ADVERTISEMENT

കണ്ണൂർ ∙ കീഴുദ്യോഗസ്ഥരുടെ അസമയത്തെ ഫോൺ വിളിയിൽ പൊറുതിമുട്ടി ജയിൽ വകുപ്പു മേധാവി. നിസ്സാര കാര്യത്തിനു കീഴുദ്യോഗസ്ഥർ മൊബൈൽ ഫോണിൽ തന്നെ വിളിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മൂന്നാമത്തെ സർക്കുലർ ഡിജിപി ആർ. ശ്രീലേഖ പുറത്തിറക്കി. അവസാനത്തെ രണ്ടു സർക്കുലർ ഒരാഴ്ചത്തെ ഇടവേളയിലാണ്.

നിസ്സാര കാര്യങ്ങൾക്ക് കീഴുദ്യോഗസ്ഥർ സമയം നോക്കാതെ നേരിട്ടു ഡിജിപിയെ വിളിച്ചുതുടങ്ങിയപ്പോൾ ഒരു വർഷം മുൻപാണ് ആദ്യ സർക്കുലർ ഇറക്കിയത്. നേരിട്ടുള്ള വിളി ഒഴിവാക്കണമെന്നും മേലുദ്യോഗസ്ഥർ വഴി മാത്രമേ തന്നെ വിളിക്കാവൂ എന്നുമായിരുന്നു സർക്കുലർ. നിസ്സാര കാര്യത്തിനു വിളിച്ച ചില ഉദ്യോഗസ്ഥർക്കു ജയിൽ പരിശീലന കേന്ദ്രത്തിലേക്കു സ്ഥലംമാറ്റം കിട്ടുകയും ചെയ്തു. സർക്കുലർ പാലിക്കപ്പെടുന്നില്ലെന്നു കാണിച്ചു കഴിഞ്ഞ 8നാണു ഡിജിപി രണ്ടാമത്തെ സർക്കുലർ ഇറക്കിയത്. ജയിലിൽ അടിയന്തര സാഹചര്യമുണ്ടായാൽ ഉദ്യോഗസ്ഥർ ജയിൽ മേധാവിയെയോ, മേഖലാ ഡിഐജിയെയോ വേണം വിളിക്കാനെന്നും അവർ മാത്രമേ തന്നെ വിളിക്കാൻ പാടുള്ളൂവെന്നുമായിരുന്നു സർക്കുലർ. ഗുരുതരമായ ക്രമസമാധാന പ്രശ്നം, ജയിൽചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി ഡിജിപി ചൂണ്ടിക്കാട്ടിയത്.

എന്നാൽ തടവുകാരുടെ അകമ്പടിക്കു പൊലീസുകാരെ കിട്ടുന്നില്ലെന്നും മറ്റുമുള്ള പരാതികളുമായി വീണ്ടും ഡിജിപിക്കു നേരിട്ടു കോളുകൾ എത്തി. അസി. പ്രിസൺ ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇങ്ങനെയുള്ള കാര്യങ്ങൾ മേലുദ്യോഗസ്ഥരെയോ, പ്രിസൺ കൺട്രോൾ റൂമിലോ അറിയിക്കുന്നതിനു പകരം അർധരാത്രി നേരിട്ടു ഡിജിപിയുടെ ഫോണിൽ വിളിച്ചത്. തടവുകാരുടെ അസുഖത്തെക്കുറിച്ചു വിശദീകരിക്കാനായും ചിലർ വിളിച്ചു. അസമയത്ത് നേരിട്ട് ഇങ്ങനെ വിളിക്കുന്നതിനെക്കുറിച്ചു ചോദിച്ചാൽ നിവൃത്തികേടുകൊണ്ടാണ് എന്നും മറ്റുമാണു കീഴുദ്യോഗസ്ഥരുടെ മറുപടി. ഇതോടെയാണ് ഒരാഴ്ചയ്ക്കകം മൂന്നാമത്തെ സർക്കുലർ ഇറക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com