ADVERTISEMENT

തിരുവനന്തപുരം∙ കേരള പുനർനിർമാണത്തിനു പണം കണ്ടെത്താൻ ബജറ്റിൽ പ്രഖ്യാപിച്ച പ്രളയ സെസ് ജൂൺ ഒന്നുമുതൽ നടപ്പാക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ. 5 ശതമാനത്തിനു മുകളിൽ ചരക്ക്, സേവന നികുതി (ജിഎസ്ടി) ഈടാക്കുന്ന എല്ലാ സാധനങ്ങൾക്കും ഇതോടെ ജൂൺ മുതൽ 1% അധിക നികുതി (സെസ്) ചുമത്തും.

ഇതിലൂടെ വർഷം 600 കോടി രൂപ അധികം സമാഹരിക്കാമെന്നാണു പ്രതീക്ഷ. ജിഎസ്ടിക്കുമേൽ 1% അധിക സെസ് രണ്ടുവർഷത്തേക്ക് ഏർപ്പെടുത്താനാണു കേന്ദ്രാനുമതി. ഇതോടെ ചില അവശ്യവസ്തുക്കൾ ഒഴികെ 5 ശതമാനത്തിനു മുകളിൽ ജിഎസ്ടിയുള്ള നിർമാണ സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വസ്തുക്കൾക്കും വാഹനങ്ങൾക്കും വില ഉയരും. സ്വർണം,വെള്ളി,പ്ലാറ്റിനം ആഭരണങ്ങൾക്കു കാൽ ശതമാനം സെസ് ഏർപ്പെടുത്താനുള്ള നിർദേശം തൽക്കാലം നടപ്പാക്കേണ്ടെന്നാണു ധനവകുപ്പിന്റെ നിലപാട്. ഇതോടൊപ്പം സർക്കാർ സേവനങ്ങളുടെ നിരക്കു കൂട്ടുന്ന കാര്യവും ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളോട് അഭിപ്രായം ചോദിച്ചിരിക്കുകയാണ്.

പുനർനിർമാണത്തിനുള്ള തുക സമാഹരണം സംബന്ധിച്ച ധനവകുപ്പിന്റെ ശുപാർശ തത്വത്തിൽ അംഗീകരിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. ധനമന്ത്രി തോമസ് ഐസക് വിദേശത്തായതിനാൽ പങ്കെടുത്തില്ല. പെരുമാറ്റച്ചട്ടമുള്ള സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി വാങ്ങിയിട്ടേ തീരുമാനം നടപ്പാക്കൂ. ഏപ്രിൽ ഒന്നു മുതൽ പ്രളയ സെസ് ഏർപ്പെടുത്താനായിരുന്ന ബജറ്റ് നിർദേശം. ലോക്സഭാ തിരഞ്ഞെടുപ്പു മൂലമാണ് ഇതു നീട്ടിവച്ചത്.

പുനർനിർമാണം: കരടു രേഖ അംഗീകരിച്ചു

കേരള പുനർനിർമാണ വികസന പരിപാടിയുടെ കരടു രേഖ മന്ത്രിസഭ അംഗീകരിച്ചു. ഇതിന്റെ ചർച്ചയ്ക്കിടെയാണു ധനസമാഹരണ മാർഗങ്ങൾ കടന്നുവന്നത്. യുഎൻ ഏജൻസികൾ നൽകിയ പോസ്റ്റ്് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് (പിഡിഎൻഎ) പ്രകാരം 36,706 കോടി രൂപ പുനർനിർമാണത്തിനു വേണം. വിദേശ വായ്പകൾ അടക്കമുള്ള ധനസമാഹരണ മാർഗങ്ങളും ഇതിനായി പരിഗണിക്കേണ്ടിവരും. വരുമാനം വർധിപ്പിക്കാനും ചെലവു ക്രമീകരിക്കാനുള്ള മാർഗങ്ങളും കരടുരേഖയിൽ നിർദേശിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com