണ് പറവൂരിൽ വോട്ടിങ് യന്ത്രം പരീക്ഷിച്ചത്. 2 വർഷത്തിനു ശേഷം 1984 മേയ് 21ന് 50 ബൂത്തിലും ബാലറ്റ് ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തി. എ.സി. ജോസ് 1,449 വോട്ടിനു ജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com