ADVERTISEMENT

ആലപ്പുഴ ∙ വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വൈകാതെ നൽകാൻ പുതിയ സംവിധാനമായി. ആനുകൂല്യങ്ങൾ വൈകിക്കുന്നതിലൂടെ സർക്കാരിനു പലിശയിനത്തിലുണ്ടാകുന്ന നഷ്ടം ഒഴിവാക്കുകയാണു ലക്ഷ്യം. വിരമിക്കുന്ന ദിവസം തന്നെ ആനുകൂല്യങ്ങൾ നൽകാനായി നടപടികൾ മൂന്നായി വിഭജിക്കും.

കേസുകളോ അച്ചടക്ക നടപടിയോ നേരിടുന്നവർ ഒഴികെയുള്ളർക്കു വിരമിക്കുന്ന ദിവസം തന്നെ പെൻഷനും കമ്യുട്ടേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളും അനുവദിച്ച് അക്കൗണ്ടന്റ് ജനറലിൽ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്ന് മേലധികാരി ഉറപ്പാക്കും. കേസുകളോ അച്ചടക്ക നടപടികളോ ഉള്ളവർക്ക് അതിൽ തീർപ്പുണ്ടായ ശേഷമേ ആനുകൂല്യങ്ങൾ അനുവദിക്കൂ. അതുവരെ താൽക്കാലിക പെൻഷൻ നൽകും.

വിരമിക്കുമ്പോൾ അച്ചടക്ക നടപടി നിലവിലുണ്ടെങ്കിൽ ഒരു വർ‍ഷത്തിനകം പൂർത്തിയാക്കും. ഡിസിആർജി അനുവദിക്കുന്നതു വൈകിയതിനു കോടതി ഉത്തരവു വഴി പലിശ നൽകേണ്ടി വന്നാൽ വൈകിച്ച ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കും. ഓരോ വർഷവും ജനുവരി 1 മുതലും ജൂലൈ 1 മുതലും, 18 മാസത്തിനകം വിരമിക്കുന്നവരുടെ പട്ടിക ഓഫിസ് മേലധികാരിക്കും പ്രിസം സോഫ്റ്റ്‌വെയറിലേക്കും നൽകും. പട്ടികയിലുള്ളവർ പെൻഷൻ‍ അപേക്ഷ സമയബന്ധിതമായി നൽകിയിട്ടുണ്ടെന്നും ഉറപ്പാക്കും.

എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ ശുപാർശ അധ്യയന വർ‍ഷം കഴിയാൻ കാത്തുനിൽക്കാതെ വിരമിക്കൽ തീയതിക്ക് 6 മാസം മുൻപ് നൽ‍കിയെന്ന് സ്ഥാപന അധികാരി ഉറപ്പാക്കും. ഭാവിയിൽ ഉണ്ടായേക്കാവുന്ന ശമ്പള വർധനയ്ക്കു കാത്തുനിൽക്കാതെ, പെൻഷൻ അപേക്ഷ നൽകുന്ന സമയത്തെ സേവന, വേതന വ്യവസ്ഥകൾ അനുസരിച്ചു പെൻഷൻ ആനുകൂല്യങ്ങൾ തിട്ടപ്പെടുത്തി മേലധികാരി സാങ്ഷനിങ് അതോറിറ്റിക്കോ അക്കൗണ്ടന്റ് ജനറലിനോ നൽകും.

ജീവനക്കാരന്റെ ഓഫിസ് മാറ്റത്തിന്റെ സമയത്ത് ബാധ്യതയുണ്ടെങ്കിൽ അവസാന ശമ്പള സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയും ഉടൻ ഈടാക്കുകയും ചെയ്യും. ജീവനക്കാരൻ വിരമിച്ച് ഒരാഴ്ചയ്ക്കുള്ളിൽ അവസാന ശമ്പള സർട്ടിഫിക്കറ്റ് ട്രഷറി ഓഫിസർക്കു നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com