ADVERTISEMENT

കൊല്ലം ∙ ഉന്മൂലനസിദ്ധാന്തത്തിന്റെ കനൽവഴികളിലൂടെ, വിപ്ലവ സോഷ്യലിസത്തിന്റെ ചുവപ്പൻ വഴികളിലൂടെ, കോൺഗ്രസിന്റെ ജനാധിപത്യ സിദ്ധാന്തങ്ങളിൽ തിളങ്ങി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയി, കൊല്ലത്തിന്റെ പ്രിയപ്പെട്ട ശിവദാസൻ വക്കീൽ. ആത്മീയതയുടെ ധ്യാനനിമിഷങ്ങൾക്കു സാക്ഷിയായ ആനന്ദവല്ലീശ്വരത്തെ ആ കൊച്ചുവീട് തനിച്ചായി. കൊല്ലത്തുകാർ ശിവദാസൻ വക്കീൽ എന്നു പേരെടുത്തു വിളിച്ചു, കടവൂർ ശിവദാസൻ എന്ന നേതാവിനെ. കൊല്ലം കമ്പോളത്തിലെ തൊഴിലാളികളുടെ കേസും പറഞ്ഞു കോടതിയിൽ ഘോരഘോരം വാദിച്ച വക്കീലിനെ നാട്ടുകാർ മറ്റെന്തു വിളിക്കാൻ... ?

വൃശ്ചിക മാസത്തിലെ പുണർതം നക്ഷത്രക്കാരൻ കുട്ടിക്കാലത്തു പുറമേ വലിയ ശാന്തനായിരുന്നു. പക്ഷേ, മുതിർന്നു തുടങ്ങിയപ്പോൾ, ആദ്യം ആകൃഷ്ടനായത് ആരിലെന്നോ...? അരയിൽ റിവോൾവർ തിരുകിവച്ചു ഘനഗംഭീര ശബ്ദത്തിൽ പ്രസംഗിക്കുന്ന പ്രാക്കുളം സ്ഥാണുദേവൻ എന്ന കമ്യൂണിസ്റ്റ് നേതാവിൽ. പിന്നെ, തൊഴിലാളിവർഗ പോരാട്ടങ്ങൾ ലോകക്രമത്തെ മാറ്റിമറിക്കുമെന്നു വാദിച്ച ടി.കെ.ദിവാകരൻ എന്ന ആർഎസ്പി നേതാവിൽ. അങ്ങനെ പഠനകാലത്തു തന്നെ കടവൂർ കമ്യൂണിസ്റ്റായി. പൊലീസിനു പെട്ടെന്നു കടന്നുവരാനാവാത്ത സ്ഥലമായിരുന്നതിനാൽ തൃക്കടവൂർ എന്ന കായലോര ഗ്രാമം കമ്യൂണിസ്‌റ്റ് നേതാക്കളുടെ ഒളിത്താവളമായിരുന്നു.

ടി.കെ.ദിവാകരൻ ഉൾപ്പെടെയുള്ള നേതാക്കൾക്കു കടവൂരിന്റെ കുടുംബവീട് അങ്ങനെ ഒളിത്താവളമായി. കാവിള സംസ്‌കൃത സ്‌കൂളിൽ പഠിക്കവേ, നേതാക്കളെ വള്ളത്തിൽ അക്കരയിക്കരെ എത്തിക്കുന്ന ജോലിയായിരുന്നു കടവൂരിന്. എന്നാൽ ‘കൽക്കട്ട തീസിസ് തെറ്റായിപ്പോയി, പിൻവലിക്കുന്നു’ എന്നു പാർട്ടി പ്രഖ്യാപിച്ചപ്പോൾ കടവൂർ ആ പടിയിറങ്ങി. ചെന്നുനിന്നത് ആർഎസ്പിയിൽ. കൊല്ലം എസ്‌എൻ കോളജിലും ലോ അക്കാദമിയിലും പഠിക്കുമ്പോൾ പിഎസ്‌യു നേതാവായി. ലോ കോളജ് വിട്ടതോടെ ട്രേഡ് യൂണിയൻ രംഗത്തായി ശ്രദ്ധ. യുടിയുസിയുടെ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി, ആർഎസ്‌പി സംസ്‌ഥാന കമ്മിറ്റിയംഗവും.

ടി.കെ.ദിവാകരന്റെ മരണത്തോടെ ആർഎസ്‌പിയിൽ വലിയ മാറ്റങ്ങളുണ്ടായി. അന്നു പാർട്ടിയിൽ ടികെയുടെയും ബേബി ജോണിന്റെയും നേതൃത്വത്തിൽ ഇരുചേരികൾ ശക്‌തമായിരുന്നു. ടികെയുടെ പെട്ടെന്നുള്ള മരണം ഈ ചേരിയിലായിരുന്ന കടവൂർ ഉൾപ്പെടെയുള്ളവരെ രാഷ്‌ട്രീയ അനാഥാവസ്‌ഥയിലെത്തിച്ചു. പാർട്ടി സെക്രട്ടറി സ്‌ഥാനത്തെത്തിയ ബേബി ജോണും എൻ. ശ്രീകണ്‌ഠൻ നായരും തമ്മിലായി പോര്. പോരിനൊടുവിൽ ശ്രീകണ്ഠൻ നായർ അനുകൂലികളെ പാർട്ടിയിൽ നിന്നു പുറത്താക്കി. ശ്രീകണ്‌ഠൻ നായർ സെക്രട്ടറിയായി ആർഎസ്‌പി (എസ്) അങ്ങനെ നിലവിൽ വന്നു. പാർട്ടിയുടെ ഏക എംഎൽഎയായി കടവൂരും.

ആ ഒറ്റ വോട്ട്

ആർഎസ്‌പിയുടെ പിളർപ്പിനൊപ്പം കേരള രാഷ്‌ട്രീയത്തിലും വലിയ ചലനങ്ങളുണ്ടായി. എ.കെ.ആന്റണിയും കെ.എം.മാണിയും ഉൾപ്പെടെയുള്ളവർ ഇടതുചേരി വിട്ടു. മന്ത്രിസഭ രൂപീകരിക്കാൻ ഒരു എംഎൽഎയുടെ കുറവ്. ആർഎസ്‌പി(എസി)യെയും ഘടകകക്ഷിയായി അംഗീകരിക്കണമെന്നു സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും ബേബി ജോണിന്റെ എതിർപ്പു മൂലം നടന്നില്ല. ആന്റണിയും കൂട്ടരും കോൺഗ്രസ് പാളയത്തിലേക്കു മടങ്ങിയപ്പോൾ സിപിഎം പിന്നാലെ വന്നു. പക്ഷേ, ശ്രീകണ്‌ഠൻ നായരുടെ തീരുമാനം ഉറച്ചതായിരുന്നു. കടവൂർ ശിവദാസന്റെ ഒറ്റ വോട്ട് മൂലം നായനാർ മന്ത്രിസഭ വീണു. കെ.കരുണാകരന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നു. കടവൂർ തൊഴിൽ മന്ത്രിയുമായി. ശ്രീകണ്ഠൻ നായരുടെ മരണത്തോടെ ആർഎസ്പി(എസ്) പിരിച്ചുവിട്ടു കോൺഗ്രസിൽ ചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com