ADVERTISEMENT

കൊച്ചി ∙ സിറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സമൂഹമധ്യത്തിൽ അപമാനിക്കാൻ വൈദികർ അടക്കമുള്ളവർ വ്യാജരേഖ ഉണ്ടാക്കിയെന്ന വാദം കോടതിയിൽ ആവർത്തിച്ച് അന്വേഷണ സംഘം. നഗരത്തിലെ ആഡംബര ഹോട്ടലുകളിലേക്കു കർദിനാളിന്റെ അക്കൗണ്ടിൽനിന്നു ലക്ഷങ്ങൾ കൈമാറിയെന്നു വരുത്തിത്തീർക്കാനുള്ള വ്യാജരേഖകൾ നിർമിച്ചെന്നാണ് കേസ്. വ്യാജരേഖ നിർമിച്ചതായി പൊലീസ് ആരോപിക്കുന്ന കോന്തുരുത്തി സ്വദേശി ആദിത്യ സക്കറിയ(24)യുടെ റിമാൻഡ് റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. സംഭവത്തിൽ ആഴത്തിലുള്ള ഗൂഢാലോചന നടന്നതായും പൊലീസ് ആരോപിക്കുന്നു. ഫാ. പോൾ തേലക്കാട്ട് ഒന്നാം പ്രതിയായ കേസിൽ കർദിനാളിന്റെ മുൻ സെക്രട്ടറി ഫാ. ആന്റണി കല്ലൂക്കാരനെ പൊലീസ് നാലാം പ്രതിയാക്കി.

മൂന്നാം പ്രതി ആദിത്യ സക്കറിയയുടെ സ്വകാര്യ ഇമെയിലിൽ നിന്നാണ് വ്യാജരേഖ ഫാ. പോൾ തേലക്കാട്ടിന്റെ മെയിലിലേക്കു വന്നത്. ഈ വർഷം ജനുവരി 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സിനഡിൽ ഈ രേഖകൾ സമർപ്പിച്ച് കർദിനാളിനെ അപമാനിക്കുകയായിരുന്നു പ്രതികളുടെ ഗൂഢ ലക്ഷ്യമെന്നും പൊലീസ് കുറ്റപ്പെടുത്തുന്നു. കർദിനാളിന്റെ പേരിൽ ആദിത്യ വ്യാജ ബാങ്ക് രേഖകൾ ഉണ്ടാക്കിയതായി സംശയിക്കുന്ന കംപ്യൂട്ടർ സൈബർ വിദഗ്ധരുടെ സാന്നിധ്യത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിലുള്ള അക്കൗണ്ടിൽനിന്നു 2016 സെപ്റ്റംബർ 21ന് ലുലു കൺവൻഷൻ സെന്ററിന്റെ അക്കൗണ്ടിലേക്ക് 8.93 ലക്ഷം രൂപയും ഒക്ടോബർ 12നു മാരിയറ്റ് കോർട്ട് യാഡ് ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് 16 ലക്ഷം രൂപയും 2017 ജൂലൈ 9നു മാരിയറ്റ് ലുലു ഹോട്ടലിന്റെ അക്കൗണ്ടിലേക്ക് 85,000 രൂപയും മാറിയെന്നു വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതിനു പുറമേ മാരിയറ്റ് വെക്കേഷൻ ക്ലബിൽ കർദിനാളിന് അംഗത്വമുണ്ടെന്നും ലുലു മാളിൽ കർദിനാളിന്റെ നേതൃത്വത്തിൽ 15 പേർ യോഗം ചേർന്നെന്നുമുള്ള വ്യാജരേഖകൾ പ്രതികളുണ്ടാക്കിയെന്നും പൊലീസ് പറയുന്നു.

