കടവൂർ: 4 തവണ എംഎൽഎ; 4 തവണയും മന്ത്രി

Kadavoor Sivadasan
SHARE

കൊല്ലം ∙ പ്രമുഖ അഭിഭാഷകനും സംസ്കൃത പണ്ഡിതനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ശിവദാസൻ നിലവിൽ കെപിസിസി നിർവാഹക സമിതി അംഗവും എഐസിസി അംഗവുമാണ്. കെ.കരുണാകരൻ, എ.കെ.ആന്റണി മന്ത്രിസഭകളിൽ തൊഴിൽ, വൈദ്യുതി, ആരോഗ്യം, എക്സൈസ്, ഭവനനിർമാണം, ഗ്രാമവികസനം, വനം, തുറമുഖം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തു.

നിയമസഭയിലേക്ക് 6 തവണ മത്സരിച്ച കടവൂർ 4 തവണ വിജയിച്ചു. 3 തവണ കൊല്ലത്തു നിന്നും ഒരിക്കൽ കുണ്ടറയിൽ നിന്നുമായിരുന്നു ജയം. 4 തവണയും മന്ത്രിയായെന്ന പ്രത്യേകതയുമുണ്ട്. 1981ൽ കടവൂരിന്റെ കൂടി വോട്ടിന്റെ പിൻബലത്തിലാണു നായനാർ മന്ത്രിസഭയെ മറിച്ചിട്ടു കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയത്.

ആർഎസ്പിയുടെ വിദ്യാർഥി വിഭാഗമായ പ്രോഗ്രസീവ് സ്റ്റു‍‍‍ഡന്റ്സ് യൂണിയൻ പ്രസിഡന്റ്, യുടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി, ആർഎസ്പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. എൻ.ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ രൂപം കൊണ്ട ആർഎസ്പി (എസ്) ശ്രീകണ്ഠൻ നായരുടെ മരണശേഷം കോൺഗ്രസിൽ ലയിച്ചു. പിന്നീട്  2 തവണ കെപിസിസി ജനറൽ സെക്രട്ടറിയായി. 6 വർഷം കൊല്ലം ഡിസിസി പ്രസിഡന്റായും പ്രവർത്തിച്ചു. രാജ്യത്ത് ആദ്യമായി തൊഴിലാളി ക്ഷേമനിധി ബോർ‍ഡ് രൂപീകരിച്ചത് കടവൂർ തൊഴിൽ മന്ത്രി ആയിരിക്കെയാണ്.

ഭാര്യ: പരേതയായ ആർ. വിജയമ്മ (റിട്ട.പ്രഥമാധ്യാപിക, ഗേൾസ് ഹൈസ്കൂൾ തേവള്ളി.) മക്കൾ: ഡോ.എസ്.മിനി, എസ്.ഷാജി (എൻജിനീയർ). മരുമക്കൾ: പ്രേംകുമാർ (സാറ്റലൈറ്റ് ഡിവിഷൻ പ്രോജക്ട് ഡയറക്ടർ, ഐഎസ്ആആർഒ, കർണാടക), ബിന്ദു.

കടവൂർ ശിവദാസന് അന്ത്യാഞ്ജലി

കൊല്ലം ∙ മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കടവൂർ ശിവദാസന് (89) നാടിന്റെ അന്ത്യാഞ്ജലി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.45ന് ആയിരുന്നു അന്ത്യം. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA