ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാനെ തിരഞ്ഞെടുക്കുന്നതിനു സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർക്കണമെന്നാവശ്യപ്പെട്ടു മാണി വിഭാഗം ഒപ്പുശേഖരണം ആരംഭിച്ചു. ഇന്നലെ കെ.എം. മാണിയുടെ 41–ാം ചരമദിന പ്രാർഥനകൾക്കുശേഷം മാണി വിഭാഗം നേതാക്കൾ പാലായിൽ യോഗം ചേർന്നാണു തീരുമാനം. സംസ്ഥാന കമ്മിറ്റിയിലും പാർട്ടിയുടെ മറ്റു ഘടകങ്ങളിലും ഭൂരിപക്ഷം മാണി വിഭാഗത്തിനാണ്. പക്ഷേ, യോഗം വിളിക്കാൻ പി.ജെ. ജോസഫിനാണ് അധികാരം. ഈ പ്രതിസന്ധി മറികടക്കാനാണ് ഒപ്പുശേഖരണം.

ഭൂരിപക്ഷം സംസ്ഥാനകമ്മിറ്റി അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ സംസ്ഥാനകമ്മിറ്റി വിളിച്ചു ചേർക്കേണ്ടി വരും. മാണി വിഭാഗത്തിലെ 9 ജില്ലാ പ്രസിഡന്റുമാരും ഓർമദിനത്തിനെത്തി. ജോസഫ് വിഭാഗത്തിലെ ഇടുക്കി ജില്ലാ പ്രസിഡന്റ് ചടങ്ങിൽ പങ്കെടുത്തുവെങ്കിലും പാലക്കാട്, എറണാകുളം, തൃശൂർ ജില്ലാ പ്രസിഡന്റുമാർ വന്നില്ല. മാണി വിഭാഗത്തിലെ മലപ്പുറം ജില്ലാ പ്രസിഡന്റും എത്തിയില്ല.

ഇന്നലെ അനുരഞ്ജന ചർച്ചകൾ ആരംഭിക്കുമെന്നു കരുതിയിരുന്നു. കെ.എം. മാണിയുടെ കല്ലറയിലെ പ്രാർഥനയ്ക്കു ശേഷം പി.ജെ. ജോസഫും സി.എഫ്. തോമസും അടക്കമുള്ള നേതാക്കൾ ഉടൻ മടങ്ങി. നേതാക്കളാരും മാണിയുടെ വസതിയിൽ പോയതുമില്ല. ജോസ് കെ. മാണിയല്ലാതെ മറ്റൊരു ചെയർമാനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും ഇന്നലെ ചടങ്ങിനെത്തിയ ഭാരവാഹികളും എംഎൽഎമാരും അടക്കം ആവശ്യപ്പെട്ടതായി മാണി വിഭാഗം പറയുന്നു.

20 ന് കോട്ടയത്തു നടക്കുന്ന പാർട്ടി ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ ചടങ്ങ് ഫലത്തിൽ മാണി വിഭാഗത്തിന്റെ ശക്തിപ്രകടനമായി മാറും. മറ്റു പാർട്ടികളുടെ സംസ്ഥാന നേതാക്കളെയും അണി നിരത്താനാണു സംഘാടകർ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തെ അനുസ്മരണ യോഗത്തിന്റെ പേരിൽ ചെയർമാൻ തിരഞ്ഞെടുപ്പു നടത്താനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടു നൽകിയ കേസ് പിൻവലിക്കാനും മാണിവിഭാഗത്തിന് ആലോചനയുണ്ട്. കേസ് നീണ്ടു പോയാൽ തിരഞ്ഞെടുപ്പു വൈകിപ്പിക്കാൻ ജോസഫ് വിഭാഗത്തിനു സഹായമാകുമെന്ന അഭിപ്രായം ഉയർന്നതിനാലാണിത്. യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാമിനെതിരെ നടപടി ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com