ADVERTISEMENT

മൂവാറ്റുപുഴ ∙ ചൂർണിക്കരയിൽ‌ വ്യാജരേഖ സൃഷ്ടിച്ചു നിലം നികത്തിയ കേസിൽ വിജിലൻസ് റജിസ്റ്റർ ചെയ്ത എഫ്ഐആറും അന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. വിജിലൻസ് എറണാകുളം യൂണിറ്റ് എസ്‌പി കെ. കാർത്തിക്കാണ് കേസ് റജിസ്റ്റർ ചെയ്ത് എഫ്ഐആറും അനുബന്ധ രേഖകളും കോടതിയിൽ സമർപ്പിച്ചത്.

ഭൂമി നികത്താൻ ഇടനില നിൽക്കുകയും അനുമതിപത്രം വ്യാജമായി സൃഷ്ടിക്കുകയും ചെയ്ത ശ്രീമൂലനഗരം അപ്പേലി വീട്ടിൽ അബൂബക്കർ (അബു-39), ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ സീലും സീനിയർ സൂപ്രണ്ടിന്റെ നെയിം സീലും വ്യാജ രേഖയിൽ പതിപ്പിച്ചു നൽകിയ ഇതേ ഓഫിസിലെ ജീവനക്കാരനായ പാങ്ങോട് മൈലമൂട് അരുൺ നിവാസിൽ അരുൺ കുമാർ(34) എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് ഉൾപ്പെടെയാണ് എഫ്ഐആർ സമർപ്പിച്ചത്.

തൃശൂർ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള റവന്യു രേഖകളിൽ നിലമായി കിടക്കുന്ന 21.21 സെന്റ് സ്ഥലം കരഭൂമിയാക്കി മാറ്റുന്നതിനാണു വ്യാജരേഖ ചമച്ചത്. അബുവിന്റെ സുഹൃത്ത് ബഷീറാണു ഹംസയെ പരിചയപ്പെടുത്തിയത്. കൃഷിഭൂമി നികത്തി പുരയിടമാക്കാൻ അബു ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ടു. അഞ്ചു ലക്ഷം പണമായും രണ്ടു ലക്ഷം ചെക്കായും ഹംസ നൽകി. തുടർന്ന് ആദ്യം ചൂർണിക്കര വില്ലേജ് ഓഫിസിലാണ് ഹംസയുടെ പേരിൽ അപേക്ഷ സമർപ്പിച്ചത്.

അനുമതി ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ആവശ്യമായ സഹായം ലഭിക്കാൻ വില്ലേജ് ഓഫിസർക്കു പണം വാഗ്ദാനം ചെയ്തിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. നടപടി മുന്നോട്ടു പോയെങ്കിലും അനുമതി ലഭിക്കാൻ വൈകിയപ്പോഴാണ് അബു തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ എത്തിയത്. ഇവിടെ ജോലി ചെയ്യുന്ന അരുൺകുമാറുമായി പരിചയമുണ്ടായിരുന്ന അബു ഇയാളുടെ സഹായത്തോടെ നിലം നികത്തുന്നതിനാവശ്യമായ വ്യാജരേഖ സൃഷ്ടിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com