2018 ഓഗസ്റ്റ് 20 മുതലുള്ള തീയതികളിലാണ് ഇതിനായുള്ള രേഖകൾ ഉണ്ടാക്കി തുടങ്ങിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആദിത്യ സക്കറിയ കേസിലെ നിർണായക പ്രതിയാണെന്നും ഇയാളെ 3 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം തൃക്കാക്കര മജിസ്ട്രേട്ട് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് ക്രൂരമായി പീഡിപ്പിച്ചു: ആദിത്യ

കൊച്ചി ∙ കർദിനാളിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്ന കേസിൽ കുറ്റം സമ്മതിപ്പിക്കാൻ പൊലീസ് ക്രൂരമായി പീഡിപ്പിച്ചതായി മൂന്നാം പ്രതി ആദിത്യ സക്കറിയ. കാക്കനാട് മജിസ്ട്രേട്ട് മുൻപാകെ ആദിത്യ ഇക്കാര്യം ബോധിപ്പിച്ചു. കുറ്റസമ്മതം നടത്താൻ നിർബന്ധിച്ച പൊലീസ് ഉള്ളംകാലിൽ അടിച്ചു. കാലിലെ നഖം പിഴുതെടുക്കാൻ ശ്രമിച്ചു. കേസിൽ ഫാ.ആന്റണി കല്ലൂക്കാരന്റെ പേരു പറയാൻ അന്വേഷണ ഉദ്യോഗസ്ഥൻ നിർബന്ധിച്ചതായും ആദിത്യ മജിസ്ട്രേട്ടിനോടു പരാതിപ്പെട്ടു. പ്രതിയുടെ വൈദ്യപരിശോധന നടത്താൻ കോടതി നിർദേശിച്ചു. പ്രതിയുടെ ജാമ്യാപേക്ഷയിൽ ഇന്നു വാദം തുടരും.

വ്യാജരേഖ: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി∙ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജ അക്കൗണ്ട് രേഖകളുണ്ടാക്കിയെന്ന് ആരോപിച്ചുള്ള കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണ പത്രിക തേടി. കേസിൽ പ്രതിചേർത്തതിന് എതിരെ ഫാ. പോൾ തേലക്കാട്ട്, മാർ ജേക്കബ് മനത്തോടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് നിർദേശം. കേസ് നാളെ പരിഗണിക്കും. കർദിനാൾ വ്യാജ ബാങ്ക് അക്കൗണ്ട് നിലനിർത്തി ഇടപാടുകൾ നടത്തുന്നുവെന്നു വരുത്തിത്തീർക്കാൻ വ്യാജരേഖ ചമച്ചതായി ആരോപിച്ചാണ് കേസ്. 

പള്ളിയിൽ പരിശോധന തുടരുന്നു

കൊരട്ടി ∙ കർദിനാൾ മാർ ജോർജ് ആല‍ഞ്ചേരിക്കെതിരെ വ്യാജരേഖയുണ്ടാക്കിയ കേസിലെ പ്രതി ഫാ. ആന്റണി കല്ലൂക്കാരൻ വൈദിക ചുമതല നിർവഹിച്ചിരുന്ന സാൻജോ നഗർ സെന്റ് ജോസഫ് പള്ളിയിൽ രണ്ടാംദിവസവും പൊലീസ് പരിശോധന. വൈദികൻ താമസിച്ചിരുന്ന മതബോധന കേന്ദ്രത്തിലെ കംപ്യൂട്ടറുകളിൽ നിന്നുള്ള രേഖകൾ സൈബർ പൊലീസിന്റെ സഹായത്തോടെ  പകർത്തുന്നുണ്ട്.  ഡിലീറ്റ് ചെയ്ത ഫയലുകൾ തിരികെയെടുക്കാനും ശ്രമിക്കുന്നു.

ഭൂമി വിൽപന കേസിന് സ്റ്റേ

കൊച്ചി∙ എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ ഉള്ളവർക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് ജില്ലാ കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നേരത്തേ പെരുമ്പാവൂർ സ്വദേശി നൽകിയ സ്വകാര്യ അന്യായത്തിൽ കാക്കനാട് മജിസ്ട്രേട്ട് കോടതി റജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് 2 മാസത്തേക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്റ്റേ ചെയ്തത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സഭയുടെ ഫിനാൻസ് ഓഫിസർ ഫാ. ജോഷി പുതുവ, ഭൂമി വിൽപനയിലെ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. സഭയുടെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ 60 സെൻറ് വസ്തുവിന്റെ വിൽപനയുമായി ബന്ധപ്പെട്ടാണു പരാതിയുണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com