ഓർമകളിൽ പടരുന്ന വൈറസ്; നിപ്പ ദുരന്തത്തിന് ഒരു വയസ്സ്

BAT
പ്രതീകാത്മക ചിത്രം
SHARE

കോഴിക്കോട് ∙ ഇന്നു മേയ് 18. ഭീതിയുടെ ദിനങ്ങളിലേക്കു കോഴിക്കോട് വലിച്ചെറിയപ്പെട്ടതിന്റെ ഓർമദിനം. ഭീതി പടർത്തിയ നിപ്പയുടെ ഓർമകൾക്ക് ഒരു വർഷം. മനുഷ്യർ മനുഷ്യരോടു സംസാരിക്കാൻ ഭയപ്പെട്ട ദിനങ്ങൾ. ഒരു ദുഃസ്വപ്നം പോലെ, മറക്കാനാഗ്രഹിക്കുന്ന നാളുകൾ. രോഗബാധിതനായി ചികിത്സ തേടിയ പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുഹമ്മദ് സാലിഹ് 2018 മേയ് 18നാണു കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചത്.

സാലിഹിന്റെ മരണത്തെതുടർന്ന് ആശുപത്രിയിലെ ഡോക്ടർമാർക്കു തോന്നിയ സംശയമാണു നിപ്പ വൈറസാണു രോഗത്തിനു കാരണമെന്ന് അതിവേഗം തിരിച്ചറിഞ്ഞതിനു പിന്നിൽ. തുടർന്ന് ആരോഗ്യമന്ത്രി മുതൽ സാധാരണക്കാരൻ വരെ ഒറ്റക്കെട്ടായി നിന്നു പോരാടിയാണു നിപ്പയെന്ന അതിമാരക രോഗത്തെ വരിഞ്ഞുകെട്ടിയത്.

നിപ്പ ബാധിച്ച 18 പേരിൽ 16 പേർ മരിച്ചതായാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ച റിപ്പോർട്ട്. എന്നാൽ നവംബറിൽ ബ്രിട്ടിഷ് മെഡിക്കൽ ജേണൽ, ദ് ജേണൽ ഓഫ് ഇൻഫെക്‌ഷസ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകാരം 21 പേരാണു മരിച്ചത്. നിപ്പ സ്ഥിരീകരിക്കുന്നതിൽ നിർണായക പങ്കു വഹിച്ച മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലെ ഡോ.ജി.അരുൺകുമാർ, സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണു റിപ്പോർട്ട് തയാറാക്കിയത്.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നഴ്സ് ലിനി സജീഷിന്റെ ഓർമയ്ക്കായി കെട്ടിട സമുച്ചയം നിർമിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും സാങ്കേതിക തടസ്സം കാരണം നടന്നില്ല. എങ്കിലും ഒരു ബ്ലോക്കിനു ലിനിയുടെ പേരിടാനുള്ള തീരുമാനം നിലനിൽക്കുകയാണ്. കോഴിക്കോട് കേന്ദ്രമാക്കി വൈറോളജി കേന്ദ്രം തുടങ്ങുമെന്ന വാഗ്ദാനവും നടപ്പായില്ല. മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്കു സ്ഥിരജോലി നൽകാമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടിട്ടില്ല. നിപ്പയെ ചെറുക്കാൻ അമേരിക്കയിലെ ജെഫേഴ്സൺ സർവകലാശാലയിൽ മലയാളി ശാസ്ത്രജ്ഞയടക്കമുള്ള സംഘം മരുന്നു കണ്ടുപിടിച്ച വാർ‍ത്ത പുറത്തു വന്നത് അടുത്തിടെ.  തൊട്ടവരെയെല്ലാം മരണത്തിലേക്കു വലിച്ചെറിഞ്ഞ നിപ്പയ്ക്കും അതുവഴി ശാസ്ത്രത്തിന്റെ കടിഞ്ഞാൺ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA