കാരുണ്യ സ്പർശമായി കെ.എം. മാണിയുടെ ഓർമദിനം

km-mani-remembarance-day
മറയാതെ, കൈവിരൽതുമ്പിൽ! കെ.എം. മാണി അന്ത്യവിശ്രമം കൊള്ളുന്ന പാലാ കത്തീഡ്രൽ സെമിത്തേരിയിലെ കല്ലറയിൽ പ്രാർത്ഥനയ്ക്കെത്തിയ ഭാര്യ കുട്ടിയമ്മ കെഎം മാണിയുടെ ചിത്രത്തിൽ തൊട്ടു വിതുമ്പുന്നു. മകൾ സ്മിതയും മരുമകൾ നിഷ ജോസും സമീപം.
SHARE

പാലാ ∙ നിരാലംബരായവർക്കു സാന്ത്വന സ്പർശമായി കെ.എം. മാണിയുടെ 41–ാം ചരമദിനം കുടുംബാംഗങ്ങൾ ആചരിച്ചു. തർക്കങ്ങൾക്ക് അവധി നൽകി പി.ജെ. ജോസഫും സി.എഫ്. തോമസും അടക്കമുള്ള കേരള കോൺഗ്രസ് (എം) നേതാക്കൾ പള്ളിയിലെ പ്രാർഥനാ ചടങ്ങുകളിൽ  പങ്കെടുത്തു.

കെ.എം. മാണി അന്ത്യവിശ്രമം കൊള്ളുന്ന  പാലാ കത്തീഡ്രൽ പള്ളിയിൽ നടന്ന പ്രാർഥനകൾക്കു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കാർമികത്വം വഹിച്ചു. രാവിലെ 9 മണിയോടെ കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, മകൻ ജോസ് കെ. മാണി എംപി എന്നിവരും മറ്റു മക്കളും കുടുംബാംഗങ്ങളും എത്തി. 10 മണിയോടെ എത്തിയ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് മുൻനിരയിൽ ജോസ് കെ. മാണിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പ്രാർഥനയിൽ പങ്കു ചേർന്നു. ചടങ്ങുകൾക്കു ശേഷം കല്ലറയിൽ പ്രാർഥന നടത്തി.

എംഎൽഎമാരായ സി.എഫ്. തോമസ്, ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ്, റോഷി അഗസ്റ്റിൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം, കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ, തോമസ് ഉണ്ണിയാടൻ, ജോസഫ് എം പുതുശേരി  എന്നിവരും മറ്റു സംസ്ഥാന, ജില്ലാ നേതാക്കളും എത്തി. ചടങ്ങുകൾക്കു ശേഷം നേതാക്കൾ മടങ്ങി. കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ ഒഴികെ മറ്റ് യുഡിഎഫ് നേതാക്കളാരും ഉണ്ടായിരുന്നില്ല.

കാരുണ്യദിനാചരണത്തിന്റെ ഭാഗമായി പ്രാർഥനയ്ക്കു ശേഷം കുടുംബാംഗങ്ങൾ കിഴതടിയൂർ മരിയ സദനത്തിലെ അന്തേവാസികൾക്കൊപ്പം ഭക്ഷണം കഴിച്ചു. കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ, മക്കളും കുടുംബാംഗങ്ങളും ചേർന്നാണ് അന്തേവാസികൾക്കു ഭക്ഷണം വിളമ്പിയത്. കോട്ടയം ജില്ലയിലെ അനാഥ മന്ദിരങ്ങളിലും വൃദ്ധ സദനങ്ങളിലും ഭക്ഷണം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA