ADVERTISEMENT

കണ്ണൂർ∙ കള്ളവോട്ട് ചെയ്‌തതായി കണ്ടെത്തിയ കാസർകോട്, കണ്ണൂർ ലോക്‌സഭാ മണ്ഡലങ്ങളിലെ 7 ബൂത്തുകളിൽ നടത്തിയ റീപോളിങ്ങിൽ വോട്ടിങ് ശതമാനം കുറഞ്ഞു. റീപോളിങ് സമാധാനപരമായിരുന്നു. മുഖാവരണമിട്ട് എത്തിയവരെ അതു നീക്കം ചെയ്‌തു തിരിച്ചറിഞ്ഞ ശേഷമാണ് ഉദ്യോഗസ്‌ഥർ വോട്ട് ചെയ്യാൻ അനുവദിച്ചത്. ഈ നടപടിയുമായി വോട്ടർമാർ സഹകരിച്ചു.

തന്റെ വോട്ട് മറ്റൊരാൾ ചെയ്‌തതിനെ തുടർന്നു കഴിഞ്ഞ തവണ വോട്ടവകാശം വിനിയോഗിക്കാൻ കഴിയാതെ വന്ന കെ.ജെ.ഷാലറ്റ് ഇന്നലെ പിലാത്തറ ബൂത്തിൽ വോട്ട് ചെയ്‌തു. മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ എൽഡിഎഫ് പ്രവർത്തകർ അവർക്കു നേരെ പ്രതിഷേധമുയർത്തി. പൊലീസ് സഹായത്തോടെയാണ് ഷാലറ്റ് തിരിച്ചു പോയത്.

കള്ളവോട്ട് ചെയ്‌തുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത പത്മിനി പിലാത്തറ ബൂത്തിലും തരക്കാട് സ്വദേശി ശ്യാംകുമാർ കൂളിയാട് ജിയുപിഎസ് സ്കൂളിലും വോട്ട് ചെയ്തു.

ഒരു ബൂത്തിൽ വോട്ടിങ് യന്ത്രം കേടായതിനെ തുടർന്ന് അൽപനേരം പോളിങ് തടസ്സപ്പെട്ടു. പാമ്പുരുത്തി ബൂത്തിൽ വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ റജിസ്‌റ്ററിലുള്ള കണക്കും പൊരുത്തപ്പെടാതെ വന്നത് ആശയക്കുഴപ്പമുണ്ടാക്കി. ബൂത്തുകളിൽ വെബ് കാസ്‌റ്റിങ്ങിനു പുറമേ വിഡിയോ കവറേജും ഏർപ്പെടുത്തിയിരുന്നു.

റീപോളിങ് നടന്ന ബൂത്തുകളിലെ ഇന്നലത്തെ പോളിങ് ശതമാനം. 23ലെ പോളിങ് ശതമാനം ബ്രാക്കറ്റിൽ.

കാസർകോട് ലോക്‌സഭാ മണ്ഡലം
∙ കൂളിയോട് ജിഎച്ച്‌എസ് ബൂത്ത് 48– 84.14 (88.9),
∙ പിലാത്തറ യുപി സ്‌കൂൾ ബൂത്ത് 19– 83.04 (88.82),
∙ പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂൾ ബൂത്ത് 69– 77.77 (80.08), ബൂത്ത് 70– 71.76 (79.16),

കണ്ണൂർ ലോക്‌സഭാ മണ്ഡലം
∙ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂൾ ബൂത്ത് 166– 82.81 (82.95),
∙ ധർമടം കുന്നിരിക്ക യുപി സ്‌കൂൾ ബൂത്ത് 52– 88.86 (91.32), ബൂത്ത് 53– 85.08 (89.05).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com