ADVERTISEMENT

ചെന്നൈ ∙ യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനുള്ള മനോരമ – ഐബിഎസ് യുവ മാസ്റ്റർമൈൻഡ് സീസൺ 9 വിജയികൾക്ക് ഐഎസ്ആർഒയുടെ ആദരം. ശ്രീഹരിക്കോട്ടയിൽ ഇന്നു നടക്കുന്ന റിസാറ്റ് 2 ബി വിക്ഷേപണത്തിനു മാസ്റ്റർമൈൻഡ് വിജയികൾ സാക്ഷ്യം വഹിക്കും.

മാസ്റ്റർമൈൻഡ് ഫിനാലെയിൽ മുഖ്യാതിഥിയായി എത്തിയ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ. ശിവനാണ് വിജയികളെ ക്ഷണിച്ചത്. സ്കൂൾ, കോളജ്, പൊതുവിഭാഗങ്ങളിലെ ആദ്യ 3 സ്ഥാനക്കാരായ 30 പേരടങ്ങുന്ന മാസ്റ്റർമൈൻഡ് സംഘം ഇന്നലെ രാത്രി ഐഎസ്ആർഒയുടെ അതിഥികളായി ശ്രീഹരിക്കോട്ടയിലെത്തി. വിക്ഷേപണത്തിനു ശേഷം ഡോ. കെ. ശിവൻ ഉൾപ്പെടെയുള്ളവരുമായി സംവദിക്കാനും ഇവർക്ക് അവസരം ലഭിക്കും. മാസ്റ്റർമൈൻഡ് ഫിനാലെയ്ക്ക് എത്തിയ ഡോ. ശിവൻ യുവ പ്രതിഭകളുടെ കണ്ടെത്തലുകൾ വിലയിരുത്തിയശേഷം സമ്മാനവിതരണച്ചടങ്ങിൽ ഐഎസ്ആർഒയുടെ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ അവസരമൊരുക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിരോധ മേഖലയിൽ ഉൾപ്പെടെ നിർണായക പ്രാധാന്യമുള്ള റിസാറ്റ് 2 ബി പിഎസ്എൽവി –സി 46 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപിക്കുക. സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഇന്നു പുലർച്ചെയാണ് വിക്ഷേപണം. പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് ആണ് മാസ്റ്റർമൈൻഡ് 9 പ്രായോജകർ. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് ഓഫ് എൻജിനീയറിങ് സാങ്കേതിക സഹായം നൽകുന്നു. മാസ്റ്റർമൈൻഡ് സീസൺ 10 വൈകാതെ പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com